കടുങ്ങല്ലൂര്‍: 'പെരിയാര്‍ മലിനീകരണം പൂര്‍ണമായും അവസാനിപ്പിക്കണം. നദിയുടെ നിര്‍മലത പരിപൂര്‍ണമായി വീണ്ടെടുക്കുന്നതുവരെ, അതിന്റെ സമഗ്രതയില്‍ സംരക്ഷിക്കുന്നതുവരെ മലിനീകരണത്തിനെതിരെയുള്ള സമരം തുടരുകതന്നെ ചെയ്യും' ബസേലിയോസ് മാര്‍ത്തോമാ യാക്കോബ് പ്രഥമന്‍ കാതോലിക്കാ ബാവ പെരിയാറിലിറങ്ങി വെള്ളം കൈക്കുമ്പിളിലെടുത്ത് ഈ പ്രതിജ്ഞ ചൊല്ലിയപ്പോള്‍ നൂറുകണക്കിനുപേര്‍ ഒരേമനസ്സോടെ അതേറ്റുചൊല്ലി. മരണത്തോട് മല്ലടിക്കുന്ന ഒരു നദിക്ക് പുതുജീവനേകാനുള്ള തുടക്കമാകുകയായിരുന്നു പെരിയാര്‍ മലിനീകരണവിരുദ്ധ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ഈ ജലസത്യാഗ്രഹം.
പ്രകൃതിക്കുവേണ്ടി സംസാരിക്കുന്നവര്‍ ഒരിക്കലും ഭരണകൂടത്തിനെതിരല്ല. സന്തുലിതമായ പരിസ്ഥിതിയാണ് ജീവന്റെ നിലനില്പിനാധാരമെന്നും അതിന്റെ സംരക്ഷണമാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നതെന്നും മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് ബാവ പറഞ്ഞു.
പെരിയാറിനെ എല്ലാത്തരം മലിനീകരണങ്ങളില്‍നിന്നും സംരക്ഷിക്കാനും ഒരു നദിയായി അതിനെ നിലനിര്‍ത്താനുമുള്ള ഭഗീരഥ പ്രയത്‌നത്തിലാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍. അതിന് പൂര്‍ണപിന്തുണ നല്‍കുകയാണ് ഭരണകൂടം ചെയ്യേണ്ടത്.
നദി മലിനമാക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നിരിക്കെ ചിലര്‍ അതിനുവേണ്ടി മത്സരിക്കുകയാണ്. ഇങ്ങനെ നദി മലിനമാകുമ്പോള്‍ നഷ്ടമാകുന്നത് ജീവദായിനിയായ കുടിവെള്ളമാണ്. അതുകൊണ്ട് എല്ലാത്തരം മലിനീകരണങ്ങളില്‍നിന്നും പെരിയാറിനെ സംരക്ഷിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി ശ്രമിക്കണമെന്നും ബാവ ഓര്‍മപ്പെടുത്തി.
പെരിയാറിന് കുറുകെ വലിച്ചുകെട്ടിയ വടത്തില്‍ നീന്തിപ്പിടിച്ചുകൊണ്ട് നിരവധി സമരഭടന്മാര്‍ ചേര്‍ന്നാണ് ജലത്തില്‍ സത്യാഗ്രഹം നടത്തിയത്. ഏലൂര്‍ പാതാളം കടവില്‍ ജലസത്യാഗ്രഹത്തോടൊപ്പം നടന്ന പൊതുസമ്മേളനം ടെലിഫോണ്‍ സന്ദേശം നല്‍കിക്കൊണ്ട് കവയിത്രി സുഗതകുമാരി ഉദ്ഘാടനം ചെയ്തു.
ഔഷധഗുണം നിറഞ്ഞ് ഒഴുകിയിരുന്ന പെരിയാര്‍ നദി ഇപ്പോള്‍ കാളിന്ദിപോലെ വിഷമയമായിരിക്കുകയാണെന്ന് സുഗതകുമാരി പറഞ്ഞു. കേരളത്തിലെ 44 നദികളില്‍ ഏറ്റവും കൂടുതല്‍ മലിനപ്പെട്ടിരിക്കുന്നത് നിളയും പെരിയാറുമാണ്. നിളാ നദി ഇപ്പോള്‍ വര്‍ഷകാലത്ത് മാത്രമൊഴുകുന്നതരത്തില്‍ പൂര്‍ണമായി നശിച്ചുകഴിഞ്ഞു. പെരിയാറാണെങ്കില്‍ വിഷമുക്തവു മായിരിക്കുകയാണ്. നദി നശിക്കുമ്പോള്‍ ഇല്ലാതാകുന്നത് അമൂല്യമായ കുടിവെള്ളമാണ്. അത്തരത്തില്‍ കേരളമിപ്പോള്‍ ദുഃഖത്തിലാണ്. വികസനത്തിന്റെ പേരില്‍ എല്ലാം നശിക്കുകയാണ്. ഇതൊന്നും വികസനമായി കാണാന്‍ കഴിയില്ല. നദികളെ നശിപ്പിക്കുന്നവര്‍ക്ക് അതിശക്തമായ തിരിച്ചടി നല്‍കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു -സുഗതകുമാരി പറഞ്ഞു.
സമരസമിതി ചെയര്‍മാന്‍ പി.ജെ. സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ഡോ. വി.എസ്. വിജയന്‍, സി.ആര്‍. നീലകണ്ഠന്‍, മുഹമ്മദ് റെജീബ്, സാദിഖ് ഇസ്മയില്‍, ചാള്‍സ് ജോര്‍ജ്, പി.സി. രഞ്ജിത്, വി.ആര്‍. രഘുനന്ദനന്‍, പി.എന്‍. പ്രൊവിന്റ്, വിളയോടി വേണുഗോപാല്‍, സി. ജയകുമാര്‍, വി.ഡി. മജീന്ദ്രന്‍, എം.എന്‍. ഗിരി, ജേക്കബ് ലാസര്‍, കുരുവിള മാത്യൂസ്, കെ.സി. രാജീവ്, എം.എം. സക്കീര്‍ ഹുസൈന്‍, എം.കെ. കുഞ്ഞപ്പന്‍ എന്നിവര്‍ സംസാരിച്ചു.