കൊച്ചി: പരിസ്ഥിതിയെ നശിപ്പിക്കുന്നതാണ് വ്യവസായ വളര്‍ച്ച എന്നത് പഴങ്കഥയായേക്കും. പരിസ്ഥിതിഊര്‍ജ സംരക്ഷണത്തിന്റെ വില അറിയുന്നവര്‍ ഇപ്പോള്‍ വ്യവസായികള്‍ക്കിടയിലുണ്ട്.
കേരളത്തിലെ രണ്ട് പ്രമുഖ ബിസിനസ് ഗ്രൂപ്പുകളായ വിഗാര്‍ഡ് ഇന്‍ഡസ്ട്രീസിന്റെയും ജിയോജിത് ബി.എന്‍.പി. പാരിബയുടെയും കോര്‍പ്പറേറ്റ് ആസ്ഥാനങ്ങള്‍ ഇതിനു ദൃഷ്ടാന്തങ്ങളാണ്. പരിസ്ഥിതിക്കും ഊര്‍ജ സംരക്ഷണത്തിനും പ്രാധാന്യംനല്‍കി നിര്‍മിച്ച ഗ്രീന്‍ ബില്‍ഡിങ്ങുകളാണ് ഇവ.
പാലാരിവട്ടത്തിനടുത്ത് വെണ്ണലയിലാണ് വിഗാര്‍ഡിന്റെ കോര്‍പ്പറേറ്റ് ഓഫീസ്. 12 നിലകളിലായി, ഹരിത നിര്‍മിതി തത്വങ്ങളനുസരിച്ചാണ് നിര്‍മാണം. ചുറ്റിലും ചെടികളോടുകൂടിയ രണ്ട് മീറ്റര്‍ വീതിയുള്ള വരാന്തയാണ് ഈ കെട്ടിടത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം. ഓരോ നിലകളിലും ചെടികള്‍ നട്ടുപിടിപ്പിച്ചിരിക്കുന്നു. തുള്ളിനന രീതിയിലൂടെയാണിവ നനയ്ക്കുന്നത്.
ജീവനക്കാര്‍ ജോലിചെയ്യുന്ന ഈ ഓഫീസ് സമുച്ചയത്തില്‍ സെന്‍ട്രലൈസ്ഡ് എയര്‍കണ്ടീഷനര്‍ ഇല്ല. പരമാവധി വായുപ്രവാഹം സാധ്യമാക്കിയിട്ടുള്ളതിനാലാണിത്. ഓരോ നിലകള്‍ക്കും കൂടുതല്‍ ഉയരവും നല്‍കിയിട്ടുണ്ട്. സാധാരണ കെട്ടിടത്തെ അപേക്ഷിച്ച് നാലിലൊന്ന് മാത്രമാണ് വൈദ്യുതി ഉപയോഗമെന്ന് വിഗാര്‍ഡ് ഇന്‍ഡസ്ട്രീസ് മാനേജിങ് ഡയറക്ടര്‍ മിഥുന്‍ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു. മഴവെള്ള സംഭരണി, മലിനജല ശുദ്ധീകരണ പ്ലാന്റ് എന്നിവയും വിഗാര്‍ഡ് കോര്‍പ്പറേറ്റ് കേന്ദ്രത്തെ പരിസ്ഥിതി സൗഹൃദ കെട്ടിടമാക്കി മാറ്റുന്നു.
പാലാരിവടത്തിനുടത്തുതന്നെ ചെമ്പുമുക്കില്‍ 1.05 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് ജിയോജിത് ബി.എന്‍.പി. പാരിബയുടെ കോര്‍പ്പറേറ്റ് ഓഫീസ്. ലീഡര്‍ഷിപ്പ് ഇന്‍ എനര്‍ജി ആന്‍ഡ് എന്‍വയോണ്‍മെന്റ് ഡിസൈന്‍ ഇന്ത്യയുടെ ഗ്രീന്‍ ബില്‍ഡിങ് മാനദണ്ഡങ്ങള്‍ അനുസരിച്ച് നിര്‍മിച്ചിരിക്കുന്ന കെട്ടിടത്തിന് 'ഗോള്‍ഡ്' റേറ്റിങ് ലഭിച്ചിട്ടുണ്ട്.
സാധാരണ കെട്ടിടങ്ങളെക്കാള്‍ ഏതാണ്ട് 50 ശതമാനം കുറവ് വൈദ്യുതിയേ ജിയോജിത് കോര്‍പ്പറേറ്റ് ബില്‍ഡിങ്ങിന്റെ പ്രവര്‍ത്തനത്തിന് വേണ്ടിവരുന്നുള്ളൂ. ജലമാകട്ടെ, 40 ശതമാനം കുറച്ചുമതി. കാര്യക്ഷമമായ ഊര്‍ജ മാനേജ്‌മെന്റും കുറഞ്ഞ ജല വിനിയോഗവുമാണ് ഇതിന് സഹായിക്കുന്നതെന്ന് ജിയോജിത് ബി.എന്‍.പി. പാരിബ മാനേജിങ് ഡയറക്ടര്‍ സി.ജെ. ജോര്‍ജ് പറഞ്ഞു.