കാടൊരുക്കി, കാട്ടിനുള്ളില്‍ സ്വന്തം കൂടൊരുക്കി...
ജിനോ സി.മൈക്കിള്‍
Posted on: 05 Jun 2015

ആലപ്പുഴ: രണ്ട് ഏക്കറില്‍ സ്വന്തമായി ഒരു കാടുണ്ടെങ്കിലും കാട്ടിനുള്ളിലൊരു വീടൊരുക്കിയപ്പോള്‍ സുഗുണാനന്ദന്‍ ഒരു ചില്ലിക്കമ്പുപോലും മുറിച്ചില്ല! ആക്രിക്കടകളിലും അന്യദിക്കിലും വീടിന്റെ അസംസ്‌കൃതവസ്തുക്കള്‍ക്കായി വര്‍ഷങ്ങളോളം അലഞ്ഞുതിരിഞ്ഞപ്പോള്‍ നാട്ടുകാര്‍ പറഞ്ഞു ഭ്രാന്താണെന്ന്. പ്രകൃതിസ്‌നേഹം ഭ്രാന്താണെങ്കില്‍ അത് തനിക്ക് കുറച്ചു കൂടുതലാണെന്ന് സമ്മതിക്കും ആര്യാട് കൊല്ലംപറമ്പില്‍ വീട്ടില്‍ കെ.കെ. സുഗുണാനന്ദന്‍.
അച്ഛന്‍ പകര്‍ന്നുനല്‍കിയ പ്രകൃതിസ്‌നേഹം സുഗുണാനന്ദന്‍ നട്ടുനനച്ചുവളര്‍ത്തിയത് രണ്ട് ഏക്കര്‍ ഭൂമിയിലാണ്. മൃഗസംരക്ഷണവകുപ്പില്‍നിന്ന് വിരമിച്ച അദ്ദേഹം ജോലിയില്‍ ഇരിക്കുമ്പോഴേ വനവത്കരണത്തിന് വിത്തുപാകിയിരുന്നു. 30 വര്‍ഷത്തെ പ്രയത്‌നംകൊണ്ട് വീടും പരിസരവും സസ്യനിബിഡമാക്കി. ഔഷധസസ്യങ്ങള്‍ ഉള്‍െപ്പടെ 1500-ഓളം മരങ്ങളാണ് ഇവിടെ തണല്‍ വീശി നില്‍ക്കുന്നത്. ഈട്ടി, ചന്ദനം, തേക്ക്, മഹാഗണി, താന്നി, പ്ലാവ്, ആഞ്ഞിലി, ആല്‍ എന്നിങ്ങനെ വലുതും ചെറുതുമായവ പച്ചപ്പട്ടുപരവതാനി ഒരുക്കുന്നു.
ഈ സമയത്താണ് കാട്ടിനുള്ളിലാകാം സ്വന്തം കൂടെന്ന ചിന്ത സുഗുണാനന്ദനില്‍ മുളപൊട്ടുന്നത്. പിന്നെ, ഒരു പരിസ്ഥിതിസൗഹൃദ വീടിന്റെ പ്ലാന്‍ മനസ്സില്‍ കുറിച്ചു. അതിനുള്ള കഠിനപരിശ്രമവും തുടങ്ങി. വീടിനായി ഒരു മരംപോലും മുറിക്കരുതെന്ന് സുഗുണാനന്ദന് നിര്‍ബന്ധമായിരുന്നു. ആക്രിക്കടകളില്‍നിന്നും അന്യനാടുകളില്‍നിന്നും പൊളിച്ച വീടിന്റെ അവശിഷ്ടങ്ങള്‍ കൂട്ടിയിണക്കിയാണ് സുന്ദരഭവനം പണികഴിപ്പിച്ചത്. നൂറ്് കൊല്ലത്തിലധികം പഴക്കമുള്ള അവശിഷ്ടങ്ങള്‍കൊണ്ടാണ് 3500 ചതുരശ്രഅടിയുള്ള വീട് നിര്‍മ്മിച്ചത്. അഞ്ച് വര്‍ഷംകൊണ്ട് രണ്ട് നിലയിലായി 80 ശതമാനം തടിയില്‍ നിര്‍മ്മിച്ചെടുത്ത വീട് പരിസ്ഥിതിസൗഹൃദത്തിന്റെ ഉദാത്ത മാതൃകയായി.
കടുത്ത വേനലിലും കാട്ടിനുള്ളിലെ കുളത്തില്‍ ജലസമൃദ്ധിയുണ്ട്. പക്ഷികള്‍ കൂട്ടത്തോടെ എത്തുന്ന ഇവിടെ സോഷ്യല്‍ ഫോറസ്ട്രി പക്ഷികള്‍ക്ക് ചേക്കേറുന്നതിനായി കൂടും ഒരുക്കിയിട്ടുണ്ട്.
വീടിലൊരുക്കിയിരിക്കുന്ന മഴവെള്ളസംഭരണിയില്‍ കഴിഞ്ഞ മഴക്കാലത്തെ വെള്ളം ഇപ്പോഴും കിടക്കുന്നു. കാട്ടില്‍ കളിക്കാനെത്തുന്ന കൂട്ടിക്കൂട്ടങ്ങള്‍ കടുത്ത വേനലിലും അനുഭവിക്കുന്ന ആശ്വാസവും ആനന്ദവും പുറംലോകത്തിന് കാടിന്റെ സന്ദേശം പകരുമെന്ന് സുഗുണാനന്ദന്‍ വിശ്വസിക്കുന്നു.