നഗരത്തിരക്കില്‍ പച്ചത്തുരുത്തായി ഒരിടം

Posted on: 05 Jun 2015


കോട്ടയം: ജ്വലിക്കുന്ന സൂര്യനു കീഴെ ജനം ഉരുകുന്നു. ചൂടില്‍ നിന്നു രക്ഷതേടി കുളിര്‍ പ്രദേശങ്ങളിലേയ്ക്ക് യാത്ര പോകുന്നവരുമേറെ. ഇതൊന്നും ബാധിക്കാതെ, നഗരത്തിനു സമീപം പരിസ്ഥിതിയെ നോവിക്കാത്ത, നശിപ്പിക്കാത്ത ഒരിടം. നാഗമ്പടം മഴുവഞ്ചേരി വീടും പരിസരവും തണുപ്പിന്റെ നേര്‍ത്ത മേലാടയ്ക്കുള്ളിലാണ്. മീനച്ചിലാറ്റില്‍ നിന്നെത്തുന്ന ഇളം തെന്നലും പ്ലാവിനെയും മാവിനെയും തഴുകി കടന്നു പോകുന്നു. 45 സെന്റില്‍ നിറയെ പച്ചപ്പാണ്. പക്ഷിമൃഗാദികളുടെ വിഹാരകേന്ദ്രം കൂടിയാണിവിടം. ഉടുമ്പും കീരിയും പൂച്ചയും ചേരയുമെല്ലാം ഇവിടെ സൗഹൃദത്തിലാണ്. കുയിലും കുരുവിയും ചെമ്പോത്തും വളപ്പിനെ സംഗീതസാന്ദ്രമാക്കുന്നു.
മരങ്ങളും ചെടികളും നിറഞ്ഞ മഴുവഞ്ചേരി വീട്ടില്‍ വിശ്രമമില്ലാത്ത ജീവിതത്തിലാണ് അപ്പുക്കുട്ടന്‍ എന്ന് അയല്‍ക്കാര്‍ സ്‌നേഹത്തോടെ വിളിക്കുന്ന ഷണ്‍മുഖം. പാരമ്പര്യ സ്വത്തില്‍ ഒപ്പം ലഭിച്ച പ്രകൃതിയുടെ വരദാനം ഇദ്ദേഹം കാത്തു സൂക്ഷിക്കുന്നു. കെ.എസ്.ഇ. ബിയില്‍ നിന്ന് അസിസ്റ്റന്റ് അക്കൗണ്ടന്റായാണ് അദ്ദേഹം വിരമിച്ചത്. ഭാര്യ മീനാക്ഷി അമ്മാള്‍ 25 വര്‍ഷം മുമ്പ് മരിച്ചു. ഒറ്റയ്ക്കായതോടെ കൃഷിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

ജാതി, ആര്യവേപ്പ്, ചാമ്പ, പുളി, മഹാഗണി, തേക്ക്, ഇരുമ്പന്‍ പുളി തുടങ്ങിയ മരങ്ങള്‍െക്കാപ്പം കൂറ്റന്‍ കൂവളം തലയെടുപ്പോടെ നില്‍ക്കുന്നു. അടുത്ത ക്ഷേത്രത്തില്‍ പൂജയ്ക്കായി ഇലകള്‍ നല്‍കാറുണ്ട്. കറിവേപ്പും മരമായി. ജാതി കാര്‍ഷികാടിസ്ഥാനത്തില്‍ വച്ചു പിടിപ്പിച്ചിട്ടുണ്ട്. കുരുമുളക്, വാഴ, കപ്പ, ചേന, ചേമ്പ്, കാച്ചില്‍ എന്നിവയും പച്ചച്ചീര, മൈസൂര്‍ ചീര, പയര്‍, വെണ്ട, തക്കാളി തുടങ്ങിയ പച്ചക്കറികളും വളപ്പില്‍ സുലഭം. വിവിധയിനം പൂച്ചകള്‍ വീട്ടിലും പരിസരത്തും ചുറ്റിയടിക്കുന്നു. വീട്ടില്‍ ശല്യമാകുന്ന പൂച്ചകളെ നാട്ടുകാര്‍ ഉപേക്ഷിക്കുന്നത് ഈ വളപ്പിലാണ്.

ഇദ്ദേഹത്തിന്റെ മകന്‍ ഡോ. പി. എസ്. രാധാകൃഷ്ണന്‍ എം. ജി. സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിന്റെ ഡയറക്ടറാണ്. ഇളയമകന്‍ മുരുകേശന്‍ ലണ്ടനില്‍. മകള്‍ ചിത്ര പഞ്ചായത്ത് വകുപ്പില്‍ ജോലിചെയ്യുന്നു. ഡോ. പി. എസ്. രാധാകൃഷ്ണനാണ് അച്ഛനു കൂട്ട്.




1

 

ga