ഓര്‍മത്തെറ്റുപോലെ നിള

Posted on: 05 Jun 2015


പട്ടാമ്പി: രൂക്ഷമായ പാരിസ്ഥിതിക പ്രശ്‌നങ്ങളുയര്‍ത്തി നിളയുടെ നെഞ്ചുപിളര്‍ന്ന് മണലൂറ്റുമ്പോഴും ഭാരതപ്പുഴ സംരക്ഷണം സര്‍ക്കാര്‍ ഫയലില്‍. ഓരോ പരിസ്ഥിതിദിനം വരുമ്പോഴും നിളാസംരക്ഷണ പ്രശ്‌നം ഉയര്‍ന്നുവരുമെങ്കിലും ഇതുവരെ ഒരു നടപടിയും ആയിട്ടില്ല.
175 പഞ്ചായത്തുകള്‍, 8 മുനിസിപ്പാലിറ്റികള്‍ തുടങ്ങിയവയിലെ 40 ലക്ഷത്തോളം പേരുടെ കുടിവെള്ളസ്രോതസ്സാണ് ഭാരതപ്പുഴ. എന്നാല്‍, ഓരോദിവസം ചെല്ലുന്തോറും പുഴ മലിനമായിക്കൊണ്ടിരിക്കയാണ്. നഗരങ്ങളുടെ അഴുക്കുചാലുകള്‍ മുഴുവന്‍ ഭാരതപ്പുഴയിലേക്കാണ് തുറന്നിരിക്കുന്നത്.

1972ല്‍ സംസ്ഥാനസര്‍ക്കാരിന്റെ വിദഗ്ധസമിതി കളക്ടര്‍ ചെയര്‍മാനായി ഭാരതപ്പുഴ സംരക്ഷണസമിതി രൂപവത്കരിച്ചിരുന്നു. പതിനെട്ടോളം നിര്‍ദേശം അന്ന് ഭാരതപ്പുഴ സംരക്ഷിക്കുന്നതിനായി സര്‍ക്കാരിനുമുന്നില്‍ വെച്ചിരുന്നെങ്കിലും അവയില്‍ മിക്കതും നടപ്പായില്ല. 2003ല്‍ മണല്‍വാരലിനെപ്പറ്റി സെന്റര്‍ ഓഫ് എര്‍ത്ത് സയന്‍സ് പഠനം നടത്തിയിരുന്നു. ഭാരതപ്പുഴയുടെ അടിത്തട്ടിലെ മണല്‍ രൂക്ഷമായ മണലെടുപ്പുമൂലം കുറഞ്ഞുവരികയാണെന്നും മണല്‍ക്കടവുകളുടെ എണ്ണം ഗണ്യമായി കുറയ്ക്കണമെന്നുമായിരുന്നു പഠനത്തിലെ പ്രധാന നിര്‍ദേശം. എന്നാല്‍, ഓരോ വര്‍ഷവും കടവുകള്‍ കൂടുന്നതല്ലാതെ കുറയുന്നില്ല. 2006ല്‍ കിലയില്‍ ഭാരതപ്പുഴ സംരക്ഷണവുമായി ബന്ധപ്പെട്ട് ത്രിതല പഞ്ചായത്തുകളുടെ ശില്പശാല സംഘടിപ്പിച്ചിരുന്നു. പുഴസംരക്ഷണത്തിന് മാസ്റ്റര്‍പ്ലാന്‍ വേണമെന്നായിരുന്നു അന്നത്തെ പ്രധാന നിര്‍ദേശങ്ങളിലൊന്ന്.

2013 ഒക്ടോബറില്‍ ഇന്ത്യയുടെ വാട്ടര്‍മാന്‍ എന്നറിയപ്പെടുന്ന മഗ്‌സസെ അവാര്‍ഡ് ജേതാവ് രാജേന്ദ്രസിങ് പട്ടാമ്പിയിലെത്തി പുഴയെ നാശത്തിലേക്ക് തള്ളിവിടുന്നവര്‍ക്കെതിരെ നിയമനിര്‍മാണംതന്നെ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

2013ല്‍ ഭാരതപ്പുഴയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഭാരതപ്പുഴ സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ പട്ടാമ്പിയില്‍ യോഗം വിളിച്ചിരുന്നു. ഭാരതപ്പുഴ സംരക്ഷണ അതോറിറ്റി രൂപവത്കരിക്കുക, മണലെടുപ്പ്, മാലിന്യനിക്ഷേപം എന്നിവ തടയാന്‍ നിയമനിര്‍മാണം നടത്തുക, കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുക തുടങ്ങിയ തീരുമാനങ്ങള്‍ അന്ന് ചര്‍ച്ചയില്‍ വന്നിരുന്നു. എന്നാല്‍, അതിലൊന്നും ഇന്നും തീരുമാനമായിട്ടില്ല.




1

 

ga