എടവണ്ണ: പത്തപ്പിരിയം ഗവ. യു.പി സ്‌കൂളിലെ ആറ് ബി ക്‌ളാസ്സില്‍ 47 കുട്ടികള്‍ക്കൊപ്പം ഒരമ്മക്കിളിയും മൂന്നുകുട്ടികളും കൂടിയുണ്ട്. സില്‍സില എന്നുപേരിട്ട തൊപ്പിക്കിളി (ബുള്‍ബുള്‍ പക്ഷി)ക്ക് കൂട്ടായി തിങ്കളാഴ്ച രാവിലെയാണ് ആദ്യ കുഞ്ഞുപിറന്നത്. കുട്ടികളതിന് അക്കുവെന്നുപേരിട്ടു. ഉച്ചയോടെ രണ്ടാമത്തെ മുട്ടയും വിരിഞ്ഞു. അങ്ങനെയത് 'ഇക്കു'വായി. വൈകിട്ടോടെയാണ് 'കുക്കു'വെന്ന മൂന്നാമന്‍ വിരിഞ്ഞിറങ്ങിയത്.
ബ്‌ളാക്ക് ബോര്‍ഡിനുസമീപം അധ്യാപകമേശയോടുചാരി കുട്ടികള്‍ക്ക് പാത്രങ്ങള്‍വെക്കാന്‍ സ്ഥാപിച്ച അലമാരയിലാണ് കിളിയുടെയും കുഞ്ഞുങ്ങളുടെയും വാസം. 50പേര്‍ക്ക് ഇതില്‍ പാത്രങ്ങള്‍വെക്കാം 49പേര്‍ പാത്രങ്ങള്‍വെക്കുകയും എടുക്കുകയുംചെയ്യുമ്പോള്‍ അമാന സീനത്തിന് 23ന് താന്‍വെച്ച പാത്രം എടുക്കാനായിട്ടില്ല. കാരണം അതിനോടുചാരിയാണ് കിളിക്കൂടിന്റെ ഒരുഭാഗം. പാത്രം ഇളക്കിയാല്‍ കൂടും ഇളകും.
പൊന്നുപോലെയാണ് കിളികളെയും കുഞ്ഞുങ്ങളെയും കുട്ടികള്‍ പരിപാലിക്കുന്നത്. കുട്ടികള്‍ ശത്രുക്കളല്ലെന്ന് ബോധ്യപ്പെട്ടതോടെ സില്‍സിലയ്ക്ക് തീരെ പേടിയില്ലെന്നായി. കുട്ടികള്‍ മുന്തിരി, ചാമ്പയ്ക്ക തുടങ്ങിയ പഴങ്ങളുമായാണ് ഇപ്പോള്‍ വരാറ്. പഴങ്ങള്‍നീട്ടിയാല്‍ സില്‍സില അത് കൊക്കിലാക്കിവിഴുങ്ങും.
കുഞ്ഞുങ്ങള്‍ക്ക് ചിറകും തൂവലുമാകുമ്പോള്‍ ഈ കുടുംബം വിടവാങ്ങുമെന്ന ദുഃഖത്തിലാണ് ആറ് ബി ക്‌ളാസുകാര്‍.