
ഗീതാദര്‍ശനം - 651
Posted on: 24 Nov 2010
സി. രാധാകൃഷ്ണന്‍
മോക്ഷസംന്യാസയോഗം
ഇങ്ങനെയുള്ള ആളുകള്‍ക്ക് ഒരു കാര്യവും സൗമ്യമായി പറയാനൊ വിചാരിക്കാനൊ ചെയ്യാനൊ കഴിയില്ല. 'ശിവാരവിന്ദം മഹാഭാഷ്യം' പറയുന്നു: ''ഒരു നദിയില്‍ ചുഴികളില്‍ പെട്ട് ഉയര്‍ന്നും താഴ്ന്നും ഒഴുകുന്ന പദാര്‍ഥത്തെപ്പോലെ കര്‍മനദിയില്‍ രാഗദ്വേഷങ്ങളുടെയും സന്തോഷസന്താപങ്ങളുടെയും ചുഴികളില്‍ പെട്ട് സ്ഥിരമായ ലക്ഷ്യബോധമില്ലാതെ ഒഴുകുന്ന കര്‍ത്താവാണ് രജോഗുണപ്രധാനന്‍.''
അയുക്തഃ പ്രാകൃതഃ സ്തബ്ധഃ
ശഠോ നൈഷ്‌കൃതികോ f ലസഃ
വിഷാദീ ദീര്‍ഘസൂത്രീ ച
കര്‍ത്താ താമസ ഉച്യതേ
ഏകാഗ്രതയില്ലാത്ത മനസ്സോടുകൂടിയവനും പ്രാകൃതവികാരങ്ങള്‍ക്ക് അടിമപ്പെടുന്നവനും കടുംപിടിത്തക്കാരനും മറ്റുള്ളവര്‍ക്ക് 'പാര' പണിയുന്നവനും മടിയനും വിഷാദാത്മകനും ചെയ്യേണ്ട കാര്യങ്ങള്‍ നീട്ടിക്കൊണ്ടു പോകുന്നവനുമായ കര്‍ത്താവ് താമസനെന്ന് പറയപ്പെടുന്നു.
താമസമായ അറിവും താമസമായ കര്‍മവും താമസമായ കര്‍ത്താവുമായി ഒത്തു നില്‍ക്കുന്നു. ദര്‍ശനമില്ല, വിവേകമില്ല, താനാരാണെന്നറിയില്ല. ഒരു പണിയും മുഴുമിപ്പിക്കാന്‍ വേണ്ട ഏകാഗ്രത മനസ്സിനില്ല. മനുഷ്യന്റെ പ്രാകൃതവികാരങ്ങള്‍ കാമക്രോധങ്ങളാണ്. അടങ്ങാത്ത കാമവും ഹിംസാത്മകമായ ക്രോധവുമാണ് ഇവരുടെ രീതി. മൃദുവായി ഒന്നുമില്ല. ദുര്‍വാശി ഒരിക്കലും കൈവിടില്ല. കടുംപിടിത്തം സ്ഥിരം നയം. മറ്റുള്ളവരുടെ കുറ്റങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കും. മറ്റൊരാളുടെ കഞ്ഞിയില്‍ മണ്ണു വാരി ഇടാന്‍ തക്കം പാര്‍ക്കും. വല്ല നിവൃത്തിയുമുണ്ടെങ്കില്‍ ഒരു പണിയുമെടുക്കാതെ കഴിച്ചുകൂട്ടും. കുളിയും പല്ലുതേപ്പും വരെ നീട്ടി വെക്കും.
ജ്ഞാനം, കര്‍മം, കര്‍ത്താവ് എന്നിവയുടെ ഗുണഭേദങ്ങളെ ക്കുറിച്ച് പറഞ്ഞതില്‍നിന്ന് ഈ ഗുണഭേദങ്ങളുടെ അനേകം സങ്കരഭാവങ്ങള്‍ സങ്കല്പിക്കാവുന്നതാണ്. പ്രകൃതിയില്‍ ഒന്നിനും കൃത്യമായ അതിരിട്ടു വെച്ചിട്ടില്ല. കൂടിക്കുഴഞ്ഞും കലര്‍പ്പായും കാണുന്നു. ഓരോന്നിനെയും അതിന്റെ പ്രത്യേകതകള്‍ നോക്കി വേറിട്ട് അറിയണം. നമ്മെത്തന്നെ അറിയാനും വേണം ഈ മുന്‍വിധിയില്ലായ്മ. കള്ളി തിരിക്കാന്‍ തുടങ്ങിയാല്‍ ഓരോ മനുഷ്യനും ഓരോ കള്ളി വേണ്ടിവരും. മറ്റുള്ളവരെ കള്ളിതിരിക്കുമ്മുമ്പ് നാം ചെയ്യേണ്ടത് നമ്മുടെ കള്ളി ഏതെന്ന് തിരിച്ചറിഞ്ഞ് നില്‍ക്കക്കള്ളി കാണുകയാണ്.
(തുടരും)
