മുറിച്ച മരങ്ങള്‍ വേദനയായി; തൈകള്‍ നട്ട് രാജേഷിന്റെ പ്രായശ്ചിത്തം

നിലീന അത്തോളി Posted on: 05 Jun 2013


ഒറ്റപ്പാലം: ഓരോ മരത്തിന്റെയും ജീവനണഞ്ഞ് അതില്‍ ഈര്‍ച്ചവാള്‍ കയറിയിറങ്ങുമ്പോള്‍ ചോര പൊടിയുന്നത് രാജേഷിന്റെ ഹൃദയത്തിലാണ്. മരങ്ങളുടെ ശവപ്പറമ്പില്‍ ഒരു ജോലിക്കാരനാകേണ്ടിവരുമ്പോഴും ഓരോ മരവും വെട്ടിമാറ്റപ്പെട്ട ഭൂമി തേടി അലഞ്ഞ് അവിടെ തൈകള്‍ നട്ട് പ്രായശ്ചിത്തം ചെയ്യുകയാണ് ഈ യുവാവ്.

മരത്തൈകള്‍ വിതരണം ചെയ്യുന്ന മാതൃകാ പ്രവര്‍ത്തനം നടത്തി താന്‍ ജോലി ചെയ്യുന്ന ഈര്‍ച്ചമില്ലിന്റെ അസ്തിത്വത്തെ തന്നെ മാറ്റിയിരിക്കുന്നു രാജേഷ്. സംസ്‌കൃതി എന്ന പരിസ്ഥിതി സംഘടനയുണ്ടാക്കി ഒരുലക്ഷം തൈകള്‍ നട്ട് ജീവിതത്തിന് പുതിയ അര്‍ഥവും ഇയാള്‍ കണ്ടെത്തിക്കഴിഞ്ഞു.പത്താംക്ലാസ് ജയിക്കാനാവാതെ ജീവിതം വഴിമുട്ടിയപ്പോള്‍ പാലക്കാട് അടക്കാപുത്തൂരുകാരന്‍ രാജേഷ് എത്തിപ്പെട്ടത് ഒറ്റപ്പാലം മനിശ്ശേരിയിലെ ഒരു ഈര്‍ച്ചമില്ലില്‍. കയ്യില്‍ കാല്‍ക്കാശില്ലാതെ വീടുവിട്ട് മഹാനഗരങ്ങളില്‍ അലഞ്ഞപ്പോള്‍ വീടോടടുക്കാന്‍ വഴിയൊരുക്കിയത് ഈ ജോലിയാണ്.

ആഗോള താപനത്തിന് മരം മറുപടി എന്ന വനം വകുപ്പിന്റെ സന്ദേശമാണ് രാജേഷിന്റെ ജീവിതം മാറ്റിമറിച്ചത്. മരങ്ങളോടുള്ള സ്‌നേഹവും ചെയ്യുന്ന ജോലിയോടുള്ള ആത്മാര്‍ത്ഥതയും മൂലം ഉണ്ടായ ധര്‍മ്മ സങ്കടത്തെ രാജേഷ് മറികടന്നത് മരങ്ങള്‍ക്കായ് 'ദൈവത്തിന്റെ സ്വന്തം നാട്ടില്‍' എന്ന ഡോക്യുമെന്ററി ചെയ്തു കൊണ്ടാണ്. ജൈവ വൈവിധ്യത്തിന്റെ കലവറയായ അനങ്ങന്‍മലയെ കുറിച്ചുള്ള ഈ ഡോക്യുമെന്ററി ബനാറസ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന സാര്‍ക്ക് സെമിനാറില്‍ പ്രദര്‍ശിപ്പിക്കാന്‍ രാജേഷിന് സാധിച്ചു. അവിടെ നിന്ന് ലഭിച്ച ആത്മവിശ്വാസമാണ് 'ചിതകള്‍ പൂക്കുമ്പോള്‍' എന്ന ഡോക്യുമെന്ററിയെടുക്കാന്‍രാജേഷിനെ പ്രേരിപ്പിച്ചത്.

ഡോക്യുമെന്ററിയില്‍ മരംവെട്ടുകാരന്‍ തൈ നടുന്ന നന്‍മയെ സ്വന്തം ജീവിതത്തില്‍ പ്രതിഫലിപ്പിച്ച് മരം നടല്‍ ഒരു ജീവിത സപര്യയാക്കുകയായിരുന്നു ഇയാള്‍. ഈ ഡോക്യുമെന്ററി 85 ലധികം സ്‌കൂളുകളില്‍ പ്രദര്‍ശിപ്പിച്ചു. അനങ്ങന്‍മലയെ ഇക്കോ ടൂറിസം മേഖലയായി ബിനോയ് വിശ്വം പ്രഖ്യാപിച്ചതിനു പിന്നില്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ എന്ന ഡോക്യുമെന്ററിക്കുള്ള പങ്ക് വലുതാണ്.ജോലി ചെയ്യുന്ന ഈര്‍ച മില്ലില്‍ മാവിന്‍തൈ നട്ടാണ് ആ മഹത് കര്‍മ്മത്തിന് രാജേഷ് തുടക്കമിട്ടത്. ആ മാവിന്‍ തൈ രാജേഷിനെക്കാള്‍ പൊക്കം വെച്ചപ്പോഴേക്കും ഈര്‍ച്ചമില്ലില്‍ മരങ്ങള്‍ക്കായി ഒരു കുഞ്ഞു നഴ്‌സറിയും പിറന്നു.

2008ല്‍ ഹരിത ഗ്രാമം പദ്ധതിയുടെ ഭാഗമായി സംസ്‌കൃതി 2000 വീടുകളിലാണ് വൃക്ഷത്തൈകള്‍ നട്ടു പിടിപ്പിച്ചത്. മാരത്തോണ്‍ തൈ നടല്‍ രീതി സംസ്‌കൃതി ഇതുവരെയും സ്വീകരിച്ചിട്ടില്ല. സമയമെടുത്ത്, നട്ട മരങ്ങളെയെല്ലാം പരിപാലിച്ചു കൊണ്ടാണ് ഈ സംഘടന മുന്നോട്ടു പോകുന്നത്.ഒരു ലക്ഷത്തിലധികം മരത്തൈകള്‍, 50,000ത്തിലധികം മരങ്ങളുടെ പരിപാലനം, ഡോക്യുമെന്ററികളിലൂടെ പ്രകൃതിയെ കുറിച്ച് കുട്ടികളെ ബോധവാന്‍മാരാക്കല്‍, മരങ്ങളില്‍ തറച്ച ആണി പറിച്ചു കളയുന്ന യജ്ഞം തുടങ്ങി രാജേഷും സുഹൃത്തുക്കളായ വിനയന്‍ കെ പി എ സി യും ജി. ബിനോജും ചേര്‍ന്നു നടത്തിയ പദ്ധതികള്‍ ഒട്ടേറെയാണ്. എല്ലാ വര്‍ഷവും ശിശുദിനത്തില്‍ ചങ്ങാതിക്കൂട്ടം എന്ന പേരില്‍ കുട്ടികള്‍ക്കായി പരിസ്ഥിതി സൗഹൃദ പരിപാടികളും പരിസ്ഥിതി ദിനത്തില്‍ സെമിനാറുകളും നടത്തുന്നു. തൃശ്ശൂരും പാലക്കാടും മലപ്പുറവുമാണ് സംസ്‌കൃതിയുടെ പ്രവര്‍ത്തനമേഖല.



1

 

ga