കായംകുളം: കായംകുളംകായലിന്റെ ഓരംചേര്‍ന്നുകിടക്കുന്ന മൂന്നരയേക്കറോളം ചതുപ്പുനിലം. ഉപ്പുവെള്ളം കയറുന്നതിനാല്‍ ഇവിടെ കൃഷി സാധ്യമല്ല.
ആയിരക്കണക്കിന് കണ്ടല്‍ച്ചെടികള്‍ നട്ടുവളര്‍ത്തി ജലശുദ്ധീകരണം നടത്തി ഈ ചതുപ്പില്‍ വിസ്മയങ്ങള്‍ തീര്‍ത്തിരിക്കുകയാണ് തീരദേശത്തെ ദേവികുളങ്ങര പഞ്ചായത്തിലെ 'മാംഗ്രൂവ് ഐസി'ല്‍. കൃഷിവകുപ്പില്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയറായിരുന്ന എം.ആര്‍. അനില്‍കുമാറാണ് പ്രകൃതിയുടെ ഈ പച്ചപ്പൊരുക്കിയിരിക്കുന്നത്.
സാധാരണഗതിയില്‍ ഉപയോഗമൊന്നുമില്ലാതെ ഉപേക്ഷിച്ചുകളയുന്ന മൂന്നരയേക്കര്‍ ചതുപ്പ് മണ്ണുംചളിയും നീക്കി തിട്ടപിടിച്ച് അഞ്ചുകുളങ്ങളാക്കിമാറ്റി അതിനു ചുറ്റോടുചുറ്റും കണ്ടല്‍ച്ചെടികള്‍ നട്ടുവളര്‍ത്തിയിരിക്കുന്നു.
കണ്ടല്‍ച്ചെടികളുടെ പറ്റുവേരുകള്‍ വെള്ളത്തിലേക്ക് വളര്‍ന്നിറങ്ങിയിരിക്കുന്നു.വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള കണ്ടലിന്റെ ശേഷിയാല്‍ ഈ കുളങ്ങളിലെ വെള്ളവും ഉപയോഗയോഗ്യമായിരിക്കുന്നു.
കുളങ്ങളുടെ മേല്‍പ്പരപ്പിലെ തിട്ടകളില്‍ വെളുത്ത പഞ്ചാരമണ്ണ് വിരിച്ചിരിക്കുന്നു. ഇവിടേക്കു വരുന്നവര്‍ക്ക് പ്രകൃതിയുടെ ശിതളിമ വേണ്ടുവോളം അനുഭവിക്കാം. വേനല്‍വറുതിയിലെ ഉഷ്ണച്ചൂടില്‍ ജീവിതം ദുസ്സഹമാണെങ്കില്‍ ഇവിടെ കണ്ടലുകള്‍ തീര്‍ത്തിരിക്കുന്ന ഹരിതസുന്ദര ആവാസവ്യവസ്ഥ കുളിരേകുന്നു.
നൂറുകണക്കിന് വെള്ളക്കൊറ്റികള്‍, ദേശാടനപ്പറവകള്‍. നാടന്‍കൊക്കുകള്‍, നാനാതരം പക്ഷികള്‍, ചിത്രശലഭങ്ങള്‍... പ്രകൃതിയുടെ വിരുന്നുകാര്‍ക്കൊരു പര്‍ണശാലയാണ് ഇന്നീ ഭൂമിക. വെള്ളത്തിലേക്ക് വളര്‍ന്നുനില്‍ക്കുന്ന കണ്ടല്‍ച്ചെടികളുടെ വേരുപടലങ്ങളില്‍ മുട്ടയിട്ട് വിവിധതരം മത്സ്യങ്ങള്‍, സൂക്ഷ്മജീവികള്‍, ഞണ്ട്, കക്ക, എന്നിവയും സമൃദ്ധമായുണ്ടിവിടെ. ഇതുകൂടാതെ കരിമീന്‍, പൂമീന്‍. കാരച്ചെമ്മീന്‍, എന്നിവയെ വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്തുന്നുമുണ്ട്. മറ്റൊരു കുളത്തില്‍ അമ്പതോളം കുട്ടനാടന്‍ താറാവുകളെയും പരിപാലിക്കുന്നു. 'കാസര്‍കോട് ഡ്വാര്‍ഫ്' ഇനത്തില്‍പ്പെട്ട രണ്ടു നാടന്‍പശുക്കളും ഒരു കാളയും ഈ അപൂര്‍വ ജൈവവൈവിധ്യത്തിന് മിഴിവേകുന്നു.
പൊക്കംകുറഞ്ഞ തെങ്ങ്, വിവിധയിനം ഔഷധച്ചെടികള്‍, നൂതന കശുമാവിനങ്ങള്‍, മാവ് എന്നിവയും നട്ടുവളര്‍ത്തിയിട്ടുണ്ട്. പ്രകൃതിഭംഗി ആസ്വദിക്കാനെത്തുന്നവര്‍ക്ക് വിശ്രമിക്കാനായി ഓലമേഞ്ഞ കുടിലുകളും. വെള്ളക്കൊക്കുകള്‍ കൂട്ടമായി ഈ കണ്ടല്‍ച്ചെടികള്‍ക്കിടയില്‍നിന്ന് ചിറകടിച്ച് പറന്നുപൊങ്ങുന്നത് ഹൃദ്യമായ കാഴ്ചയാണ്.
വിദേശികളടക്കം ധാരാളം പേര്‍ ജൈവവൈവിധ്യത്താല്‍ സമ്പന്നമായ ഈ പച്ചത്തുരുത്തില്‍ കാഴ്ചക്കാരായി എത്തുന്നുണ്ട്. കണ്ടല്‍ക്കാടുകള്‍ തീര്‍ത്ത ഒരു ജൈവ ആവാസവ്യവസ്ഥയുടെ പാഠപുസ്തകമാണ് മൂന്നരയേക്കര്‍ വരുന്ന 'മാംഗ്രൂവ്‌ഐസ്' കുട്ടികള്‍ക്ക് പ്രകൃതിപാഠങ്ങള്‍ കണ്ടറിയാനും തൊട്ടറിയാനും കഴിയുന്ന ഒരു പാഠശാലയും.