githadharsanam

ഗീതാദര്‍ശനം - 655

Posted on: 29 Nov 2010

സി. രാധാകൃഷ്ണന്‍



മോക്ഷസംന്യാസയോഗം


ശരിയായ അറിവുണ്ടായാല്‍ പോരാ, ആ അറിവില്‍നിന്ന് ഉചിതമായ തീരുമാനങ്ങള്‍ ഉണ്ടാവുകയും വേണമെന്ന് ധ്വനി. അറിവ് അനുഭവമായിക്കിട്ടിയാലേ ഇത് നടക്കൂ. അനുഭവമുണ്ടായാല്‍ അതില്‍നിന്ന് അറിവ് ഉരുത്തിരിക്കുകയുമാവാം. ഭൂപടം നോക്കി നാടു കാണാം, നാടു കണ്ട് ഭൂപടം വരച്ചെടുക്കാം. നാടു കാണലാണ് പ്രധാനം, ഭൂപടമല്ല.

യയാ ധര്‍മമധര്‍മം ച
കാര്യം ചാകാര്യമേവ ച
അയഥാവത് പ്രജാനാതി
ബുദ്ധി ഃ സാ പാര്‍ഥ രാജസീ
അല്ലയോ കുന്തീപുത്രാ, യാതൊരു ബുദ്ധിയാലാണോ ധര്‍മത്തെയും അധര്‍മത്തെയും കാര്യത്തെയും അകാര്യത്തെയും യഥാര്‍ഥത്തിലുള്ളതിന് വിപരീതമായി കാണുന്നത്, ആ ബുദ്ധി രജോഗുണപ്രധാനമാണ്.
കല്യാണത്തിരക്കിനിടെ താലി കെട്ടാന്‍ മറക്കുന്ന അബദ്ധമാണ് രാജസബുദ്ധിക്കു പറ്റുന്നത്. പണമുണ്ടാക്കാന്‍ താത്പര്യവും അതിനായുള്ള സങ്കല്പങ്ങളും ധാരാളം. പക്ഷേ, പണം എങ്ങനെ സന്തോഷത്തോടെ വിനിയോഗിക്കാം എന്നറിയില്ല. ഇന്ദ്രിയസുഖങ്ങളോട് അമിതമായ താത്പര്യവും അവയെക്കുറിച്ചുള്ള സങ്കല്പങ്ങളും വേണ്ടതിലേറെയുണ്ട്, എന്നാല്‍ ഇവയില്‍നിന്നു കിട്ടുന്ന സുഖം ഇവയ്ക്കായി പുലര്‍ത്തുന്ന താത്പര്യത്തിനും ചെയ്യുന്ന പരദ്രോഹത്തിനും അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ക്കും തക്ക വലുതല്ല എന്നു മനസ്സിലാകുന്നുമില്ല. രാഗദ്വേഷങ്ങളില്‍ അഭിരമിക്കാനേ നേരമുള്ളൂ. അതിനാല്‍, പ്രപഞ്ചത്തിന്റെ അധിഷ്ഠാനമായ ശക്തിവിശേഷത്തെ അന്വേഷിക്കാനൊ കാണാനൊ അവസരം കിട്ടുന്നില്ല. അങ്ങനെ ഒന്നുണ്ടൊ എന്ന സംശയവും ഇല്ലെന്ന തോന്നലും ക്രമേണ ബലപ്പെടുന്നു. കര്‍മവും അകര്‍മവും കാര്യാകാര്യങ്ങളും ഭയാഭയങ്ങളും നേരെച്ചൊവ്വെ അറിയാന്‍ പിന്നെ പറ്റില്ല. അതിനാല്‍, തീരുമാനങ്ങള്‍ ശരിയാകാതെ പോകുന്നു. വാസനാബന്ധങ്ങള്‍ മുറുകുകയാണ് ഫലം.
(തുടരും)



MathrubhumiMatrimonial