ഭക്ഷിക്കാനും സംരക്ഷിക്കാനും കറിയിലച്ചെടികളുടെ ഉദ്യാനം

വി.യു.മാത്യുക്കുട്ടി Posted on: 05 Jun 2013

കതിരൂര്‍(കണ്ണൂര്‍):സാധാരണ വീട്ടുമുറ്റത്തെ ഉദ്യാനങ്ങളില്‍ പൂച്ചെടികളാണെങ്കില്‍ കണ്ണൂര്‍ ജില്ലയിലെ കതിരൂരില്‍ സജീവന്‍ കാവുങ്കരയുടെ തൊടിയിലെ ഉദ്യാനത്തില്‍ കറിയിലച്ചെടികളാണ്. ഇവിടെയുള്ള ഭക്ഷ്യയോഗ്യമായ ഇലച്ചെടികള്‍ ഒന്നും രണ്ടുമല്ല അമ്പതോളം വരും. കറിവെക്കാവുന്ന നൂറോളം ഇലച്ചെടികളുണ്ടെങ്കിലും ബാക്കിയുള്ളവ മഴക്കാലത്ത് മാത്രം വളരുന്നവയാണ്. വിപണിയില്‍നിന്ന് വിഷം നിറഞ്ഞ പച്ചക്കറികള്‍ വാങ്ങുന്നതിനുപകരം വീട്ടാവശ്യത്തിനുള്ള ഇലക്കറി ലഭിക്കുമെന്നതിനുപുറമെ അന്യംനിന്നുപോകുന്ന ഈ ചെടികളെ സംരക്ഷിക്കാമെന്ന മെച്ചവുമുണ്ട്. ഈവര്‍ഷത്തെ പരിസ്ഥിതിദിനസന്ദേശവും അതുതന്നെ- 'ചിന്തിക്കുക, ഭക്ഷിക്കുക, സംരക്ഷിക്കുക'.

ചീരകളുടെ വൈവിധ്യം കാണണമെങ്കില്‍ സജീവന്റെ കറിയിലത്തോട്ടത്തിലെത്തിയാല്‍ മതി. സൗഹൃദച്ചീര, ആഫ്രിക്കന്‍ ചീര, അക്ഷരച്ചീര, സാമ്പാര്‍ചീര, ബസലച്ചീര, കാട്ടുചീര... പട്ടിക നീളുന്നു. ആഫ്രിക്കന്‍ ചീരയും ബസലച്ചീരയും രണ്ടിനവും അക്ഷരച്ചീര ആറിനവുമുണ്ട്. മധുരക്കിഴങ്ങ് ഉള്‍പ്പെടുന്ന ഐപ്പോമിയ വര്‍ഗത്തിലെ പല ചെടികളും സജീവന്റെ കൈയില്‍ തീന്‍മേശയിലെ രുചിയേറിയ കറികളാണ്. ചട്ടികളിലും തൊടിയിലുമായാണ് ഇവ നട്ടുവളര്‍ത്തിയിട്ടുള്ളത്. സാധാരണ എല്ലാവരും ചേനയും ചേമ്പുമൊക്കെ കൃഷി ചെയ്യുന്നത് അതിന്റെ കിഴങ്ങ് ലക്ഷ്യമിട്ടാണെങ്കില്‍ സജീവന്റെ ലക്ഷ്യം ഇവയുടെ ഇലയാണ്. ആഫ്രിക്കന്‍ മല്ലി, മുയല്‍ച്ചെവിയന്‍, കൊടിത്തൂവ തുടങ്ങി
യവയെല്ലാം കറിയാക്കാമെന്ന് സജീവന്‍.

കറിയിലച്ചെടികളെക്കുറിച്ച് പറയുക മാത്രമല്ല വീട്ടിലെത്തുന്നവരെ ഇലക്കറിവിഭവങ്ങള്‍ കഴിപ്പിച്ചിട്ടേ സജീവന്‍ വിടൂ. ഭാര്യ എം.പി.സീമയാണ് ഇതിനു കൂട്ട്. മക്കളായ ആര്യനന്ദയും ഘനശ്യാമും ഒപ്പമുണ്ട്. സസ്യാഹാരത്തോടുള്ള താത്പര്യമാണ് കറിയിലച്ചെടികളുടെ സംരക്ഷണത്തിലേക്കും പ്രചാരത്തിലേക്കും എത്തിച്ചതെന്ന് അദ്ദേഹം പറയുന്നു. തോട്ടത്തിലേക്കാവശ്യമായ ജൈവവളത്തിനായി അടുത്തിടെ 15 പശുക്കളെ വളര്‍ത്താവുന്ന ഹൈടെക് ഡെയറി ഫാമും തുടങ്ങി. സംഗീതവും കറവയന്ത്രവുമെല്ലാമായി ആധുനികരീതിയിലാണ് ഫാം ഒരുക്കിയിട്ടുള്ളത്. തലശ്ശേരിയില്‍ പൊതുമരാമത്ത് വൈദ്യുത വിഭാഗത്തില്‍ ഓവര്‍സിയറായ സജീവന്‍ ഊര്‍ജസംരക്ഷണ പ്രവര്‍ത്തനങ്ങളിലും സക്രിയമാണ്. ഇതിന് സംസ്ഥാന എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

ഭക്ഷ്യയോഗ്യമായ സസ്യങ്ങളുടെ പ്രചാരണത്തിനും സംരക്ഷണത്തിനുമുള്ള പ്രയത്‌നത്തിന് കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ 2012-ലെ 'പ്ലാന്റ് ജീനോം സേവ്യര്‍ ഫാര്‍മര്‍' അവാര്‍ഡും സജീവന് ലഭിച്ചു. ഇന്ത്യയിലെ ജൈവവൈവിധ്യ മേഖലയിലുള്‍പ്പെട്ട 'മലബാര്‍ ഹോട്ട് സ്‌പോട്ടി'ല്‍നിന്നുള്ള ഏറ്റവും മികച്ച ജൈവവൈവിധ്യ സംരക്ഷണ ഇടപെടലെന്നാണ് വിലയിരുത്തല്‍സമിതി സജീവന്റെ പ്രവര്‍ത്തനങ്ങളെ വിശേഷിപ്പിച്ചത്. സജീവന്റെ നേതൃത്വത്തില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി ഇതിനകം കറിയിലച്ചെടികളുടെ 44 പ്രദര്‍ശനവും വിഭവപരിചയവും നടത്തി. മലബാര്‍ കാന്‍സര്‍ സെന്ററിലും പത്തോളം വിദ്യാലയങ്ങളിലും പരിസ്ഥിതിദിനമായ ജൂണ്‍ അഞ്ചിന് കറിയിലച്ചെടികളുടെ തോട്ടം അദ്ദേഹം ഒരുക്കുന്നത്.




1

 

ga