പ്രകൃതി സ്‌നേഹത്തിന്റെ ജീവനുള്ള തണല്‍മരങ്ങള്‍

Posted on: 05 Jun 2015


പേരാവൂര്‍: കഴിഞ്ഞ 15 വര്‍ഷങ്ങളായി വിനയരാജെന്ന പ്രകൃതിസ്‌നേഹി റോഡരികില്‍ നട്ടുവളര്‍ത്തിയത് വൈവിധ്യങ്ങളായ മരങ്ങളാണ്. നിത്യവും താന്‍ കടന്നു പോകുന്ന വഴിയോരങ്ങളില്‍ സ്വന്തമായി നട്ടു വളര്‍ത്തിയ മരം കാണുമ്പോള്‍ ലഭിക്കുന്ന ആത്മസംതൃപ്തി ജീവനു തുല്യമാണെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.

നടന്നു പോകുന്നവര്‍ക്ക് വെയിലേല്ക്കാതിരിക്കാനാണ് 15 വര്‍ഷം മുന്‍പ് റോഡരികുകളില്‍ വിനയരാജ് മരങ്ങള്‍ നട്ടുവളര്‍ത്താന്‍ തുടങ്ങിയത്. പേരാവൂര്‍ മുതല്‍ കാക്കയങ്ങാട് വരെ ആറു കിലോമീറ്ററിനുള്ളില്‍ ഇത്രയും വര്‍ഷം കൊണ്ട് ധാരാളം മരങ്ങള്‍ നട്ടു വളര്‍ത്താനും മറ്റുള്ളവര്‍ നട്ടതോ സ്വയം മുളച്ചതോ ആയ മരങ്ങള്‍ സംരക്ഷിക്കാനും ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

നട്ടുവളര്‍ത്തുന്ന മരങ്ങള്‍ക്ക് റോഡരികില്‍ നിന്ന് ലഭിക്കുന്ന മരക്കമ്പുകളും ചുള്ളികളും കൊണ്ട് ഒഴിവുദിനങ്ങളില്‍ സംരക്ഷണവേലിയുണ്ടാക്കും. ചില തൈകള്‍ നട്ടാല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ വെള്ളം നനയ്ക്കണം. ഇതിന് നേരം കണ്ടെത്താന്‍ വിനയരാജിന് ഒരു വിഷമവുമില്ല. മരങ്ങള്‍ ഉള്ളിടത്ത് ജീവനുണ്ടാവുമെന്നാണ് വിനയരാജന്റെ പക്ഷം.

മഞ്ഞവാക, മാവ്, മഴമരം, ഇരൂള്‍, മരുത്, താന്നി തുടങ്ങിയ നൂറുകണക്കിന് മരങ്ങള്‍ പേരാവൂര്‍-ഇരിട്ടി റോഡില്‍ വിനയരാജ് നട്ടുവളര്‍ത്തുന്നുണ്ട്. തണല്‍ നല്‍കുന്നതോടൊപ്പം ഔഷധഗുണമുള്ള പഴങ്ങള്‍ തരുന്ന ഞാവല്‍ മരങ്ങള്‍ മലയോരത്തെ വിവിധ സ്‌കൂളുകളില്‍ ഇദ്ദേഹം ധാരാളം സൗജന്യമായി നല്കാറുണ്ട്. വളം വേണ്ടാത്ത, പരിചരണങ്ങള്‍ പോലും ആവശ്യമില്ലാത്ത മാവുകള്‍ ഒരു മുതല്‍ മുടക്കുമില്ലാതെ ആര്‍ക്കും നട്ടുവളര്‍ത്താന്‍ കഴിയുന്ന ഒന്നാണെന്ന് വിനയരാജ് പറയുന്നു.

ശ്രീകണ്ഠപുരം ഗവ:എച്ച്.എസ്.എസ്സിലെ നാലേക്കര്‍ ജൈവവൈവിധ്യ പാര്‍ക്കില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ വിനയരാജ് പോകാറുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷമായി വയനാട്ടില്‍ നിന്നാണ് അപൂര്‍വവും വംശനാശ ഭീഷണിയുള്ളതുമായ സസ്യങ്ങള്‍(ആര്‍.ഇ.പി.) ശ്രീകണ്ഠപുരത്തെ സ്‌കൂള്‍ പാര്‍ക്കിലേക്ക് ഇദ്ദേഹം കൊണ്ടുവരുന്നത്. വിനയരാജിന്റെ വീട്ടുപറമ്പ് വനത്തിനു തുല്യമാണ്. വിവിധ ഔഷധച്ചെടികളും കാട്ടുമരങ്ങളും കൊണ്ട് നിറഞ്ഞ വീടിന്റെ മുന്‍ഭാഗത്തെ സ്ഥലം ജൈവ വൈവിധ്യ കേന്ദ്രം കൂടിയാണ്.

നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് പേരിയ ശാഖയിലെ അസിസ്റ്റന്റ് മാനേജരായ വിനയരാജ് പേരാവൂര്‍ മുരിങ്ങോടി സ്വദേശിയാണ്. പാല ഗവ:എച്ച്.എസ്.എസ്. അധ്യാപിക രാജലക്ഷ്മിയാണ് ഭാര്യ. മക്കള്‍. മോഹനകൃഷ്ണന്‍, മുരളീകൃഷ്ണന്‍.




1

 

ga