കോഴിക്കോട് : കാക്കൂര്‍ ഒമ്പതേ അഞ്ചിലെ കച്ചേരി കുടുംബാംഗമായ മുത്തുമണി ടീച്ചര്‍ക്ക് കുളം സംരക്ഷിക്കണമെന്നത് ജീവതവ്രതം പോലെയാണ്. വര്‍ഷങ്ങള്‍ നീണ്ട അധ്യാപനജീവിതത്തില്‍ നിന്ന് വിരമിച്ചശേഷം ജലസംരക്ഷണരംഗത്ത് ഇതുമായി ടീച്ചര്‍ ശ്രദ്ധയൂന്നുകയായിരുന്നു. ടീച്ചറുടെ ശ്രമഫലമായാണ് കച്ചേരിക്കുളം വറ്റാതെയും നശിക്കാതെയും ഇന്നും നിലനില്‍ക്കുന്നത്.
ജലസേചന സൗകര്യമുള്ളതിനാല്‍ പൊതുജനങ്ങള്‍ പച്ചക്കറി കൃഷിക്കും മറ്റുമായി കച്ചേരി ക്കുളത്തെ ആശ്രയിക്കുന്നു.
നാശത്തിന്റെ വക്കിലായിരുന്ന കുളം ആഴം കൂട്ടുകയുള്‍പ്പെടെയുള്ള നവീകരണ പ്രവൃത്തികള്‍ക്ക് രണ്ടുലക്ഷത്തോളം രൂപയാണ് ടീച്ചര്‍ ചെലവഴിച്ചത്. ചിട്ടികള്‍ വിളിച്ചും മറ്റുമാണ് ഇതിനുള്ള തുക കണ്ടെത്തിയത്. അതുകൊണ്ട് തന്നെ ഇതിന്റെ പേരില്‍ സാമ്പത്തികബാധ്യതയും ഉണ്ട്.
നീര്‍ത്തട സംരക്ഷണത്തിന്റെയും മറ്റുംപേരില്‍ വന്‍തുക സര്‍ക്കാര്‍ തലത്തില്‍ ചെലവിടുന്നുണ്ടെങ്കിലും ടീച്ചറുടെ ശ്രമങ്ങള്‍ക്ക് പിന്തുണയേകാന്‍ ലോണുകള്‍ അനുവദിക്കാന്‍ പോലും അധികൃതര്‍ തയ്യാറായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് കൃഷിവകുപ്പിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, യാതൊരുവിധ ഗുണവും ഉണ്ടായില്ലെന്നും ടീച്ചര്‍ പറയുന്നു.
2003-ല്‍ കക്കോടി ഹൈസ്‌കൂളില്‍ നിന്നാണ് ടീച്ചര്‍ വിരമിച്ചത്.