ഉത്തരാഖണ്ഡിലെ പിത്തോറഗഢില്‍ മരങ്ങളുമായി പോകുന്ന 130 ഇന്‍ഫന്‍ട്രി ബറ്റാലിയനിലെ പരിസ്ഥിതിദൗത്യസേന
ന്യൂഡല്‍ഹി: പട്ടാളം എന്നുകേള്‍ക്കുമ്പോള്‍ തോക്കും വെടിയുണ്ടയുമൊക്കെയാവും ആദ്യം മനസ്സിലെത്തുക. എന്നാല്‍, ഉത്തരാഖണ്ഡിലെ പിത്തോറഗഢ് ജില്ലയിലെ 130 ഇന്‍ഫന്‍ട്രി ബറ്റാലിയനിലെ ജവാന്‍മാര്‍ക്ക് ഇവയൊന്നുമില്ല. മരങ്ങള്‍ നട്ടുവളര്‍ത്തി ജീവനെപ്പോലെ പരിപാലിക്കുകയാണ് ഇവരുടെ ദൗത്യം. തങ്ങളുടെ നഴ്‌സറിയില്‍ വികസിപ്പിച്ചെടുത്ത ചെടികള്‍ ഉപയോഗിച്ച് ഉത്തരാഖണ്ഡിലെ കുമയൂണ്‍ മേഖലയില്‍ മരങ്ങള്‍ നിറയ്ക്കുന്നു.
20വര്‍ഷത്തിനിടെ ഇവര്‍ നട്ടുവളര്‍ത്തിയത് ഒന്നരക്കോടി മരങ്ങളാണ്. അതിലൂടെ ഹരിതാഭമാക്കിയതോ 15,000 ഹെക്ടര്‍ ഭൂമിയും. പ്രതിരോധ മന്ത്രാലയത്തിന്റെയും പരിസ്ഥിതിമന്ത്രാലയത്തിന്റെയും സംയുക്ത സംരംഭമാണ് ഇക്കോളജിക്കല്‍ ടാസ്‌ക് ഫോഴ്‌സ് എന്ന പരിസ്ഥിതിദൗത്യസേന. ഉത്തരാഖണ്ഡില്‍ രണ്ടും ജമ്മുകശ്മീരിലും രാജസ്ഥാനിലും ഓരോന്നുവീതവുമായി ഇത്തരത്തിലുള്ള നാലുസേന നിലവിലുണ്ട്. ലോകത്തുതന്നെ ആദ്യമാണ് പരിസ്ഥിതി സംരക്ഷണത്തിനുമാത്രമായി ഒരു സേന.
വനവത്കരണംതന്നെയാണ് പ്രധാന ദൗത്യം. കുമയൂണ്‍ ബറ്റാലിയനുകീഴീല്‍ ആയിരം ഹെക്ടറില്‍ പരന്നുകിടക്കുന്ന രണ്ട് നഴ്‌സറികളുണ്ട്. സാധാരണ പട്ടാളത്തില്‍നിന്ന് വിരമിച്ചവരാണ് ഈ പ്രാദേശികസേനയില്‍ വരുന്നത്. വര്‍ഷത്തില്‍ എട്ടുമാസം ജോലി. ബാക്കി നാലുമാസം വീട്ടിലേക്ക് പോകാം. ഒരു മേഖലയില്‍ നാലുവര്‍ഷത്തോളം ഇവര്‍ പ്രവര്‍ത്തിക്കും. ചെടികള്‍ വളര്‍ന്ന് വലുതായാല്‍ പ്രാദേശിക ഭരണകൂടത്തിന് കൈമാറും. ചെടികള്‍ക്ക് വേലികെട്ടുക, വെള്ളമൊഴിക്കുക, വളമിടുക, കാലികളില്‍നിന്നും മനുഷ്യരില്‍നിന്നും സംരക്ഷിക്കുക... അങ്ങനെ സദാ കര്‍മനിരതരാണ് ഇവര്‍. അഞ്ചുവര്‍ഷമായാല്‍ ചെടികള്‍ നട്ട പ്രദേശം സര്‍പ്പഞ്ചിന് (ഗ്രാമമുഖ്യന്‍) കൈമാറും. ഈ വര്‍ഷം സ്‌കൂള്‍ കുട്ടികളുടെ സഹായത്തോടെ പരിസ്ഥിതിദിനത്തില്‍ ഒറ്റദിവസംകൊണ്ട് ഒരു ലക്ഷം ചെടികള്‍ നടാനാണ് പരിപാടി.
കാര്‍ഷികസമ്പത്തിക ശാസ്ത്രജ്ഞനായ നോര്‍മന്‍ ബോര്‍ലോഗിന്റെ ഉപദേശമനുസരിച്ച് 1980ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് സേനയ്ക്ക് രൂപംനല്‍കിയത്. ഗഡ്‌വാള്‍ റെജിമെന്റിന് കീഴിലുള്ള ഇതിന്റെ ആസ്ഥാനം ഡെറാഡൂണ്‍ ആണ്. മരുഭൂമികള്‍ നിറഞ്ഞ രാജസ്ഥാനില്‍ ജല സംരക്ഷണവനവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി ജയ്‌സാല്‍മീര്‍ ആസ്ഥാനമായി മറ്റൊരു സേനയും രൂപവത്കരിച്ചു. 1988ല്‍ ജമ്മുകശ്മീരിലും 1994ല്‍ പിത്തോറഗഢിലും പുതിയ സേനകള്‍ വന്നു.