
പന്തളം: പഴമൊഴിയാണെങ്കിലും ചില വരികളില്‍ സത്യം ഒളിഞ്ഞു കിടപ്പുണ്ട്. കാവിനെ വെട്ടിനിരത്തിയാല്‍ ദോഷത്തോടൊപ്പം ജനങ്ങളെ ബാധിക്കുന്നത് കുടിവെള്ളപ്രശ്‌നവും പരിസ്ഥിതിക്കുണ്ടാവുന്ന ആഘാതങ്ങളുമാണെന്ന് കുരമ്പാല നിവാസികള്‍ തിരിച്ചറിഞ്ഞു.
മലവെട്ടിനിരത്തി കുരമ്പാലയിലെ കുളങ്ങളും പാടങ്ങളും നികത്തുമ്പോള്‍ ഗ്രാമത്തിലെ കിണറുകള്‍ വറ്റിവരളുന്നതും നെല്‍കൃഷിയില്ലാതാകുന്നതും അവര്‍ നേരിട്ട് കണ്ടറിഞ്ഞു. പന്തളത്തിന്റെ ഏറ്റവും ഉയര്‍ന്ന പ്രദേശമായ ആതിരമലയില്‍ മണ്ണുമാന്തി കയറിമലയിടിച്ചു നിരത്തിയപ്പോള്‍ ഇല്ലാതായത് മലയും മരങ്ങളും മാത്രമല്ല അപൂര്‍വയിനം ഔഷധസസ്യങ്ങളും നീരുറവയുള്ള ചാലുകളുമാണ്.
മലനിരത്തുന്നതിലും പാടം നികത്തുന്നതിലും നിയന്ത്രണം കൊണ്ടുവന്ന ഗവണ്‍മെന്റു തന്നെ കാവ്വെട്ടിത്തെളിച്ച് പട്ടയം കൊടുക്കാന്‍ തീരുമാനിച്ചതറിഞ്ഞപ്പോള്‍ ജനങ്ങള്‍ സംഘടിച്ചു. ഭൂരഹിതര്‍ക്ക് ഭൂമിനല്‍കുന്ന പദ്ധതിയിലുള്‍പ്പെടുത്തി പുത്തേത്ത് കാവിന്റെ 55സെന്റ് സ്ഥലം റവന്യൂവകുപ്പ് പാട്ടംകൊടുക്കാന്‍ തീരുമാനിച്ചു. കാവിലെ ആദ്യമരത്തിന്റെ കടയ്ക്കല്‍ മഴുപതിച്ചപ്പോള്‍ പരിസ്ഥിതി സ്‌നേഹികളുടെ നെഞ്ചില്‍ത്തറച്ച അന്പുപോലെയായിരുന്നു. പ്രതിഷേധകൂട്ടായ്മകള്‍ നടത്തി അവര്‍ നാട്ടുകാരെ കാവിന്റെ തണലില്‍ ചേര്‍ത്തുനിര്‍ത്തി. യുവാക്കളും രാഷ്ട്രീയപ്രവര്‍ത്തകരും പ്രകൃതിസ്‌നേഹികളും ജാതിയും മതവും രാഷ്ട്രീയവും മറന്ന് ഒന്നിച്ചു. പുത്തേത്ത്കാവ് സംരക്ഷണസമിതി രൂപവത്ക്കരിച്ച് അവര്‍ പ്രവര്‍ത്തനം തുടര്‍ന്നു. ഇവരുടെ സമരവീര്യത്തിനു മുന്‍പില്‍ റവന്യൂവകുപ്പ് മുട്ടുമടക്കി. കാവ് സംരക്ഷണസമിതിയ്ക്ക് വനംവകുപ്പ് നല്‍കിയത് വനമിത്രപുരസ്‌കാരം. ജൈവവൈവിദ്ധ്യമേഖലകളില്‍ നടത്തിയ സംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്ക് വനംവന്യജീവിവകുപ്പാണ് വനമിത്രപുരസ്‌കാരം നല്‍കിയത്.
നാട്ടുകാരായ പരമേശ്വരക്കുറുപ്പ്, ഗോപിനാഥക്കുറുപ്പ്, രാമചന്ദ്രക്കുറുപ്പ്, രാധാകൃഷ്ണക്കുറുപ്പ്, പ്രഭാകരക്കുറുപ്പ്, കെ.രാജേന്ദ്രന്‍, എം.ആര്‍.മനോജ്, എം.ആര്‍.പ്രശാന്ത്, അനീഷ്, രഞ്ജിത്ത്, ശരത്ത്, പ്രദീപ് എന്നിവര്‍ കാവുസംരക്ഷണത്തിനായി രംഗത്തെത്തിയവരാണ്.