പരിസ്ഥിതിസംരക്ഷണത്തിന് ഇരവിപേരൂരിന്റെ മാതൃക

Posted on: 22 Mar 2015

ഇരവിപേരൂര്‍: റോഡ് ടാറിങ്ങിന് പ്ലാസ്റ്റിക്ക്് പുനരുപയോഗിച്ച് വിജയംവരിച്ച് ഇരവിപേരൂര്‍ ഗ്രാമ പ്പഞ്ചായത്ത് പരിസ്ഥിതിസംരക്ഷണത്തിന് മാതൃകയായി.വീടുകളിലും കച്ചവടസ്ഥാപനങ്ങളിലും ബാധ്യതയായി മാറുന്ന പ്ലാസ്റ്റിക്ക് കവറുകളും കുടിവെള്ളകുപ്പികളും റോഡ്ടാറിങ്ങിന് ഉപയോഗിച്ചാണ് നേട്ടം കൊയ്തത്.കഴിഞ്ഞവര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ പദ്ധതി ഈ സാമ്പത്തികവര്‍ഷത്തില്‍ വ്യാപകമാക്കി.

ഇത് വിജയമായതിനെത്തുടര്‍ന്നാണ് എല്ലാ വാര്‍ഡുകളിലും ബിറ്റുമിനോടൊപ്പം പ്ലാസ്റ്റിക്ക് ചേര്‍ത്ത് റോഡ് ടാര്‍ ചെയ്യാന്‍ തീരുമാനിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എന്‍.രാജീവ് അറിയിച്ചു. പ്ലാസ്റ്റിക്ക് ദോഷകരമാണെന്ന് വിദഗ്ധര്‍ പരിസ്ഥിതി ഗ്രാമസഭകളില്‍ വിവരിച്ചതിനെത്തുടര്‍ന്ന് പ്രതിവിധിയായി ഇവിടെ പ്ലാസ്റ്റിക്ക് റീസൈക്ലിങ് യൂണിറ്റ് ആരംഭിക്കണമെന്ന നിര്‍ദ്ദേശം വന്നിരുന്നു.

ശുചിത്വമിഷന്റെ സഹായത്തോടെ 2.10 ലക്ഷം മുടക്കി പഞ്ചായത്ത് പ്ലാസ്റ്റിക്ക് അരിയുന്ന യന്ത്രം സ്ഥാപിച്ചതോടെ ഇവയുടെ പുനരുപയോഗം സാധ്യമായി.വീടുകളില്‍ നിന്ന് കവറുകളും കുപ്പികളും മറ്റും ശേഖരിക്കുന്നതിന് അങ്കണ്‍വാടികള്‍,സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ പ്രത്യേക ശേഖരണികള്‍ വച്ചിരുന്നു. ഇങ്ങനെ ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് യന്ത്രം ഉപയോഗിച്ച് തരി രൂപത്തിലാക്കിയാണ് ടാറിങ്ങിന് ഉപയോഗിക്കുന്നത്.

ആദ്യം 500 മീറ്റര്‍ റോഡ് ഇതുപയോഗിച്ച് ടാര്‍ ചെയ്യുകയുണ്ടായി.ടാറിനൊപ്പം 8 ശതമാനം പ്ലാസാറ്റിക്ക് കൂടി ചേര്‍ത്തപ്പോള്‍ റോഡിന്റെ ആയുസ് വര്‍ധിക്കുന്നതായി ബന്ധപ്പെട്ട അധികൃതര്‍ തന്നെ കണ്ടെത്തി.ഇതേത്തുടര്‍ന്നാണ് ഇത്തരം ടാറിങ് വ്യാപമാക്കിയതെന്ന് പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനിയര്‍ പി.സി.രാഘവന്‍ പറഞ്ഞു.ശബരിമല തീര്‍ത്ഥാടനകാലത്ത് വനംവകുപ്പ് കൈമാറിയ 370 കിലോ പ്ലാസ്റ്റിക്കും ഇതിന് ഉപയോഗിക്കുകയുണ്ടയി.

ഐക്കരമലപുതുക്കാട്,തെക്കേപറമ്പില്‍ കണ്ണോലിപടി,മുരിങ്ങശ്ശേരി കൊല്ലകുന്നുമല,വടികുളംപ്രയദര്‍ശിനി,കിഴവറപടിതാന്നിക്കല്‍പടി,ശങ്കരമംഗലംകളത്തില്‍പടി,മൃഗാസ്പത്രിരാമനിലയം,എന്‍.എസ്.എസ്.ടി.ടി.ഐഇടശേര്യത്ത്പടി,തോട്ടപ്പുഴചേമ്പിലയന്‍,കോഴിമലപടിയറ എന്നീ റോഡുകളാണ് പ്ലാസ്റ്റിക്ക്കൂടി ഉപയോഗിച്ച് ടാറിങ് നടത്തുന്നത്.

ഇവ കത്തിക്കുന്നതിനുപകരം ചൂടായ മെറ്റിലിനും ടാറിനുമൊപ്പം ചേര്‍ക്കുകയാണ്. പ്ലാസ്റ്റിക്ക്‌ചേര്‍ത്ത റോഡിന്റെ പ്രതലത്തില്‍ ചെറിയ വെളുപ്പ് നിറം കാണാം.മഴക്കാലത്ത് വഴി പെട്ടെന്നുതകരുന്ന പ്രവണത ഇല്ലാതാകുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത.ഇതേക്കുറിച്ച് പഠിക്കാന്‍ ഇന്ത്യയ്ക്കകത്തു നിന്നും പുറത്തുനിന്നും ഏതാനും സംഘങ്ങള്‍ ഇരവിപേരൂരില്‍ എത്തിയിരുന്നു.




1

 

ga