പേരിയ വനം, ജൈവവൈവിധ്യ കലവറ

Posted on: 05 Jun 2015


കല്പറ്റ: രാജ്യത്തെ 25 സമ്പുഷ്ട ജൈവവൈവിധ്യ കലവറയില്‍ ഒന്നായ പേരിയ ജീന്‍ പൂള്‍ മേഖല ലോകശ്രദ്ധയില്‍ പതിഞ്ഞിട്ട് ഒന്നര നൂറ്റാണ്ടു പൂര്‍ത്തിയാവുന്നു.

പ്രമുഖരായ പല സസ്യവന ശാസ്ത്രജ്ഞന്മാരുടെ ശേഖരത്തില്‍ ഈ പ്രദേശങ്ങളിലെ ചെടികളുടെ സാന്നിധ്യമുണ്ട്. റിച്ചാര്‍ഡ് ഹെന്‍ട്രി ബെസ്സോം, സി.ഇ.സി. ഫിഷര്‍, ഇ. ബോര്‍ണി തുടങ്ങിയവര്‍ ഇതിനെ സാക്ഷ്യപ്പെടുത്തുന്നു. പ്രാഥമിക പഠനങ്ങളില്‍നിന്ന് തിരിച്ചറിഞ്ഞിട്ടുള്ള 500റോളം സസ്യങ്ങളില്‍ 128 ജനുസ്സുകളും ഈ പശ്ചിമഘട്ട മലനിരകളിലുണ്ട്. ഇതില്‍ 65ഓളം ജനുസ്സുകല്‍ വംശനാശ ഭീഷണി നേരിടുന്നവയാണ്.

'യൂജീനിയ അര്‍ജന്റീയ' എന്ന കേസലി കൂട്ടം 186874 കാലഘട്ടത്തില്‍ പേരിയ വനത്തില്‍ നിന്നും കേണല്‍ ആര്‍.എച്ച്. ബസ്സോം ശാസ്ത്രലോകത്തിനു പരിചയപ്പെടുത്തി. 130 വര്‍ഷത്തിനുശേഷം ജീന്‍ പൂള്‍ കണസര്‍വേഷന്‍ ഏരിയ സര്‍വേ ടീം ഈ ചെടികള്‍ ഇവിടെ നിലനില്ക്കുന്നതായി കണ്ടെത്തി. ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത 'റോയല്‍ ഫേണ്‍' എന്ന പന്നല്‍ച്ചെടിയും ഇവിടെ സമൃദ്ധം.

വെള്ളക്കാശാവ് എന്നറിയപ്പെടുന്ന മെമിസിലോണ് സിസ്പാറന്‍സി, മിസാ വെല്യൂട്ടിന, റാംഗിയ ഡിസ്പാറന്‍സിസ്, ഒസ്ബിക്കയ വയനാടന്‍സിസ് തുടങ്ങി അപൂര്‍വ സസ്യജനുസ്സുകളുടെ പട്ടിക വയനാടന്‍ കാടുകളില്‍ നീളുകയാണ്. നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന ഔഷധസസ്യങ്ങളുടെയും അലങ്കാര ചെടികളുടെയും അമൂല്യനിധി സൂക്ഷിപ്പുകേന്ദ്രംകൂടിയാണ് ഈ കാടുകള്‍. അഗസ്ത്യമലനിരകളില്‍ മാത്രമായി കണ്ടുവരുന്ന കാട്ടുതെറ്റി 'ഇക്‌സറോ അഗസ്ത്യമലയാന ഈ വനാന്തരങ്ങളിലും കണ്ടെത്തുകയുണ്ടായി.

പാമ്പുവിഷത്തിനു പ്രതിവിഷമായി ഇവിടത്തെ ആദിവാസി സമൂഹം ഉപയോഗിച്ചുവരുന്ന 'അല്പം' എന്ന കുറ്റിച്ചെടി ശാസ്ത്രലോകത്തിനു മുതല്‍ക്കൂട്ടായിരിക്കുകയാണ്. ഒരുദിവസംകൊണ്ട് ജീവിതചക്രം അവസാനിപ്പിക്കുന്ന ശപോജീവിയായ ഓര്‍ക്കിഡ് എപ്പിപ്പോജിയം റോസിയം ജീന്‍ പൂള്‍ മേഖലയില്‍ യഥേഷ്ടം കണ്ടെത്തുകയുണ്ടായി. കേരളത്തില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ള 97 ഇനം സസ്തനികളില്‍ 36 ഇനങ്ങള്‍ ഇവിടെ നിലനില്ക്കുന്നു.

കേരളത്തിലെ 483 ഇനം പക്ഷികളില്‍ 136 എണ്ണം ഈ കാടുകളില്‍ കാണപ്പെടുന്നു. നീലത്തത്ത, നാട്ടുവേഴാമ്പല്‍, ഗ്രേഹെഡഡ് ബുള്‍ബുള്‍, ഓലേഞ്ഞാലി തുടങ്ങി വംശനാശം നേരിടുന്ന മലബാര്‍ ട്രോഗണ്‍, ഓറിയന്റല്‍ സ്‌കാപ്‌സ് ഔള്‍, കറുത്ത ഇരട്ടത്തലച്ചി എന്നിവയും ഈ ഹരിതകാന്തിയില്‍ പാറിനടക്കുന്നു. ഉരഗവര്‍ത്തില്‍പ്പെട്ട രാജവെമ്പാല, മൂര്‍ഖന്‍, വെള്ളിക്കെട്ടന്‍, അണലി, ചുരുട്ട തുടങ്ങിയ 11 ഇനം പാമ്പുകളും രണ്ടിനം ആമവര്‍ഗങ്ങളും ഇവിടെ കണ്ടെത്തിയിരുന്നു

കേരളത്തിലുള്ള 313 ഇനം ചിത്രശലഭങ്ങളില്‍ 109 എണ്ണം ചന്ദനത്തോട് വനമേഖലയില്‍ മാത്രം കണ്ടുവരുന്നുണ്ട്. മലബാര്‍ റാവണ്‍, സതേണ്‍ബേഡ് വിങ് എന്നിവയും ഇതില്‍പ്പെടും. ഇവയെ സ്വാഭാവിക വനമായി സംരക്ഷിക്കാന്‍ പരിസ്ഥിതി കൂട്ടായ്മകള്‍ ഏറെ പരിശ്രമിക്കുന്നു.



1

 

ga