മാലിന്യപ്പേടിയില്ലാതെ ആലപ്പുഴ

Posted on: 05 Jun 2015


ആലപ്പുഴ: തത്തംപള്ളിയിലെ ആലിന്‍ചുവട് ചായപ്പീടികയില്‍ ആരോഗ്യവിഭാഗം പരിശോധനയ്ക്കു വരുമ്പോള്‍ മുട്ട് കൂട്ടിയിടിക്കുമായിരുന്നു ജെയിംസ് ആന്റണിക്ക്. തന്റെ കൊച്ചു കട അത്രയ്ക്കു വൃത്തിഹീനമായിരുന്നുവെന്ന് മറ്റാരേക്കാളും ഈ കടയുടമയ്ക്ക് നല്ല ബോധ്യമായിരുന്നു. മാലിന്യമായിരുന്നു തലവേദന. ഇപ്പോള്‍ ആരുവന്നാലും ജെയിംസ് ആന്റണിക്ക് ഒരു കുലുക്കവുമില്ല.

കടയ്ക്കു പിന്നില്‍ സ്ഥാപിച്ച ജൈവമാലിന്യസംസ്‌കരണ പ്ലൂന്റാണ് ഇദ്ദേഹത്തിന് ആത്മവിശ്വാസം പകരുന്നത്. ഹോട്ടലിലെ മീന്‍, ഇറച്ചി, പച്ചക്കറി എന്നിവയുടെ മാലിന്യങ്ങളും കഞ്ഞിവെള്ളമടക്കമുള്ളവയും ഇതിലേക്കിടും. ഇപ്പോള്‍ മാലിന്യപ്പേടിയേയില്ല. കൊച്ചു കട വൃത്തിയായെന്നു മാത്രമല്ല, ദിവസം പത്തുമുതല്‍ പന്ത്രണ്ടുമണിക്കൂര്‍ വരെ കത്തിക്കാനുള്ള ജൈവവാതകവും കിട്ടും. ജെയിംസ് ആന്റണിക്ക് പൂര്‍ണ്ണ സന്തോഷം.

മാലിന്യത്തെ പാചകവാതകവും ജൈവവളവുമൊക്കെയാക്കി ആനന്ദമനുഭവിക്കുന്നവര്‍ ഇപ്പോള്‍ എണ്ണായിരത്തോളം വരും ആലപ്പുഴയില്‍. മാലിന്യം വിറ്റ് നല്ല വരുമാനം നേടുന്നവര്‍ വേറെ.

****************

മൂന്നുവര്‍ഷംമുമ്പ് മണ്‍സൂണ്‍കാലം. ആലപ്പുഴ ഇളകിമറിഞ്ഞത് മാലിന്യത്തിന്റെ പേരിലായിരുന്നു. നഗരമാകെ മാലിന്യക്കൂമ്പാരം. ആലപ്പുഴയിലെ മാലിന്യം നഗരത്തിന് വെളിയില്‍ നഗരസഭയുടെ മാലിന്യനിക്ഷേപകേന്ദ്രമായ സര്‍വ്വോദയപുരത്ത് ഇടുന്നതിനെതിരെ നാട്ടുകാര്‍ രംഗത്തുവന്നതായിരുന്നു പ്രശ്‌നം. മൂന്നാം വര്‍ഷത്തെ മണ്‍സൂണ്‍കാലമാണിത്. ഇപ്പോള്‍ സര്‍വ്വോദയപുരത്തേക്ക് നഗരസഭയുടെ ഒരുതരി മാലിന്യംപോലും കൊണ്ടുപോകുന്നില്ല. നഗരത്തില്‍ മാലിന്യക്കൂമ്പാരങ്ങളുമില്ല. ഉറവിട മാലിന്യസംസ്‌കരണത്തിന്റെ വിജയഗാഥ പാടി മറ്റു നഗരങ്ങള്‍ക്കു മാതൃകയാകുകയാണ് ആലപ്പുഴ.

സര്‍വ്വോദയപുരത്ത് മാലിന്യമിടുന്നതിനെതിരെ നാട്ടുകാരില്‍നിന്നുണ്ടായ ചെറുത്തുനില്പ് മറ്റു ബദലിന് അധികൃതരെ നിര്‍ബ്ബന്ധിച്ചതാണ് വഴിത്തിരിവായത്. പ്രേരണയായത് സ്ഥലം എം.എല്‍.എ. ഡോ. തോമസ് ഐസക്കിന്റെ ഇടപെടലുകളും.

നഗരമാലിന്യമത്രയും ഒന്നിച്ച് ഒരിടത്തു മാത്രമായി സംസ്‌കരിക്കുന്നതിനു പകരം വികേന്ദ്രീകൃത മാലിന്യസംസ്‌കരണമെന്നതായിരുന്നു അദ്ദേഹം വച്ച ആശയം. 'നിര്‍മ്മല ഭവനം, നിര്‍മ്മല നഗരം' എന്ന മുദ്രാവാക്യവുമായി, നഗരത്തിലെ കിടങ്ങാംപറമ്പ് വാര്‍ഡില്‍നിന്ന് തുടക്കം. ഉറവിടത്തില്‍ മാലിന്യം സംസ്‌കരിക്കുക എന്ന ആശയവുമായി വീടുകള്‍തോറും ജൈവമാലിന്യ പ്ലൂന്റുകള്‍ സ്ഥാപിച്ചു. ഇതോടൊപ്പം കമ്പോസ്റ്റിങ്ങും.

ബാക്കിവരുന്ന മാലിന്യം സ്വന്തം ചെലവില്‍ കൊണ്ടുേപായി വില്‍ക്കുന്നതിന് സ്വകാര്യവ്യക്തിക്ക് അനുമതികൂടി നല്‍കിയതോടെ നഗരം വെടിപ്പായി. മറ്റുള്ളവര്‍ക്ക് ആലപ്പുഴ മാതൃകയുമായി.

*പ്രതിദിനം നാല്പതുമുതല്‍ അമ്പത് ടണ്ണിനുമേല്‍ വരെ മാലിന്യമായിരുന്നു ആലപ്പുഴ നഗരത്തില്‍നിന്ന് സര്‍വ്വോദയപുരത്ത് കൊണ്ടുപോയിരുന്നത്. ഇപ്പോള്‍ വാഹനങ്ങളില്‍ മാലിന്യം കൊണ്ടുപോകാത്തതിനാല്‍ പ്രതിദിനം ഡീസല്‍ ഇനത്തില്‍ നഗരസഭയ്ക്ക് ലാഭം 10,000 രൂപ മുതല്‍ 15,000 വരെ.
*3000 വീടുകളില്‍ ബയോഗ്യാസ് പ്ലൂന്റുകള്‍. 5000 വീടുകളില്‍ പൈപ്പ് കമ്പോസ്റ്റുകള്‍.
* വഴിയോരങ്ങളില്‍ മാലിന്യമിടാന്‍ എയ്‌റോബിക് കമ്പോസ്റ്റ് കേന്ദ്രങ്ങള്‍. ഇവിടെയാര്‍ക്കും ഏതുതരം മാലിന്യവും കൊണ്ടുകൊടുക്കാം. ജൈവ-അജൈവ മാലിന്യങ്ങള്‍ തരംതിരിച്ചിരിക്കണമെന്നു മാത്രം.
*ഒരു എയ്‌റോബിക് കമ്പോസ്റ്റിങ്ങില്‍ രണ്ട് ടണ്‍ മാലിന്യം സംസ്‌കരിക്കാം, 156 എയ്‌റോബിക് കമ്പോസ്റ്റുകള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍.
*105 ദിവസം കഴിയുമ്പോള്‍ കമ്പോസ്റ്റ് ബിന്നിലെ മാലിന്യം വളമാകും. ഇതു സൗജന്യമായി വിതരണം ചെയ്യുന്നു. മാലിന്യത്തിന്റെ പകുതി തൂക്കം വളം കിട്ടും.
* ആലപ്പുഴയിലെ മാലിന്യത്തില്‍ പകുതിയും കൊണ്ടുപോകുന്നത് ചേര്‍ത്തലയില്‍ സ്വകാര്യവ്യക്തി. വേര്‍തിരിച്ച മാലിന്യം വില്പനയ്ക്കായി. പ്രതിദിനം 20 ടണ്ണിലേറെ മാലിന്യം ഇപ്രകാരം നീക്കംചെയ്യുന്നുണ്ട്.




1

 

ga