ആലുവ: ശിവരാത്രി ബലിതര്‍പ്പണത്തിന് പേരുകേട്ട മണപ്പുറത്തിനോടു ചേര്‍ന്ന് പച്ചപ്പടര്‍പ്പായി നില്‍ക്കുന്ന കുട്ടിവനം ആലുവയുടെ ശ്വാസകോശമാണെന്ന് പറയാം. കത്തുന്ന മീനച്ചൂടിലും നഗരവാസികള്‍ക്ക് ആശ്വാസമാണ് ഈ ഹരിതവനം. രണ്ട് ഘട്ടമായി നട്ടുവളര്‍ത്തിയ കാടിന്റെ നീളം രണ്ടര കിലോമീറ്ററിലധികം വരും. മൊത്തം മരങ്ങള്‍ മൂവായിരത്തോളം. പരിസ്ഥിതി പ്രവര്‍ത്തകരുടെ വിജയകരമായ ഈ വനവത്കരണ മാതൃക ഇപ്പോള്‍ കാല്‍ നൂറ്റാണ്ടിലെത്തിയിരിക്കുകയാണ്.
മഴക്കാലത്ത് പുഴ കയറി ഒഴുകിയിരുന്നിടത്ത് മരങ്ങള്‍ നട്ടുപിടിപ്പിക്കുകയെന്ന പദ്ധതി കെ.ആര്‍. രാജന്‍ ജില്ലാ കളക്ടര്‍ ആയിരിക്കുമ്പോഴാണ് ആരംഭിച്ചത്. പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. എസ്. സീതാരാമന്‍ ഇതിനായുള്ള പ്രോജക്ട് ജില്ലാ ഭരണകൂടത്തിനു മുന്‍പാകെ സമര്‍പ്പിച്ചു.
1991ല്‍ പദ്ധതി നടപ്പിലാക്കാന്‍ തീരുമാനമായി. ചെളിയില്‍ മുങ്ങിക്കിടന്ന പുഴയുടെ ഒരരികാണ് ഇതിനായി തിരഞ്ഞെടുത്തത്. ആദ്യം ആയിരത്തോളം മരങ്ങളാണ് നട്ടുപിടിപ്പിച്ചത്. എന്നാല്‍ അന്ന് മുപ്പത് ശതമാനം വൃക്ഷത്തൈകള്‍ മാത്രമാണ് അതിജീവിച്ചത്.
പിന്നീട് കഠിന പ്രയത്‌നത്തിലൂടെ പുതിയവ നട്ടുപിടിപ്പിക്കുകയായിരുന്നുവെന്ന് വനവത്കരണത്തിന് നേതൃത്വം നല്‍കിയ കേരള വൃക്ഷ പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എസ്. സീതാരാമന്‍ പറഞ്ഞു. പെരിയാറിന്റെ വളക്കൂറ് കൂടിയായപ്പോള്‍ കാട് തഴച്ചുവളര്‍ന്നു.
1997ല്‍ ജനകീയാസൂത്രണ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാണ് രണ്ട് കിലോമീറ്റര്‍ നീളത്തില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ തീരുമാനിച്ചത്. ജൈവ വൈവിധ്യ കലവറയാണ് കുട്ടിവനം. 65 തരം മരങ്ങളുണ്ട് കുട്ടിവനത്തില്‍. രാത്രി കൂടണയാന്‍ ആയിരക്കണക്കിന് കിളികളും പാറിയെത്തും. കുട്ടിവനമെന്ന പേരിലുള്ള ഈ വനപ്രദേശം ഉള്‍പ്പെടുന്ന ഭാഗം സോഷ്യല്‍ ഫോറസ്ട്രിയുടെ ഭാഗമാക്കി സംരക്ഷിക്കണമെന്നും പ്രൊഫ. എസ്. സീതാരാമന്‍ പറയുന്നു.