കൊട്ടാരക്കര: അവധിക്കാലം കളിച്ചുകളയാതെ പരിസ്ഥിതിക്കായി മാറ്റിവച്ച താമരക്കുടി ശിവവിലാസം സ്‌കൂളിലെ ഒരുകൂട്ടം വിദ്യാര്‍ഥികള്‍ നടത്തിയത് ഭഗീരഥപ്രയത്‌നം. നാട്ടിലെമ്പാടും നടന്ന് മുളം തൈകള്‍ ശേഖരിച്ച ഇവര്‍ പരിസ്ഥിതി വാരാചരണത്തില്‍ ഇരുപത്തയ്യായിരത്തോളം മുളം തൈകള്‍ കല്ലടയാറിന്റെ തീരങ്ങളില്‍ നടും. നദീതീരസംരക്ഷണത്തിനും പരിസ്ഥിതിസംരക്ഷണത്തിനും മുള പോലെ നല്ലൊരു ചെടിയില്ലെന്ന തിരിച്ചറിവ് പ്രവൃത്തിപഥത്തിലെത്തിക്കുകയാണ് സ്‌കൂളിലെ പരിസ്ഥിതി ക്ലബ് പ്രവര്‍ത്തകരായ കുട്ടികള്‍.
മൈലം, പട്ടാഴി പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് പദ്ധതി. പഞ്ചായത്തുകള്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലങ്ങളില്‍ കുട്ടികള്‍ തൈകള്‍ എത്തിക്കും. കുടുംബശ്രീ യൂണിറ്റുകള്‍ അവ തീരങ്ങളില്‍ നടും. തീരങ്ങള്‍ ഇടിഞ്ഞുതാണ് നശിക്കുന്ന കല്ലടയാറിന്റെ നിലനില്പിനൊപ്പം ആഗോളതാപനം ചെറുക്കാനും തങ്ങളുടെ പ്രയത്‌നത്തിന് കഴിയുമെന്ന് വിദ്യാര്‍ഥികള്‍ വിശ്വസിക്കുന്നു. അളവില്ലാത്തവിധം ഏക്കര്‍ സ്ഥലമാണ് കല്ലടയാറിന്റെ തീരങ്ങളില്‍ ഇല്ലാതായത്. അധികാരികളാരും ഇതിനെ ഗൗരവമായി കണ്ടില്ല. തീരത്തെമ്പാടും മുള നട്ടുപിടിപ്പിക്കുന്നതിലൂടെ തീരമിടിച്ചിലിന് പരിഹാരമാകും. ഇരുപതിനായിരത്തിലധികം മുളം തൈകള്‍ ഇവര്‍ ചെറു കവറുകളിലാക്കിക്കഴിഞ്ഞു. സ്‌കൂളില്‍ത്തന്നെ നഴ്‌സറികള്‍ തയ്യാറാക്കി മുളയരി വിതച്ചും കൊട്ടാരക്കര, പ്രാക്കുളം സോഷ്യല്‍ ഫോറസ്ട്രികളില്‍നിന്നുമാണ് തൈകള്‍ ശേഖരിച്ചത്. ഒരുകാലത്ത് കല്ലടയാറിന്റ തീരങ്ങളില്‍ യഥേഷ്ടമായുണ്ടായിരുന്ന മുളങ്കുട്ടങ്ങള്‍ വെട്ടിനശിപ്പിച്ചതാണ് കല്ലടയാറിന്റെ നാശത്തിന് വഴിവച്ചത്. നഷ്ടപ്പെട്ട മുളസമ്പത്തിനെ തിരിച്ചുകൊണ്ടുവരികയാണ് ലക്ഷ്യമെന്ന് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്ന അധ്യാപകന്‍ അശോക് കുമാര്‍ പറയുന്നു. വര്‍ഷാന്ത്യ പരീക്ഷക്ക് ശേഷമായിരുന്നു മുളം തൈകള്‍ ശേഖരിക്കാനുള്ള യത്‌നം കുട്ടികള്‍ തുടങ്ങിയത്. കാവുകളില്‍ വൃക്ഷങ്ങള്‍ വച്ചുപിടിപ്പിച്ച് സംരക്ഷിക്കുക, മണ്‍കയ്യാലകള്‍ നിര്‍മിച്ചു നല്‍കുക, മാലിന്യനിര്‍മാര്‍ജനം തുടങ്ങി നിരവധി പരിസ്ഥിതിസൗഹാര്‍ദ്ദ പ്രവര്‍ത്തനങ്ങള്‍ നടത്തി ശ്രദ്ധേയരായവരാണ് ഇവിടത്തെ വിദ്യാര്‍ഥികള്‍.