പ്രകൃതിക്ക് സമര്‍പ്പണമായി ആര്‍ബറേറ്റം

Posted on: 05 Jun 2015


ആലുവയില്‍ പെരിയാറിന്റെ തീരത്ത് ജില്ലാഭരണകൂടത്തിന്റെ സഹായത്തോടെ മാതൃഭൂമി ഒരുക്കിയ മാതൃകാ തോട്ടം ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ നാടിന് സമര്‍പ്പിച്ചപ്പോള്‍. എറണാകുളം കളക്ടര്‍ എം.ജി. രാജമാണിക്യം, മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍, ആലുവ നഗരസഭാംഗങ്ങള്‍ തുടങ്ങിയവര്‍ സമീപം. ഫോട്ടോ: വി.എസ് ഷൈന്‍



ആലുവ: മഴനനഞ്ഞൊഴുകുന്ന പെരിയാറിനു മുന്നില്‍ അതൊരു വിശുദ്ധമായ ചടങ്ങായിരുന്നു. അപൂര്‍വമായ വൃക്ഷത്തൈകള്‍ സമര്‍പ്പിച്ച്, അമ്മയായ പ്രകൃതിക്ക് പ്രണാമം. ആലുവയില്‍, പെരിയാറിന്റെ തീരത്ത് മാതൃഭൂമി നട്ടുവളര്‍ത്തുന്ന 'ആര്‍ബറേറ്റം' കേരളാ സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റി എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ നാടിന് സമര്‍പ്പിച്ചു. എറണാകുളം ജില്ലാകളക്ടര്‍ എം.ജി. രാജമാണിക്യം, മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍ തുടങ്ങിയവര്‍ ഈ മഹദ്കര്‍മത്തിന് സാക്ഷികളായി.

ശാസ്ത്രീയ, വിദ്യാഭ്യാസ പഠനത്തിനുള്ള മാതൃകാ തോട്ടമാണ് ആര്‍ബറേറ്റം. ലോക പരിസ്ഥിതി ദിനത്തലേന്നായ വ്യാഴാഴ്ച രാവിലെയായിരുന്നു, അരളി, അമ്പഴം, ആത്ത, ഏഴിലംപാല, കുടംപുളി, ചെമ്പകം തുടങ്ങി, 30 ഇനം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചിട്ടുള്ള തോട്ടത്തിന്റെ സമര്‍പ്പണം.



പെരിയാറിന്റെ തീരത്ത്, നദീതീരനിയമങ്ങള്‍ ലംഘിച്ച് കെട്ടിയുയര്‍ത്തിയ 'മഴവില്‍ റെസ്റ്റോറന്റ്' പൊളിച്ച സ്ഥലത്താണ് ആര്‍ബറേറ്റം ഒരുക്കിയിട്ടുള്ളത്. വൃക്ഷത്തൈകളുടെ പേരും ശാസ്ത്രീയ നാമവുമെഴുതി പ്രദര്‍ശിപ്പിച്ച ബോര്‍ഡുകള്‍ ജസ്റ്റിസും കളക്ടറും ചേര്‍ന്ന് അനാവരണം ചെയ്തു.

തുടര്‍ന്ന് അതിഥികള്‍ ഒരോരുത്തരായി തോട്ടത്തിലെ അവശേഷിച്ച സ്ഥലത്ത് ചെടികള്‍ നടുമ്പോള്‍ മഴയുമെത്തി. എല്ലാറ്റിനും തുല്യത കല്പിക്കുന്ന മഹത്തായ ദര്‍ശനമാണ് പ്രകൃതിയുടേതെന്നും ആ പ്രകൃതിയെ സംരക്ഷിക്കാന്‍ നമുക്കെല്ലാവര്‍ക്കും ബാധ്യതയുണ്ടെന്നും ജസ്റ്റിസ് പറഞ്ഞു. ഈ പുഴയോരം ഒരു മാതൃകയായി തിരിച്ചുകൊണ്ടുവരാനുള്ള തന്റെ ആഗ്രഹം സാധിച്ചിരിക്കുകയാണെന്ന് കളക്ടര്‍ സൂചിപ്പിച്ചു. ഇതുപോലുള്ള പ്രകൃതിസംരക്ഷണ യത്‌നങ്ങള്‍ മാതൃഭൂമിയുടെ ധര്‍മമാണെന്നും അത് തുടരുമെന്നും പി.വി. ചന്ദ്രന്‍ പറഞ്ഞു.




1

 

ga