
കൊട്ടാരക്കര:സ്വന്തം ജീവിതത്തില്‍ മാത്രമല്ല പങ്കെടുക്കുന്ന എല്ലാവരുടെയും ജീവിതത്തില്‍ തണലേകുന്നതാകണം തന്റെ വിവാഹമെന്ന ചിന്ത കലയപുരം സ്വദേശി അഡ്വ. നിതീഷിന്റെ വിവാഹം വേറിട്ടതാക്കി. പങ്കെടുത്തവര്‍ക്കെല്ലാം വൃക്ഷത്തൈകള്‍ നല്‍കിയതിലൂടെ തണലും പരിസ്ഥിതി സംരക്ഷണത്തിന്റെ വലിയ സന്ദേശവും നല്‍കുകയായിരുന്നു നിതീഷ്. വിവാഹങ്ങള്‍ ആര്‍ഭാടത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന കാലത്താണ് ഭൂമിക്ക് കുടചൂടാന്‍ വൃക്ഷത്തൈകള്‍ നല്‍കി നിതീഷ് വിവാഹം മഹത്താക്കിയത്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കായംകുളം സ്വദേശിനി സൗമ്യയുമായുള്ള നിതീഷിന്റ വിവാഹം. ആശംസകളുമായി എത്തിയവര്‍ക്കെല്ലാം മനോഹരമായ കവറില്‍ നിറച്ച വൃക്ഷത്തൈകള്‍ പകരം നല്‍കി.
തേക്ക്, ഈട്ടി, മഹാഗണി, പ്ലാശ്, പതിമുഖം, ഞാവല്‍, അശോകം, ചന്ദനം, മന്ദാരം തുടങ്ങി 15 ഇനം തൈകളാണ് വിതരണം ചെയ്തത്. ചാലക്കുടി സെന്‍ട്രല്‍ ഫോറസ്റ്റ് സ്റ്റേഷനിലെ നഴ്‌സറിയില്‍നിന്നാണ് തൈകള്‍ എത്തിച്ചത്. വരന്റെയും വധുവിന്റെയും പേരുകള്‍ എഴുതിയ കവറിലാക്കിയായിരുന്നു തൈ വിതരണം.
കൊട്ടാരക്കര ബാറിലെ അഭിഭാഷകനും ഡി.വൈ.എഫ്.ഐ. ഭാരവാഹിയുമായ നിതീഷിനെ സഹായിക്കാന്‍ സുഹൃത്തുക്കളും സംഘടനാ പ്രവര്‍ത്തകരും ഒപ്പമുണ്ടായിരുന്നു. വിവാഹത്തിന് വൃക്ഷത്തൈ നല്‍കുക എന്നത് തന്റെ വലിയ ആഗ്രഹമായിരുന്നെന്ന് നിതീഷ് പറയുന്നു. ജീവിതത്തിലെ പ്രധാന ചടങ്ങിനിടയിലും സസ്യത്തെ സംരക്ഷിക്കുക എന്ന സന്ദേശം നല്‍കുകയായിരുന്നു ലക്ഷ്യം. വിവാഹം ഉറപ്പിച്ച നാള്‍തന്നെ ജീവിതസഖിയായി എത്തുന്ന സൗമ്യയെയും ഇക്കാര്യം അറിയിച്ചിരുന്നു. എല്ലാവരുടെയും പിന്തുണയും വൃക്ഷത്തൈ വിതരണത്തിന് ലഭിച്ചു.