ചിറ്റൂര്‍: ബാബു ജയന്‍ പ്രകൃതിയെ ഒപ്പിയെടുത്തത് കാമറക്കണ്ണുകളിലൂടെ മാത്രമല്ല, മനസ്സിലേക്കുകൂടിയാണ്. പ്രകൃതിയോടുള്ള ഈ അടങ്ങാത്ത ആകര്‍ഷണം പോത്തനായ്ക്കംചള്ളയിലെ പുരയിടത്തില്‍ തീര്‍ത്തത് ഒരു ചെറുവനമാണ്. കുടുംബംവക സ്ഥലത്തെ പതിനൊന്നേക്കറിലാണ് ബാബു ജയന്‍ വനമൊരുക്കിയെടുത്തത്.
ചിറ്റൂര്‍ വേമ്പ്രയില്‍ പാരമ്പര്യമായി കൃഷിക്കാരാണ് ഈ കുടുംബം. ഫോട്ടോഗ്രാഫിയാണ് ബാബു ജയന്റെ ഇഷ്ടമേഖല. നോക്കെത്താദൂരത്തെ പാടത്തിനിടയില്‍ ഈ സ്ഥലം പേരിനൊരു വനമല്ല. മലമ്പാമ്പും കുറുക്കനും കാട്ടുപന്നിയും മയിലും അപൂര്‍വ ഇനങ്ങളില്‍പ്പെട്ട ചിത്രശലഭങ്ങളുമെല്ലാം ഇവിടുണ്ട്. പ്രധാനറോഡില്‍നിന്ന് വീട്ടിലേക്കുള്ള 200 മീറ്റര്‍ ഇരുവശങ്ങളിലും കാടുതന്നെയാണ്. ഇതില്‍ നട്ടുപിടിപ്പിച്ചതിനൊപ്പം സ്വയം മുളച്ചുവളര്‍ന്ന സസ്യങ്ങളുമുണ്ട്. വീട്ടില്‍നിന്ന് അല്പംമാറിയാണ് പാടത്തിനുനടുവില്‍ പത്തേക്കറിലെ വനം. വന്‍മരങ്ങളൊന്നുമില്ലെങ്കിലും നിബിഡമാണിവിടം. ഉള്ളില്‍ കയറാനൊരുങ്ങുമ്പോള്‍ ബാബുവിന്റെ ഉപദേശം-പാമ്പുകളും പന്നിയുമുണ്ടാവും. ഒരാഴ്ചമുമ്പ് അയല്‍ക്കാരനെ പന്നി ആക്രമിച്ചിരുന്നു. മയിലുകള്‍ കൃഷിക്ക് ഭീഷണിയാണെങ്കിലും പരാതിയില്ല. ഇതൊക്കെ അവര്‍ക്കുകൂടിയാണെന്നാണീ കര്‍ഷകന്റെ ഭാവം.
കഴിഞ്ഞദിവസമെത്തിയ മുള്ളന്‍പന്നി പാടവരമ്പുകള്‍ കുത്തിമറിച്ചിട്ട് മടങ്ങിയപ്പോള്‍ ബാബു ആകെചെയ്തത് ഒരു നല്ല ഫോട്ടോയെടുക്കുകയായിരുന്നു. നായാട്ടുകാര്‍ പിടികൂടിയ വെരുക്, ഉടുമ്പ്, ആമ തുടങ്ങിയ ജീവികളെ വിലയ്ക്കുവാങ്ങി വനത്തില്‍ വിട്ട അനുഭവം ബാബുവിന്റെ മകന്‍ അശ്വിനുണ്ട്.
വീടിനോടുചേര്‍ന്ന് ഒന്നരയേക്കര്‍ സ്ഥലം മറ്റൊരു ചെറുവനമാണ്. ഇവിടം പക്ഷികള്‍ക്കായി പ്രത്യേകതരം മരങ്ങള്‍ നട്ടുവളര്‍ത്തിയിട്ടുണ്ട്. വിവിധതരം ഞാവലുകള്‍, ഓറഞ്ചുനിറത്തിലുള്ള ചെറിയപഴങ്ങളുള്ള ചളിര് തുടങ്ങിയവയാണ് കൂടുതല്‍. മുളങ്കാടുകള്‍, ചെറിയ പനകള്‍ തുടങ്ങിയവയ്‌ക്കൊപ്പം ആവശ്യത്തിന് വെള്ളവുമുണ്ടിവിടെ. വേഴാമ്പല്‍, മഞ്ഞക്കിളികള്‍, സ്ലൂപ്പര്‍, സതേണ്‍ ബേഡ്വിങ്‌സ് തുടങ്ങിയ ചിത്രശലഭങ്ങളും ചില പ്രത്യേകയിനം തവളകളും ഇവിടെ ധാരാളമായുണ്ട്. വഴിയോരത്താണ് ചെറിയ മുളങ്കൂട്ടങ്ങള്‍. എലിഫന്റ് ആപ്പിള്‍, ലച്ചി, ദുര്യന്‍ചക്ക ഇവയെല്ലാം ഒന്നരയേക്കറിലെ വിഭവങ്ങളാണ്. ഇനി ഇതിനിടയിലൊരു കൊച്ചുവീടും മരക്കൊമ്പുകളില്‍ ചെറിയ കുടിലുകളും ബാബു ജയന്റെ സ്വപ്‌നപദ്ധതിയാണ്.
130 വര്‍ഷം പഴക്കമുള്ളതാണ് ബാബു ജയന്റെ വീട്. പൊതു രാഷ്ട്രീയപ്രവര്‍ത്തകനായിരുന്ന അദ്ദേഹം പിന്നീട് ആ മേഖല ഉപേക്ഷിച്ചു. 26 വര്‍ഷമായി ഫോട്ടോഗ്രാഫി അധ്യാപകനും പാലക്കാട്ടെ അമേച്വര്‍ ഫോട്ടോഗ്രാഫര്‍മാരുടെ കൂട്ടായ്മയായ ഇമേജിന്റെ സംഘാടകനുമാണ്.