കല്പറ്റ: പശ്ചിമഘട്ടത്തിന് അതിരുനില്‍ക്കുന്ന ഹരിതാഭമായ മലനിരകളായിരുന്നു ഒരുകാലത്ത് വയനാടിന്റെ പ്രൗഢി. ഏതു വേനലിലും കുളിരു പകര്‍ന്നൊഴുകിയിരുന്ന അരുവികളും ശീതളമായ കാലാവസ്ഥയും പതിറ്റാണ്ടുകളോളം വയനാടിനെ മറ്റു നാടുകളില്‍നിന്നും വേര്‍തിരിച്ചു.
ശരാശരി താപനില 15 ഡിഗ്രി സെന്റിേഗ്രഡില്‍ നിന്ന് വേനല്‍ച്ചൂട് 29 ഡിഗ്രിയായി കുതിച്ചുയര്‍ന്നു. സദാസമയവും ഉറവവറ്റാതെ പാപനാശിനിയിലൂടെ ഒഴുകിയിരുന്ന കാളിന്ദിപോലും മഴക്കാലം കഴിയുന്നതോടെ വരണ്ടുപോകുന്നു. നഷ്ടമാകുന്ന ഹരിതവനങ്ങളും പരിസ്ഥിതിചൂഷണവുമാണ് ഇതിനെല്ലാം കാരണമായി ചൂണ്ടിക്കാണിക്കുന്നത്. മഞ്ഞും മഴയും അകലുന്ന കാഴ്ചകളാണ് ഇവിടെ ബാക്കിയാകുന്നത്
കബനിയുടെ ഉത്ഭവസ്ഥാനമായ തൊണ്ടാര്‍മുടി തുടങ്ങി വയനാടിനെ വളഞ്ഞുനില്‍ക്കുന്ന മലനികരളാണ് കാട്ടരുവികളുടെ ജലസ്രോതസ്സ്. അതിരുകടന്ന വനംകൊള്ളയും കാട്ടുതീയുമാണ് മലനിരകളെ മൊട്ടക്കുന്നുകളാക്കുന്നത്.
വിസ്തൃതിയില്‍ ഏറെയുള്ള സ്വഭാവികവനഭൂമി സംരക്ഷിക്കാന്‍ പദ്ധതികള്‍ നിരവധി. വര്‍ഷം തോറും ചോലവന സംരക്ഷണത്തിന് നടപടികള്‍ ഒന്നുമില്ല. സമുദ്രനിരപ്പില്‍നിന്ന് 2,500 അടി ഉയരത്തിലുള്ള ബാണാസുരമലനിരകളില്‍ ചോലവനങ്ങള്‍ ധാരാളമുണ്ടായിരുന്നു. ചെമ്പ്രമലനിരകളും ചോലവനസമൃദ്ധമായിരുന്നു.
വന്യജീവിപരിപാലനത്തിനായി കോടിക്കണക്കിന് രൂപയാണ് പ്രതിവര്‍ഷം വന്നെത്തുന്നത്. പരിസ്ഥിതിപ്രധാന്യം കണക്കിലെടുത്ത് ആസൂത്രിത പദ്ധതികളാണ് ഇവിടെ ആവശ്യമായുള്ളത്. യൂക്കാലിപ്റ്റസ്, തേക്ക് തുടങ്ങിയ മരങ്ങളുടെ വ്യാപനം ഗുണത്തേക്കാളേറെ ദോഷം വരുത്തിവെക്കുന്നു. കാട്ടരുവികള്‍ വേനലിന്റെ തുടക്കത്തില്‍ കണ്ണടയ്ക്കുന്നതിനാല്‍ കടുത്ത വരള്‍ച്ച കാടിനുള്ളില്‍പ്പോലും രൂക്ഷമാണ്. ഭൂവിസ്തൃതിയുടെ 13 ശതമാനമാണ് വയനാട്ടില്‍ നിബിഢവനമായുണ്ടായിരുന്നത്. 1,677 ചതുരശ്ര കിലോമീറ്റര്‍ വനവിസ്തൃതിയുള്ള വയനാട് ജില്ലയാണ് കേരളത്തില്‍ വനമേഖലയുടെ കാര്യത്തില്‍ മുന്‍പന്തിയിലുള്ളത്.
വനവുമായി ബന്ധപ്പെട്ട ആവാസവ്യവസ്ഥയാണ് ഇവിടെ നിലനിന്നിരുന്നത്. നീലഗിരി ജൈവമണ്ഡലത്തില്‍ അപൂര്‍വമായി കണ്ടുവരുന്ന ഒട്ടനവധി ജന്തുജാലങ്ങള്‍ ഇവിടെനിന്ന് പടിയിറങ്ങി. പക്ഷിപാതാളമടക്കമുള്ള ഗിരിനിരകള്‍ എന്നും വിസ്മയമായിരുന്നു. ഇതെല്ലാം ഇനി എത്രനാള്‍ ശേഷിക്കുമെന്ന ആശങ്കകളാണ് ഇവിടെ ഉയരുന്നത്. കര്‍ണാടകയില്‍നിന്നുമുള്ള ഉഷ്ണക്കാറ്റിനെ തടഞ്ഞുനിര്‍ത്തുന്ന ഗ്രീന്‍ ബെല്‍റ്റുകള്‍ നശിച്ചതോടെ വയനാട്ടിലെ താപനിലയില്‍ മാറ്റംവന്നു. കൃഷിയിടങ്ങള്‍ കൂടുതല്‍ ഊഷരമാകുന്നതാണ് ഇപ്പോഴത്തെ പ്രധാന പ്രശ്‌നം. വനനശീകരണവും മണ്ണൊലിപ്പും കൂടുതലാകുന്നതാണ് കടുത്ത വരള്‍ച്ചയ്ക്ക് കാരണമാകുന്നത്.
ജലസാക്ഷരതയുടെ പാഠങ്ങളും വയനാടിന് എന്നേ അന്യമായി. അമ്പലക്കുളങ്ങളും ആരാധനലായങ്ങളോടു ചേര്‍ന്നുള്ള കുളങ്ങളും ഇന്ന് ശുഷ്‌കമാണ്. പാരമ്പര്യജലസ്രേതസ്സുകളെ പരിപാലിക്കുന്നതിലുള്ള വീഴ്ചകള്‍ വരള്‍ച്ചയെ ക്ഷണിച്ചുവരുത്തുന്നു.
അലക്കാനും കുളിക്കാനും എന്നതിലുപരി ജലസ്രോതസ്സുകളെ വരുന്ന തലമുറകള്‍ക്കുവേണ്ടി പരിപാലിക്കുക എന്ന ഉത്തരവാദിത്വമാണ് ഗതകാല വയനാട് ഏറ്റെടുത്തിരുന്നത്. പനങ്കുറ്റിയിലും കേണിയിലുമായി തെളിനീരുറവകള്‍ സൂക്ഷിക്കുന്ന ഗ്രാമങ്ങള്‍ വയനാട്ടില്‍ ധാരാളമുണ്ടായിരുന്നു. ഏതുവേനലിലും തെളിനീര്‍ ചുരത്തുന്ന ഈ ജലസ്രോതസ്സുകള്‍ കാലങ്ങളോളം കണ്ണടയ്ക്കാതെ നിന്നു. ഇന്നിത് അപൂര്‍വകാഴ്ചയാണ്. നെല്ലിനു പകരം വാഴകൃഷി വ്യാപകമായതോടെ ചതുപ്പ് നിലങ്ങളും വയനാടിന് അന്യമായി. ജലനിരപ്പ് ഭൂ ഉപരിതലത്തില്‍നിന്നും എട്ടടിയോളം താഴ്ന്നുപോയതായി പഠനം വ്യക്തമാക്കുന്നു. പുഴയോരത്തുള്ള മരങ്ങള്‍ കൂട്ടത്തോടെ കൊള്ളയടിക്കപ്പെട്ടതോടെ പുഴകളും തീരങ്ങള്‍ ഇടിഞ്ഞമര്‍ന്ന് ഇല്ലാതായി. പുഴയുടെ സ്വാഭാവികമായ ഒഴുക്ക് തടയപ്പെട്ടതോടെ മഴക്കാലത്ത് പ്രളയവും ഇവിടെ പതിവായി. പുഴയോരവനവത്കരണം എവിടെയുമെത്തിയിട്ടില്ല.