ഖനനം: കേരളം 'കുഴിതോണ്ടുന്നു'

പി.കെ. ജയചന്ദ്രന്‍ Posted on: 05 Jun 2015

അനുമതി കൊടുക്കുന്നതിനെക്കാള്‍ പതിന്മടങ്ങ് ഖനനം

കൊച്ചി: കേരളത്തില്‍ മണലും മണ്ണും ഖനനം ചെയ്യുന്നത് ഒരു നിയന്ത്രണവുമില്ലാതെ. സര്‍ക്കാര്‍ അനുമതി കൊടുക്കുന്നതിനെക്കാള്‍ എത്രയോ ഇരട്ടിയാണ് ഖനനം ചെയ്‌തെടുക്കുന്നതെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. ഖനനം പാടില്ലാത്ത സംരക്ഷിത മേഖലകളിലും അത് നടക്കുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

സംസ്ഥാനത്ത് 2014 ഏപ്രില്‍ മുതല്‍ 2015 മാര്‍ച്ച് വരെ ഒരു വര്‍ഷം 75,340 മെട്രിക് ടണ്‍ കരമണല്‍ ഖനനം ചെയ്യാനാണ് അനുമതി കൊടുത്തതെന്ന് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖയില്‍ പറയുന്നു. എന്നാല്‍, വില്‍ക്കാനുള്ള അനുമതി കൊടുത്തതോ, 4,24,808 മെട്രിക് ടണ്ണിനും. എടുക്കാന്‍ അനുമതി കൊടുത്തതിനെക്കാള്‍ എത്രയോ കൂടുതല്‍ വിറ്റിട്ടും അത് എവിടെ നിന്ന് എടുത്തു എന്ന് സര്‍ക്കാര്‍ അന്വേഷിച്ചിട്ടേയില്ല.

ഈ കാലത്ത് വെറും 20,074 മെട്രിക് ടണ്‍ ഇഷ്ടികച്ചെളി ഖനനം ചെയ്യാനാണ് സര്‍ക്കാര്‍ അനുമതി കൊടുത്തത്. വില്പനാനുമതി കൊടുത്തതാകട്ടെ, 2,78,900 മെട്രിക് ടണ്ണിനും. കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ വില്പനാനുമതിയുടെ കണക്ക് കിട്ടിയിട്ടില്ല. ഇവിടെ 56 പേര്‍ക്ക് വില്‍ക്കാനുള്ള അനുമതി കൊടുത്തെന്ന വിവരം മാത്രമേ സര്‍ക്കാര്‍ നല്‍കിയിട്ടുള്ളൂ. അളവ് കിട്ടിയിട്ടില്ല.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നോ, കേരളത്തിനുള്ളില്‍ത്തന്നെ മറ്റ് ജില്ലകളില്‍ നിന്നോ മണലും മണ്ണും കൊണ്ടുവരുന്നില്ലെന്നും വിവരാവകാശ രേഖയില്‍ പറയുന്നു. പിന്നെ എവിടെ നിന്നാണ് ഇത്രയും അധികം വില്‍ക്കാനുണ്ടാവുകയെന്നതാണ് ചോദ്യം. വില്പനാനുമതിയുടെ മറവില്‍, നദികളുടേയും തോടുകളുടേയും തീരങ്ങളിലും പാടങ്ങളിലും വന്‍തോതില്‍ ഖനനം നടത്തുന്നുവെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.



1

 

ga