githadharsanam

ഗീതാദര്‍ശനം - 555

Posted on: 26 Jul 2010

സി. രാധാകൃഷ്ണന്‍



ദൈവാസുര സമ്പദ്‌വിഭാഗയോഗം


ഈ ചോദ്യങ്ങളില്‍ എല്ലാറ്റിനുമുള്ള ഉത്തരങ്ങള്‍ ഒരുപോലേ ആശാസ്യമായാലേ പറ്റൂ എന്നുമില്ല. പരാമര്‍ശിക്കപ്പെടുന്ന സ്വഭാവവിശേഷങ്ങളും സാധനകളുമെല്ലാം ഒന്നിനോടൊന്ന് ബന്ധപ്പെട്ടിരിക്കുന്നു. ഏതെങ്കിലും ഒന്നെങ്കിലും ഒത്താല്‍ അതില്‍നിന്ന് മറ്റുള്ളതെല്ലാം കിളിര്‍ക്കും. അതായത്, നല്ല നടപ്പിന്റെ ലക്ഷണം നൂറു ശതമാനം തികഞ്ഞവരെയല്ല ആ മാര്‍ഗത്തില്‍ പിച്ചവെച്ചു നടക്കാന്‍ തുടങ്ങുന്നവരെയാണ് ആത്മപരിശോധനയ്ക്കു ക്ഷണിക്കുന്നത്. ക്ഷണമാണ്, പ്രലോഭനമോ താക്കീതോ അല്ല. ഈശ്വരനെ ഭയന്നനുസരിക്കാനല്ല, ഈശ്വരനെ അറിഞ്ഞ് ഈശ്വരനായിത്തീരാനാണ് ആഹ്വാനം. ചെയ്തികള്‍ എണ്ണിപ്പറഞ്ഞ് അനുസരിപ്പിക്കയോ വിലക്കുകയോ അല്ല, മനോഭാവം പാകപ്പെടുത്താന്‍ നിര്‍ദേശിക്കുകയാണ്. പാകപ്പെട്ടാല്‍ വാദിയും പ്രതിയും ന്യായാധിപനും ശിക്ഷകനും എല്ലാം അവനവന്‍തന്നെ ആയി. അതാണ് പരമോന്നത ന്യായപീഠം. കാരണം, അതിന്റെ കാഴ്ചപ്പാട് സര്‍വസമവസ്ഥിതമാണ്.

ഇത്തരമൊരു ആശാസ്യജീവിതം മുഴുവലുപ്പത്തില്‍ സാധ്യമാണോ? ഉദാഹരണത്തിന്, ഒന്നിനേയും ഹിംസിക്കാതെ ജീവിക്കാന്‍ കഴിയുമോ? ഹിംസ എന്നാല്‍ എന്തെന്ന് ശരിയായി അറിയാത്തതിനാലാണ് ഈ സംശയം. ഞാന്‍ വേറേ പ്രപഞ്ചം വേറേ എന്ന മനോഭാവമാണ് ഹിംസയുടെ കാതല്‍ എന്നിരിക്കേ എല്ലാം ഒന്നാണ് എന്ന വികാരം ഉറച്ചാല്‍ പിന്നെ യജ്ഞഭാവനയോടെയേ പ്രവര്‍ത്തിക്കാനാവൂ. വിഹിതകര്‍മം അതോടെ ഹിംസയല്ലാതാകുന്നു. അവിഹിതമായി ഹിംസ ചെയ്യാന്‍ കഴിയാതെയുമാവുന്നു. ('യസ്യ നാഹം കൃതോ ഭാവോ .... ന നിബധ്യതേ' - 18, 17). ദൃഷ്ടാന്തങ്ങളായി മാതൃകാജീവിതങ്ങള്‍ വേണ്ടുവോളം മുന്നിലുണ്ടുതാനും. കൊള്ളപ്പലിശക്കാരെ അടിച്ചോടിക്കാന്‍ വടിയെടുത്ത യേശുദേവന്‍, തന്നെ കുരിശിലേറ്റിയവരോടു പൊറുക്കണേ എന്നാണ് പ്രാര്‍ഥിക്കുന്നത്. ചുന്ദന്‍ എന്ന സാധു മനുഷ്യന്‍ നല്‍കിയ വിഷലിപ്തമായ ഭക്ഷണം കഴിക്കയാല്‍ മരിക്കുന്ന ബുദ്ധഭഗവാന്‍ ചുന്ദനെ അനുഗ്രഹിച്ചാണ് ദേഹം വെടിയുന്നത്. വിഷം വാങ്ങി സൗമ്യനായി കുടിക്കുന്ന സോക്രട്ടീസ് തനിക്ക് വധശിക്ഷ വിധിച്ചവരെയോ വിഷം നല്‍കിയവരെയോ നാട്ടുകാരെയോ ഒട്ടും വെറുക്കുന്നില്ല. ശപിച്ച് കുലനാശം വരുത്തുന്ന ഗാന്ധാരിയെയും മറഞ്ഞുനിന്ന് അമ്പെയ്ത വേധനെയും ശ്രീകൃഷ്ണന്‍ മന്ദഹാസത്തോടെയാണ് അഭിമുഖീകരിക്കുന്നത്.







MathrubhumiMatrimonial