റബ്ബര്‍ വെട്ടിക്കളഞ്ഞ് വനമാക്കി മുന്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍

Posted on: 05 Jun 2015

റബ്ബര്‍ വെട്ടിക്കളഞ്ഞ് മരം
തൊടുപുഴ: 30 വര്‍ഷം വനം സംരക്ഷിക്കാന്‍ ജോലി ചെയ്ത വനം വകുപ്പ് ഉദ്യോഗസ്ഥന്‍ സ്വന്തം പുരയിടത്തിലെ ഒരു ഭാഗം ചെറുവനമാക്കി. സ്വന്തം പുരയിടത്തില്‍ 10 സെന്റില്‍ ചെറുവനം വച്ചുപിടിപ്പിക്കുന്നതിലൂടെ, ക്ലൂസെടുക്കലും സെമിനാറുകളുമല്ല പ്രകൃതിസംരക്ഷണം എന്നു തെളിയിക്കുകയാണ് എ.ടി.തോമസ് എന്ന മുന്‍ വനം വകുപ്പ് ഉദ്യോഗസ്ഥന്‍.
മൂലമറ്റം അഴകന്‍പറമ്പില്‍ തോമസിന്(61) കുടുംബസ്വത്തായി ലഭിച്ച ഒരേക്കര്‍ സ്ഥലം അല്‍പ്പം െചരിഞ്ഞാണ്. കല്ലുകയ്യാല വച്ച് തട്ടുകളാക്കി തിരിച്ച് റബ്ബര്‍ നട്ടുപിടിപ്പിച്ചു. ദിവസം 10 കിലോ റബ്ബര്‍ കിട്ടുമായിരുന്നു. സ്ഥലത്തിന്റെ കിഴക്കുവശത്ത് ചെറിയ ഒരു തോട് ഒഴുകുന്നുണ്ട്. ഇതിനു ചുറ്റുമാണ് മരങ്ങള്‍ വച്ചുപിടിപ്പിച്ചത്. ജോലിക്ക് പോകുമ്പോള്‍ കിട്ടിയ തൈകളൊക്കെയും ഈ സ്ഥലത്ത് വച്ചുപിടിപ്പിച്ചു.
പക്ഷികളും അണ്ണാനും വാവലുമെല്ലാം വിത്തുപാകാന്‍ സഹായിച്ചുവെന്നാണ് തോമസിന്റെ അഭിപ്രായം. ആഞ്ഞിലി, പ്ലൂവ്, മഹാഗണി, വട്ട, ചൂണ്ടപ്പന, കരിവെട്ടി, താന്നി, ഇരുള്‍, ഈറ്റ, ഇല്ലി തുടങ്ങിയവ ഈ ചെറുവനം സമ്പന്നമാക്കുന്നു. കീരിയും മരപ്പട്ടിയും ഉടുമ്പും അണ്ണാനും ഇവിടെയുണ്ട്. പത്തിലധികം ഇനം പക്ഷികളും കൂടൊരുക്കിയിട്ടുണ്ട്.
പഴങ്ങളും പച്ചക്കറികളും ഔഷധസസ്യങ്ങളും നട്ടുപിടിപ്പിക്കാന്‍വേണ്ടി മുഴുവന്‍ റബ്ബറും വെട്ടി. ഉദ്യോഗസ്ഥരായ മൂന്ന് ആണ്‍മക്കളും മരുമക്കളും ഈ അഭിപ്രായത്തോട് യോജിച്ചു. റമ്പൂട്ടാനും മാംഗോസ്റ്റ്യനും മാവും പ്ലൂവും സപ്പോട്ടയും ആത്തയും തുടങ്ങിയ ഫലവൃക്ഷങ്ങള്‍ പറമ്പ് നിറയെ ഉണ്ട്. കൂടാതെ മുപ്പതോളം ഔഷധസസ്യങ്ങളും. മുഴുവന്‍ ഔഷധച്ചെടികളും പേരെഴുതി സൂക്ഷിച്ചിട്ടുണ്ട്. വീട്ടാവശ്യത്തിനുള്ള മുഴുവന്‍ പച്ചക്കറികളും പറമ്പില്‍തന്നെയുണ്ട്. വീട്ടിലെത്തുന്ന ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പച്ചക്കറികളാണ് തോമസും ഭാര്യ മേരിയും സമ്മാനിക്കുന്നത്.
30 വര്‍ഷമായി ഈ പുരയിടത്തില്‍ രാസവളങ്ങള്‍ക്ക് സ്ഥാനമില്ല. ഗോമൂത്രവും ചാണകവും ശര്‍ക്കരയും പയര്‍പൊടിയും ചേര്‍ത്ത് പുളിപ്പിച്ചുണ്ടാക്കുന്ന ജീവാമൃതമാണ് വളമായി നല്‍കുന്നത്. കീടശല്യത്തിനെതിരെ മിത്രകീടമായ നീറിനെയാണ് പ്രയോജനപ്പെടുത്തുന്നത്. പയറും കോവലും പാവലും തഴച്ചുവളരുന്നത് കൊച്ചുനീറിന്റെ ശ്രമഫലം കൂടിയാണ്. ചെറുവനത്തിന്റെ നടുവില്‍ ഒരു കുളമുണ്ട്. അടുത്തുള്ള 10 വീടുകളിലേക്കും ഇവിടെനിന്നാണ് വെള്ളം. പറമ്പിന്റെ ഏറ്റവും മുകളിലായി ഒരു പടുതാക്കുളവുമുണ്ട്. മഴവെള്ളം ശേഖരിച്ചുനിര്‍ത്തി ഇതില്‍നിന്നാണ് ചെടികള്‍ നനയ്ക്കുന്നത്. പല മീനുകളെയും ഈ പടുതാക്കുളത്തില്‍ വളര്‍ത്തുന്നുണ്ട്.




1

 

ga