
ഗീതാദര്‍ശനം - 610
Posted on: 04 Oct 2010
സി. രാധാകൃഷ്ണന്‍
ശ്രദ്ധാത്രയവിഭാഗയോഗം
ഓം തത് സദിതി നിര്‍ദേശഃ
ബ്രഹ്മണസ്ത്രിവിധഃ സ്മൃതഃ
ബ്രാഹ്മണാസ്‌തേന വേദാശ്ച
യജ്ഞാശ്ച വിഹിതാഃ പുരാ
ബ്രഹ്മം ഓം, തത്, സത് എന്നിങ്ങനെ മൂന്നു വിധത്തില്‍ സ്മരിക്കപ്പെട്ടിരിക്കുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ബ്രഹ്മജ്ഞാനികളും ജ്ഞാനവും യജ്ഞകര്‍മങ്ങളും പണ്ടേ വ്യവച്ഛേദിക്കപ്പെട്ടിരിക്കുന്നത്.
('സ്വധര്‍മാനുഷ്ഠാനം ഉള്‍പ്പെടെ എല്ലാ കര്‍മചലനങ്ങളെയും പ്രതിനിധീകരിക്കുന്നതാണ് യജ്ഞപദം' - ശിവാരവിന്ദം മഹാഭാഷ്യം.)
ഓംകാരം സൃഷ്ടിസ്ഥിതിലയങ്ങളുടെ മൂലതത്ത്വമായ സ്പന്ദനക്രിയയെ അധികരിച്ചുള്ള ബ്രഹ്മവര്‍ണനയാണ്. വികാസം, സമം, സങ്കോചം എന്ന മൂന്നും ചേര്‍ന്നതാണ് സ്പന്ദം. അതുതന്നെയാണ് പ്രപഞ്ചമെന്നാല്‍. ഈ വസ്തുത സൂചിപ്പിക്കുന്നതിന് ഓംകാരം ഉപയോഗിക്കുന്നു. തത് എന്നു വിളിക്കുന്നത് ഏകീകൃതവും അതിനാല്‍ സമവസ്ഥിതവുമായ ബലത്തെയാണ്. അഥവാ, പുരുഷോത്തമനെയാണ്. മൊത്തം പ്രപഞ്ചത്തിന്റെ കാതലായ അക്ഷരസത്തയ്ക്ക് സത് എന്നു പറയുന്നു. ('സദേവ സൗമ്യ ഇദം ആഗ്രം ആസീത്' - 'കുഞ്ഞേ, സൃഷ്ടിക്കു മുമ്പ് സത് - ശുദ്ധമായ ഉണ്മ - മാത്രമേ ഉണ്ടായിരുന്നുള്ളൂ.') ഈശ്വരസ്മരണ ഉളവാക്കാനുള്ള നിര്‍ദേശകപദങ്ങളാണ് മൂന്നും. 'ഓം തത് സത്' എന്നത് ഒരു വാക്യമായി കരുതിയാല്‍ 'പരമാത്മസ്വരൂപംതന്നെയാണ് ശുദ്ധമായ (ആദിസത്തയും അതില്‍നിന്നുണ്ടായ ചരാചരങ്ങളെല്ലാതും)' എന്ന് അര്‍ഥം കിട്ടും. സത്തിലിരിക്കുന്ന തത്തിനെ ഓംകാരത്തിലൂടെ അറിഞ്ഞനുഭവിക്കാം.
ഇങ്ങനെ, ഒരുമിച്ചുവരുമ്പോള്‍, ബ്രഹ്മവിദ്യാസാരം പൂര്‍ണമായി അവതരിപ്പിക്കാന്‍ കഴിവുള്ള ഈ മൂന്നു ശബ്ദങ്ങളില്‍ ഓരോന്നും സ്വന്തം നിലയില്‍, ഓരോ ആശയസങ്കേതമാണ്. ഇവയില്‍നിന്നാണ് ബ്രഹ്മജ്ഞാനികളെയും ജ്ഞാനത്തെയും യജ്ഞകര്‍മങ്ങളെയും സംബന്ധിച്ച ധാരണകള്‍ ഉരുത്തിരിഞ്ഞത്. അതിനാല്‍, ഓരോന്നും വെവ്വേറെ എടുത്ത് പ്രസക്തിയും പ്രയോഗവും വിസ്തരിക്കുന്നു.
(തുടരും)
