'ഞാന്‍ അവന്റെ കൈകളാണ്, അവന്‍ എന്റെ കണ്ണുകളും'

Posted on: 04 Jun 2015


രണ്ടു കൈകള്‍ ഇല്ലാത്തവനും രണ്ടു കണ്ണുകള്‍ ഇല്ലാത്തവനും ചേര്‍ന്നാല്‍ എന്തുസംഭവിക്കും?

'എട്ട് ഹെക്ടര്‍ തരിശുഭൂമി വനമാക്കി മാറ്റും - കിളികള്‍ പാടുന്ന, പൂമ്പാറ്റകള്‍ പാറുന്ന വനം', എന്നാവും ജിയ വെന്‍ക്വിയും ജിയ ഹൈഷിയയും നല്‍കുന്ന ഉത്തരം. കാരണം, അവരുടെ ജീവിതമാണത്. കൈ രണ്ടുമില്ലാത്ത വെന്‍ക്വിയുടെയും കണ്ണുരണ്ടുമില്ലാത്ത ഹൈഷിയയുടെയും ജീവിതം.

പുഴകടന്നുവേണം അവര്‍ നട്ട മരങ്ങള്‍ക്കിടയിലേക്കെത്താന്‍. വെന്‍ക്വിയുടെ ഷര്‍ട്ടിന്റെ നീളന്‍ കയ്യില്‍പ്പിടിച്ച് ഹൈഷിയ നടക്കും. ഒഴുക്കുള്ള പുഴയെത്തുമ്പോള്‍ വെന്‍ക്വി അയാളെ ചുമലിലേറ്റും. രണ്ടാളുമൊന്നിച്ച് അതു കടക്കും. 14 കൊല്ലമായി ഇതാണ് പതിവ്. 'ഞാന്‍ അവന്റെ കൈകളാണ്, അവന്‍ എന്റെ കണ്ണുകളും. ഞങ്ങള്‍ നല്ല ചങ്ങാതിമാരാണ്ട, നട്ടുനനച്ചുവളര്‍ത്തിയ മരങ്ങളെ, വെച്ചുപിടിപ്പിച്ച കാടിനെ കൂട്ടുകാരന്റെ കണ്ണുകളിലൂടെ കാണുന്ന ഹൈഷിയ പറയുന്നു.


വടക്കുകിഴക്കന്‍ ചൈനയിലെ യേലിയെന്ന ചെറുഗ്രാമത്തിലാണ് ഇരുവരും ജനിച്ചത്. ഒരുമിച്ചുകളിച്ചു. ഒരുമിച്ച് സ്‌കൂളില്‍ പോയി. പിന്നെപ്പൊഴോ ജീവിതം രണ്ടുവഴിക്കായി.

ഒരുവയസ്സിന്റെ വ്യത്യാസമേ അവര്‍ തമ്മിലുള്ളൂ. ഹൈഷിയയ്ക്ക് ഒരു കൊല്ലത്തിന്റെ മൂപ്പു കൂടും. ശരിക്കും സഹോദരങ്ങളെപ്പോലെ ആയിരുന്നുവെന്നാണ് ബി.ബി.സി. വേള്‍ഡ് സര്‍വീസിന് നല്‍കിയ അഭിമുഖത്തില്‍ വെന്‍ക്വിയുടെ സാക്ഷ്യം.

അമ്പത്തിമൂന്ന് കൊല്ലം മുമ്പ് ജനിക്കുമ്പോള്‍ രണ്ടു കയ്യുമുണ്ടായിരുന്നു വെന്‍ക്വിയ്ക്ക്. ഹൈഷിയയ്ക്ക് ഒരു കണ്ണില്‍ കാഴ്ചയും. മറ്റേ കണ്ണില്‍ തിമിരമായിരുന്നു. 14 കൊല്ലം മുമ്പുവരെ ഒരുകണ്ണിലെ വെളിച്ചംകൊണ്ട് അയാള്‍ അന്നംനേടി. 2000 ത്തിലെ ഒരുദിനം ഫാക്ടറിയിലുണ്ടായ അപകടത്തില്‍ ഒരു കല്ലിന്റെ ചീള് ആ വെളിച്ചവും കെടുത്തി. ഹൈഷിയയുടെ ലോകം ഇരുണ്ടു.


ഉയര്‍ന്ന വോള്‍ട്ടേജില്‍ വൈദ്യുതി പ്രവഹിക്കുന്ന കമ്പിയില്‍ അമ്പതുകൊല്ലം മുമ്പ് കയറിപ്പിടിച്ച മൂന്നുവയസ്സുകാരന് രണ്ടു കയ്യും മുറിച്ചുമാറ്റുമ്പോഴും അതിന്റെ ഭീകരതയെക്കുറിച്ച് ബോധമുണ്ടായിരുന്നില്ല. വെന്‍ക്വിയെന്ന അവന്‍ ഗ്രാമത്തിലെ മറ്റുകുട്ടികള്‍ക്കൊപ്പം കളിച്ചുവളര്‍ന്നു. പുഴകളില്‍ നീന്തിത്തുടിച്ചു. തൂമ്പ താടിയ്ക്കും കഴുത്തിനുമിടയില്‍ ഇറുക്കിപ്പിടിച്ച് നിലം കുഴിച്ചു. കാലുകൊണ്ടെഴുതി. തുന്നല്‍പ്പണി ചെയ്തു. ബിരുദം നേടി. നാട്ടിലെ വനവത്ക്കരണ സംഘത്തിനൊപ്പം ജോലിചെയ്തു. കയ്യില്ലാത്തത് ഒരപര്യാപ്തതയായി അവന് ഒരിക്കലും തോന്നിയില്ല.

പക്ഷേ, ഹൈഷിയയുടെ സ്ഥിതി അതയാരുന്നില്ല. കല്ലേറ്റു കണ്ണുപൊട്ടിയ നാളുകളില്‍ നിരാശയുടെ ആഴങ്ങളിലേക്കയാള്‍ വീണു. അയാളുടെ മകന് നാലുവയസ്സായിരുന്നു അന്ന്. തൊഴില്‍ ചെയ്യാനാവാത്തവിധം രോഗിയായിരുന്നു ഭാര്യ. കാഴ്ചയില്ലാത്തവന് ഫാക്ടറിയില്‍ ജോലി ചെയ്യാനാവില്ല. എന്തെങ്കിലും ജോലി ചെയ്തില്ലെങ്കില്‍ വീടുകഴിയില്ല.


പിരിഞ്ഞുപോയ ആ പഴയ കൂട്ടുകാര്‍ വീണ്ടുമൊന്നിച്ചു. നാട്ടിലെ വനവത്ക്കരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. മരം നടുന്നതിന് പ്രാദേശികഭരണകൂടം പണം നല്‍കും. ഇരുവര്‍ക്കും കുടുംബങ്ങള്‍ക്കും കഴിയാന്‍ അതുധാരാളം. അതുമാത്രമായിരുന്നില്ല, ഈ തൊഴിലേറ്റെടുക്കാന്‍ ഇവരെ പ്രേരിപ്പിച്ചത്. ചെയ്യുന്നതൊഴില്‍ ഭൂമിക്ക്, സ്വന്തം ചുറ്റുപാടുകള്‍ക്ക് നല്‍കുന്ന ഗുണമെന്ത് എന്നതിനെക്കുറിച്ചുള്ള ബോധ്യം കൂടിയായിരുന്നു. അത് അവരെ ആവേശഭരിതരാക്കിയിരുന്നു.


'വികലാംഗനും കണ്ണുപൊട്ടനും കാടുണ്ടാക്കാന്‍ പോകുന്നു'വെന്ന് നാട്ടുകാരില്‍ ചിലര്‍ കളിയാക്കി. ആ വാക്കുകള്‍ക്കുനേരെ അവര്‍ ചെവികൊട്ടിയടച്ചു.

തൈ നട്ട് നാടു വിടുന്ന വനവത്ക്കരണമായിരുന്നില്ല അവരുടേത്. ഓരോ തൈച്ചെടിയേയും 'നോക്കി' വളര്‍ത്തി അവര്‍ മരമാക്കി. മുമ്പുണ്ടായിരുന്ന ചെറുമരങ്ങളുടെ ശാഖകള്‍ വേണ്ടരീതിയില്‍ മുറിച്ച് പുതുമുകുളങ്ങള്‍ക്ക് കിളിര്‍ക്കാന്‍ വഴിയൊരുക്കി. തലപ്പുകള്‍ ഉയര്‍ന്നുപോയ മരങ്ങള്‍ വേണ്ടരീതിയില്‍ മുറിക്കേണ്ടിവന്നപ്പോഴെല്ലാം വെന്‍ക്വി കോണിയായി. അയാളുടെ പുറത്തു ചവിട്ടി ഹൈഷിയ മരത്തില്‍ കയറി.


'ഒരുമിച്ച് ജോലി ചെയ്യുമ്പോള്‍, ഞങ്ങളൊന്നാകുന്നു'വെന്ന് ഒരുമിച്ചു പറയുന്നു രണ്ടുപേരും.

അവര്‍ വെച്ച തൈകളില്‍ പതിനായിരം എണ്ണം മരങ്ങളായി. 'പതിനായിരമരക്കാട്'! മൂവായിരം തൈച്ചെടികള്‍ മണ്ണടിഞ്ഞുപോയി.

വേഗം തീര്‍ക്കാവുന്ന പണിയല്ലിത്. കുഞ്ഞിനെ വളര്‍ത്തുന്ന ശ്രദ്ധയും പാലനവും വേണം. എട്ട് ഹെക്ടറില്‍ മൂന്നു ഹെക്ടറേ കാടാക്കാനായിട്ടുള്ളൂ. അവിടിപ്പോള്‍ കിളികള്‍ കൂടുകൂട്ടിക്കഴിഞ്ഞു. ബാക്കി അഞ്ചേക്കര്‍ പച്ചപ്പണിയിക്കാന്‍ വെന്‍ക്വിയുടെ 'കയ്യും പിടിച്ച്' എന്നും നടക്കുന്നുണ്ട് ഹൈഷിയ. ഹൈഷിയയുടെ കണ്ണായി വെന്‍ക്വിയും (കടപ്പാട്: ബിബിസി).



1

 

ga