പഴയ പ്രതാപത്തിലേക്ക് ബെല്ലടിച്ച് അതിവേഗം ചവിട്ടിപ്പായുകയാണ് സൈക്കിള്‍. ന്യൂജന്‍ സിനിമകളിലെ നായകര്‍ക്കൊപ്പം പുതുതലമുറയും സൈക്കിള്‍ ചവിട്ടിത്തുടങ്ങി. നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം എന്ന പോലെയാണ് സൈക്കിളും. പെട്രോളും ഡീസലും വേണ്ട, വായുശബ്ദ മലിനീകരണവുമില്ല.
കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ. പവിത്രനും എറണാകുളം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായ ചന്ദ്രഹാസന്‍ വടുതലയും ഒക്കെ ഇതു തിരിച്ചറിഞ്ഞിട്ട് വര്‍ഷങ്ങളായി. കഴിഞ്ഞ 45 വര്‍ഷമായി സൈക്കിളിലാണ് നാട്ടുകാരുടെ സ്വന്തം പവിത്രേട്ടന്റെ സഞ്ചാരം. നേരത്തേ പത്തുകിലോമീറ്റര്‍ ദൂരെ വരെ സൈക്കിളില്‍ പോകാറുണ്ടായിരുന്നു. പ്രായമായതിനാല്‍ ഇപ്പോള്‍ യാത്ര അല്പം കുറച്ചിട്ടുണ്ട് ഈ 68കാരന്‍. ''സൈക്കിളിന് ഇന്ധനം വേണ്ടല്ലോ....പിന്നെ ആരോഗ്യത്തിനും നല്ലതാണ്'' അദ്ദേഹം സൈക്കിള്‍ പ്രേമത്തിന്റെ കാരണം വെളിവാക്കി.
ചന്ദ്രഹാസന്‍ വടുതല സൈക്കിളില്‍ കറങ്ങാന്‍ തുടങ്ങിയിട്ട് 25 വര്‍ഷത്തോളമായി. വടുതലയിലെ വീട്ടില്‍ നിന്ന് എറണാകുളത്തെ ഓഫീസിലേക്കും തിരിച്ചും ദിവസവും അദ്ദേഹം സൈക്കിളില്‍ സഞ്ചരിക്കുന്നത് 13 കിലോമീറ്ററാണ്. നഗരത്തിലെ പരിപാടികള്‍ക്കും ചില ദിവസങ്ങളില്‍ അദ്ദേഹം സൈക്കിളെടുക്കും. ബൈക്കുണ്ടെങ്കിലും അത്യാവശ്യഘട്ടങ്ങളിലേ ഉപയോഗിക്കാറുള്ളൂ. നഗരത്തിലെ ഗതാഗതക്കുരുക്കില്‍ സൈക്കിളിലാണ് വേഗത്തിലെത്താനാവുകയെന്നതാണ് അദ്ദേഹത്തിന്റെ അനുഭവം.
സൈക്കിള്‍പ്രേമികള്‍ക്ക് സന്തോഷംനല്‍കുന്നതാണ് തിരുവനന്തപുരം പാപ്പനംകോട് സ്വദേശിയും മെക്കാനിക്കല്‍ എന്‍ജിനീയറുമായ എം.എസ്. അതിരൂപ് തുടങ്ങിയ അതിരൂപ് ബൈസിക്കിള്‍ ക്ലബ്ബ് (എ.ബി.സി.). തിരുവനന്തപുരം നഗരം, ടെക്‌നോപാര്‍ക്ക്, എറണാകുളം നഗരം, കൊച്ചി ഇന്‍ഫോപാര്‍ക്ക് എന്നിവിടങ്ങളിലായി സൈക്കിള്‍ വാടകയ്‌ക്കെടുക്കാവുന്ന അമ്പതോളം റാക്കുകളാണ് എ.ബി.സി. തുടങ്ങിയത്. തുച്ഛമായ തുകയ്ക്ക് ഇവിടെ നിന്ന് സൈക്കിളെടുത്ത് ഏത് റാക്കിലും തിരിച്ചുവെക്കാവുന്ന രീതിയിലാണ് ക്ലബ്ബിന്റെ പ്രവര്‍ത്തനം. ടെക്കികളായ ഒരുപാട് യുവാക്കള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്.?
സൈക്കിളില്‍ കയറിപ്പറ്റാന്‍ കുട്ടികളും ഇപ്പോള്‍ ആവേശം കാണിക്കുന്നുണ്ട്. കാസര്‍കോട് ഉദിനൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 1500ഓളം വിദ്യാര്‍ഥികളില്‍ 1300ലേറെപ്പേര്‍ സൈക്കിളിലെത്തുന്നവരാണ്. പാവപ്പെട്ടവര്‍ക്ക് സൈക്കിള്‍ വാങ്ങിനല്‍കാനുള്ള പദ്ധതിയും ഇവിടെയുണ്ട്.