മലയാളി വിദ്യാര്‍ഥിക്ക് 'എനര്‍ജി ഗ്ലോബ്' പുരസ്‌കാരം.

Posted on: 05 Jun 2015


ദുബായ്: കുട്ടികള്‍ക്കായി പരിസ്ഥിതി പ്രവര്‍ത്തനത്തിന്റെ പുത്തന്‍ കൂട്ടായ്മ രൂപവത്കരിച്ച മലയാളി വിദ്യാര്‍ഥിക്ക് പ്രശസ്തമായ 'എനര്‍ജി ഗ്ലോബ്' പുരസ്‌കാരം. ഷാര്‍ജ കേന്ദ്രമായി 'സ്റ്റുഡന്റ്‌സ് ഫോര്‍ ദ എര്‍ത്ത്' എന്ന സംഘടനയ്ക്ക് രൂപം നല്‍കുകയും വിദ്യാര്‍ഥികളെ പരിസ്ഥിതി സംരക്ഷണത്തിന്റെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയും മേഖലയിലേക്ക് കൈപിടിച്ചുയര്‍ത്തുകയും ചെയ്ത ജോര്‍ജ് സക്കറിയയെയാണ് ഏറെ പ്രശസ്തമായ അംഗീകാരം തേടിയെത്തിയത്. ഷാര്‍ജ ഔവര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്‌കൂളില്‍നിന്ന് 12-ാംതരം പൂര്‍ത്തിയാക്കിയ ജോര്‍ജ് സക്കറിയ ദുബായ് മുനിസിപ്പാലിറ്റിക്കൊപ്പമാണ് പുരസ്‌കാരം പങ്കിട്ടത്. ലോകപരിസ്ഥിതിദിനമായ ജൂണ്‍ അഞ്ചിന് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

ഓസ്ട്രിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'ഇന്റര്‍നാഷനല്‍ എനര്‍ജി ഗ്ലോബ്' യുനെസ്‌കോയുടെയും ഐക്യരാഷ്ട്രസഭാ എന്‍വയോണ്‍മെന്റല്‍ പ്രോഗ്രാമിന്റെ(യു.എന്‍.ഇ.പി.)യും സഹകരണത്തോടെയാണ് പുരസ്‌കാരം നല്‍കുന്നത്. 177 രാജ്യങ്ങളില്‍ നിന്നുള്ള വ്യക്തികളും സ്ഥാപനങ്ങളും കൂട്ടായ്മകളുമൊക്കെ പുരസ്‌കാരത്തിനായി രംഗത്തുണ്ടായിരുന്നു.
'സ്റ്റുഡന്റ്‌സ് ഫോര്‍ ദ എര്‍ത്ത്' സ്ഥാപിച്ച് സ്‌കൂള്‍ കേന്ദ്രീകരിച്ച് ജോര്‍ജ് നടത്തുന്ന പരിസ്ഥിതി പ്രവര്‍ത്തനങ്ങളും പുരസ്‌കാരത്തിനായി പരിഗണിച്ചു. 2013 ല്‍ തുടങ്ങിയ ഈ വിദ്യാര്‍ഥികൂട്ടായ്മ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നുണ്ട്. ആരുഷി മദന്‍ എന്ന വിദ്യാര്‍ഥിനിയാണ് ഇപ്പോള്‍ സംഘടനാ പ്രസിഡന്റ്.

ആറാം ക്ലാസുമുതല്‍ പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ സജീവമായ ജോര്‍ജ് സ്‌കൂളിലെ ഇക്കോ ക്ലബ്ബിന്റെ അമരക്കാരനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആഗോളതലത്തിലുള്ള വിദ്യാര്‍ഥികളില്‍ നിന്നുള്ള പരിസ്ഥിതി സംബന്ധിയായ സൃഷ്ടികള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് 'ഇക്കോ യൂത്ത്' എന്ന മാഗസിന്‍ തുടങ്ങിയതും ജോര്‍ജിന്റെ നേട്ടങ്ങളിലൊന്നാണ്.

പാഠ്യ, പാഠ്യേതര വിഷയങ്ങളിലെ മികവ് പരിഗണിച്ച് ദുബായ് ഉപഭരണാധികാരിയുടെ പേരില്‍ നല്‍കുന്ന 'ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ്' പുരസ്‌കാരത്തിനും ഷാര്‍ജ എക്‌സലന്‍സ് പുരസ്‌കാരത്തിനുമൊക്കെ ജോര്‍ജ് അര്‍ഹനായിട്ടുണ്ട്. ആലപ്പുഴ എടത്വ സ്വദേശികളായ സഖറിയ ജോര്‍ജിന്റെയും ലാജി സക്കറിയയുടെയും മകനാണ്. അനിയത്തി റോസ്മി ഷാര്‍ജ അവര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്‌കൂളില്‍ ഒമ്പതാംതരം വിദ്യാര്‍ഥിയാണ്. ഷാര്‍ജയിലാണ് കുടുംബം താമസിക്കുന്നത്.




1

 

ga