
പാലക്കാട്: പാതയോരങ്ങളില്‍ പാതിരാത്രിയില്‍ വലിച്ചെറിയുന്ന ഇറച്ചിക്കോഴിമാലിന്യത്തിനും നല്ല കാലം വരുന്നു. ഇവ തിന്നുകൊഴുത്ത് വളരുന്ന തെരുവുനായ്ക്കള്‍ക്ക് കഷ്ടകാലവും. കോഴിയിറച്ചിയുടെ സ്വന്തം നാടായ കേരളത്തിലേക്ക് ഇറച്ചിക്കോഴിമാലിന്യം ജൈവോത്പന്നമാക്കുന്ന വന്‍പദ്ധതി വരുന്നു. യന്ത്രസഹായത്താല്‍ മാലിന്യം സംസ്‌കരിച്ച് ജൈവവളവും മത്സ്യങ്ങള്‍ക്കും മാംസഭോജികളായ മൃഗങ്ങള്‍ക്കും തീറ്റയും ഉണ്ടാക്കുന്നതാണ് പദ്ധതി. കോടികളാണ് ഇതുവഴി സംസ്ഥാനത്തിന് വരുമാനമുണ്ടാകുക. അന്യസംസ്ഥാനങ്ങളില്‍ ലക്ഷ്യം കണ്ട സംസ്‌കരണഫാക്ടറി കാസര്‍കോട് ജില്ലയിലാണ് ആദ്യം യാഥാര്‍ഥ്യമാകുക. ഇതിനായി ഒരുകൂട്ടം വിദേശമലയാളികള്‍ ജില്ലയില്‍ പ്ലാന്റിനായി ഷെ!ഡ്ഡ് നിര്‍മിച്ചു. ഹൈദരാബാദില്‍നിന്ന് കോഴിമാലിന്യസംസ്‌കരണ യന്ത്രമെത്തിയാല്‍ പ്രവര്‍ത്തനം തുടങ്ങും. ഡ്രൈ റെന്ററിങ് എന്നാണ് യന്ത്രത്തിന്റെ പേര്. പ്രതിദിനം 20,000 കിലോഗ്രാം കോഴിമാലിന്യം സംസ്‌കരിക്കാന്‍ ശേഷിയുള്ളതാകും പ്ലാന്റ്. ഇതില്‍നിന്ന് പ്രതിദിനം 6,000 കിലോഗ്രാം ഉത്പന്നം കിട്ടും. 60 ശതമാനം മാംസ്യവും 20 ശതമാനം കൊഴുപ്പും രണ്ട് ശതമാനം ജലാംശവുമുള്ള ഉത്പന്നത്തിന് മീറ്റ് മീല്‍ എന്നാണ് പേര്. ഇതിന് കിലോഗ്രാമിന് മൂന്ന് രൂപവരെ കിട്ടും.
കേരളത്തിലെ ഇറച്ചിക്കോഴി ഉപഭോഗവും കോഴിമാലിന്യക്കണക്കും ഇങ്ങനെയാണ്. സംസ്ഥാനത്ത് രണ്ട് ലക്ഷത്തിലധികം കോഴിവില്പനശാലകളുണ്ട്. പ്രതിദിനം ശരാശരി 25 ലക്ഷം കോഴികളെയാണ് കൊന്നുവില്‍ക്കുന്നത്. ഇവയിലൂടെയുണ്ടാകുന്ന കോഴിമാലിന്യത്തിന്റെ അളവ് 8,000 ടണ്ണിലേറെ. ഇത്രയേറെ കോഴിവില്പനശാലകളുണ്ടായിട്ടും ഒരിടത്തുപോലും മാലിന്യസംസ്‌കരണ ശാലകളില്ല. എന്നാല്‍, മാലിന്യസംസ്‌കരണപദ്ധതി നടപ്പാക്കാത്ത ശാലയില്‍നിന്ന് കോഴിയിറച്ചി വാങ്ങരുതെന്ന് ഭക്ഷ്യസുരക്ഷ അധികൃതരുടെ ഉത്തരവുണ്ടുതാനും. ഈ ഉത്തരവ്, കേരളത്തിലെവിടെയും നടപ്പാക്കുന്നില്ലെന്ന് മാത്രം.
തൊട്ടടുത്ത കോയമ്പത്തൂരിലും ചിക്കമംഗളൂരിലും ഇത്തരം പ്ലാന്റുകളുണ്ട്. അവിടെ ഉത്പാദിപ്പിക്കുന്ന മീറ്റ് മീല്‍ മത്സ്യഭക്ഷ്യോത്പന്ന കമ്പനികളും നായ്ക്കളുടെ ഭക്ഷണമുണ്ടാക്കുന്ന കമ്പനികളും വാങ്ങുകയാണ്. കേരളത്തിലാകട്ടെ വ്യാപകമായി നായവളര്‍ത്തലും മത്സ്യക്കൃഷിയും ഉണ്ടായിട്ടും ഇവയ്ക്കുള്ള ഭക്ഷണം അന്യസംസ്ഥാനത്തുനിന്ന് എത്തിക്കുകയാണ്. പാലക്കാട് ജില്ലയില്‍ വ്യാപകമായ ആഫ്രിക്കന്‍ മുഷിവളര്‍ത്തുശാലകളിലേക്ക് തമിഴ്‌നാട്ടില്‍നിന്ന് കോഴിമാലിന്യം അങ്ങനെതന്നെ കൊണ്ടുവന്ന് തള്ളുകയാണ് പതിവ്. പ്രതിദിനം 40 ടണ്‍ മാലിന്യമാണ് ഇത്തരത്തില്‍ ജില്ലയിലെത്തുന്നത്. ഇതാകട്ടെ അന്തരീക്ഷമലിനീകരണം ഉള്‍പ്പെടെയുള്ള പാരിസ്ഥിതിക, ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുമുണ്ട്.
കാസര്‍കോടിന് പുറമേ കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, ഇടുക്കി ജില്ലകളിലും സ്വകാര്യസംരംഭകര്‍ മീറ്റ് മീല്‍ ഉത്പാദനത്തിനായി രംഗത്തെത്തിയിട്ടുണ്ട്. ഇവര്‍ക്കെല്ലാം പിന്തുണയുമായി കേന്ദ്ര മത്സ്യസംരംഭമായ സെന്‍ട്രല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ബ്രാക്ക്ഫിഷ് അക്വാകള്‍ച്ചറും രംഗത്തെത്തിയിട്ടുണ്ട്. മീറ്റ് മീലില്‍ നിന്ന് മത്സ്യഭക്ഷണം ഉണ്ടാക്കുന്നത് പഠിപ്പിക്കാമെന്നും ഉത്പന്നം മുഴുവന്‍ വാങ്ങാമെന്നുമാണ് സ്ഥാപനത്തിന്റെ വാഗ്ദാനം.
കോഴിമാലിന്യംകൊണ്ടും അതുവഴി വളരുന്ന തെരുവുനായ്ക്കളെക്കൊണ്ടും സംസ്ഥാനം പൊറുതിമുട്ടുമ്പോഴും ഇക്കാര്യത്തില്‍ സര്‍ക്കാറിന് മാത്രം താത്പര്യക്കുറവ്. പദ്ധതിയെപ്പറ്റി വിശദമായി പഠിച്ച കണ്ണൂര്‍ മൃഗസംരക്ഷണവകുപ്പ് അസി. ഡയറക്ടര്‍ ഡോ. പി.വി. മോഹനന്‍ ഇക്കാര്യങ്ങളെല്ലാം കാണിച്ച് ഗ്രാമവികസനവകുപ്പ് മന്ത്രി ഡോ. എം.കെ. മുനീറിന് വിശദമായ കത്തയച്ചിട്ടുണ്ട്.