
ഗീതാദര്‍ശനം - 667
Posted on: 13 Dec 2010
സി. രാധാകൃഷ്ണന്‍
മോക്ഷസംന്യാസയോഗം
രാജസസുഖം അതിന്റെ പാരമ്യത്തിലിരിക്കുക തുടക്കത്തിലാണ്. ഇളംചൂടുള്ള പാലട കൂമ്പിലയില്‍ വിളമ്പി ആ ഇലയൊന്നു ചെറുതായി വാടിയതില്‍പ്പിന്നെ അത് ആദ്യത്തെ വായ കഴിക്കുമ്പോഴാണ് പരമസുഖം. അടുത്ത വായ കഴിക്കുമ്പോള്‍ അത്രയും ഇല്ല. ഓരോ തവണ വായില്‍ എടുക്കുമ്പോഴും ആസ്വാദ്യത കുറയുന്നു. സാധനം അതുതന്നെയെന്നാലും, രണ്ടാമതു വിളമ്പിക്കിട്ടുന്നതിന് ആദ്യം വിളമ്പിയതിന്റെ സ്വാദില്ല. വയര്‍ നിറഞ്ഞാലും മനസ്സില്‍ സ്വാദ് ഏറെക്കുറെ ശേഷിക്കും. ഇനി വയ്യ എന്നിരിക്കെ വിളമ്പുകാരന്‍ വീണ്ടും ചോദിച്ചു വരുമ്പോള്‍ സങ്കടവും ദേഷ്യവും തോന്നും. കുറച്ചു കഴിഞ്ഞാലോ, അജീര്‍ണംകൊണ്ടുള്ള യാതനയായി.
അല്പം പ്രമേഹമുണ്ടെങ്കില്‍ പറയാനുമില്ല. കഴിക്കേണ്ട എന്നു മുന്‍പേ നിശ്ചയിക്കും. മണം കേള്‍ക്കുമ്പോള്‍ ഒരല്പം ആകാം എന്നു തിരുത്തും. എന്തായാലും മരുന്നു കഴിക്കണം, അര ഗുളിക കൂടുതലായി കഴിച്ചേക്കാം എന്നുകൂടി നിശ്ചയിക്കും. പായസം അകത്താകുന്നത് വരാനിരിക്കുന്ന വിഷമത്തിന്റെ ചിത്രത്തോടൊപ്പമാവും. അകത്തായിപ്പോയില്ലേ, ഇനി എന്തു ചെയ്യാന്‍ എന്ന സങ്കടത്തോടെയാണ് പിന്നെ ഇരിപ്പ്. രക്തത്തിലെ മധുരശതമാനം ഉയരുന്നതിന്റെ ഉപദ്രവം താന്‍തന്നെ സഹിക്കേണ്ടേ?
നല്ല രുചിയായാലും സുഖമുള്ള ഒരു തലോടലായാലും ഒരിക്കല്‍ കിട്ടിയ ഇന്ദ്രിയസുഖം വീണ്ടും അനുഭവിക്കാന്‍ കിട്ടാഞ്ഞാലുള്ള പരവേശം എന്തു പറയാന്‍! കിട്ടാനിരിക്കെയോ കിട്ടിക്കൊണ്ടിരിക്കെത്തന്നെയോ അതു നഷ്ടപ്പെടുമെന്ന ആശങ്കയും ദുഃഖകാരണംതന്നെ. വിലപിടിച്ച നിധി കൈയില്‍ കിട്ടുമ്പോഴത്തെ സന്തോഷമാകട്ടെ, അത് സൂക്ഷിക്കാനുള്ള ബദ്ധപ്പാടില്‍ ദുഃഖമായി മാറുകയും ചെയ്യുന്നു.
(തുടരും)
