കാസര്‍കോട്: മടിക്കൈയിലെയും പെരിയയിലെയും എളേരിയിലെയും ബേഡകത്തെയും കയ്യൂരിലെയും നോക്കെത്താദൂരത്തോളം ഉള്ള നേന്ത്രവാഴകളെ കൈയൊഴിഞ്ഞുപോവുകയാണിപ്പോള്‍ തടതുരപ്പന്മാര്‍. െജെവകീടനാശിനിയായ 'നന്മ'യും 'മേന്മ'യും തോട്ടങ്ങളിലെത്തിയതോടെ വാഴകള്‍ പൂര്‍വാധികം ഹരിതകോര്‍ജത്തോടെ തഴച്ച് വളരുകയാണ്.
തടതുരപ്പന്‍ അഥവാ തണ്ടുതുരപ്പന്‍ കീടങ്ങളുടെ ആക്രമണം കൊണ്ട് കുലയ്ക്കുന്നതിനുമുമ്പ് വാടി വീണുപോവുകയായിരുന്നു കാല്‍ഭാഗത്തോളം നേന്ത്ര വാഴകള്‍. കീടബാധ തടയാന്‍ രാസകീടനാശിനികളെ ആശ്രയിക്കുക മാത്രമായിരുന്നു ഗതി. രാസകീടനാശിനി കാരണം ഇന്നും കണ്ണീര്‍ കുടിക്കുന്ന കാസര്‍കോട് ജില്ല ഇപ്പോള്‍ ജൈവജില്ലയാണ്. രാസകീടനാശിനിയോട് ഔദ്യോഗികമായെങ്കിലും വിടപറഞ്ഞ് ജൈവകൃഷിയിലേക്ക് പ്രവേശിച്ചുകഴിഞ്ഞ ജില്ല.
തിരുവനന്തപുരത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രവും കാസര്‍കോട്ടെ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രവും കൈകോര്‍ത്ത് തുടര്‍ച്ചയായ പരീക്ഷണം നടത്തിയപ്പോള്‍ 'മേന്മ'യുണ്ടായി. മേന്മയില്‍ നിന്നാകട്ടെ 'നന്മ'യെയും രൂപപ്പെടുത്താ നായി. ഇതു രണ്ടുംകൂടിയായപ്പോള്‍ പാര്‍ശ്വഫലമൊന്നുമില്ലാത്ത കീടനാശിനിയായി.
തിരുവനന്തപുരത്തെ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനായ ഡോ.ജയപ്രകാശ് മരച്ചീനിയുടെ ഇലയില്‍ നിന്നാണ് 'മേന്മ'യെന്ന ജൈവകീടനാശിനി നിര്‍മിച്ചത്. മേന്മയില്‍ നിശ്ചിത അളവില്‍ വേപ്പെണ്ണയും അലക്കു സോപ്പിന്റെ മിശ്രിതവും ചേര്‍ത്ത് 'നന്മ'യുമുണ്ടാക്കി. 2013-ല്‍ കാസര്‍കോട്ടെ ഏഴ് പഞ്ചായത്തുകളില്‍ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്മാരുടെ നേതൃത്വത്തില്‍ പതിനായിരത്തോളം വാഴകളില്‍ ഇത് പരീക്ഷിക്കുകയും ഫലപ്രദമാണെന്ന് കണ്ടെത്തുകയും ചെയ്തു. കഴിഞ്ഞവര്‍ഷം ഇതേ പഞ്ചായത്തുകളിലെ കാല്‍ ലക്ഷം വാഴകളില്‍ പരീക്ഷിച്ചപ്പോഴും ഏറെ ഗുണകരമാണെന്ന് കണ്ടു. വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദനം തുടങ്ങാനാവാത്തതിനാല്‍ ആവശ്യക്കാര്‍ക്കെല്ലാം വിതരണം ചെയ്യാനാവാത്ത സ്ഥിതിയാണെന്ന് കീടനാശിനി കണ്ടുപിടിച്ച ഡോ.ജയപ്രകാശും കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ ഡോ.എസ്.ലീന, ഡോ.മനോജ്കുമാര്‍ എന്നിവരും 'മാതൃഭൂമി'യോട് പറഞ്ഞു. നിലവില്‍ തിരുവനന്തപുരം ശ്രീകാര്യത്തെ കിഴങ്ങ് ഗവേഷണ കേന്ദ്രത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ മേന്മ നിര്‍മിക്കുന്നുണ്ട്. അവിടെ നിന്ന് മേന്മ കൊണ്ടുവന്ന് കാസര്‍കോട്ടെ തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ നന്മ നിര്‍മിക്കുന്നു. .
തടതുരപ്പന്‍ എന്ന വാഴപ്പുഴുവിന്റെ ശല്യം പൂര്‍ണമായും ഒഴിവാക്കാന്‍ മേന്മയും നന്മയും സഹായകമാണെന്ന് എളേരിയിലെ വാഴക്കൃഷിക്കാരായ കവിളുകാട്ടില്‍ സിബി തോമസും പെരിയയിലെ എ. കുഞ്ഞമ്പുനായരും സാക്ഷ്യപ്പെടുത്തുന്നു.
മടിക്കൈയിലെ 24 സ്വാശ്രയസംഘങ്ങള്‍ നടത്തുന്ന പതിനായിരക്കണക്കിന് വാഴകളുള്ള തോട്ടങ്ങളില്‍ ഇത്തവണ കീടങ്ങളെയകറ്റാന്‍ നന്മയും മേന്മയും ഉപയോഗിക്കുന്നു. ഈ കീടനാശിനി ഉപയോഗിക്കാന്‍ വാഴയൊന്നിന് അഞ്ച് രൂപയേ ചെലവ് വരികയുള്ളൂ. മേന്മയ്ക്ക് ലിറ്ററിന് നൂറ്് രൂപയും നന്മയ്ക്ക് 270 രൂപയുമാണ് സി.ടി.സി.ആര്‍.ഐ. ഈടാക്കുന്നത്.