കാടിന്റെ പുനര്‍ജനിക്കായി ഒരു നാട് കൈക്കുമ്പിള്‍ തുറക്കുന്നു

Posted on: 05 Jun 2013


കാസര്‍കോട്:മരണത്തിന്റെ വക്കില്‍നിന്ന് ഒരു കാട് പച്ചയിലേക്ക് പിച്ചവെക്കുകയാണ്, ഒരു ഗ്രാമത്തിന്റെ കൈകളിലൂടെ. കാടും കാട്ടരുവികളുമാണ് ജീവന്റെ തുടിപ്പുകള്‍ക്കാധാരമെന്ന് തിരിച്ചറിഞ്ഞ മനുഷ്യന്റെ പ്രായശ്ചിത്തം. കാസര്‍കോട്ടെ കോട്ടപ്പുറമെന്ന ഗ്രാമത്തിലെ ജനങ്ങളാണ് പത്തേക്കറോളം വരുന്ന ചെറുവനത്തിന്റെ കാവലാളുകളായത്.

കോട്ടപ്പുറം കാനമെന്ന് നാട്ടുകാര്‍ വിളിക്കുന്ന ഇവിടം ഒരുകാലത്ത് നിബിഢവനമായിരുന്നു. വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രം. ഇടയ്ക്കിടെ നാട്ടില്‍ പുലിയിറങ്ങിയിരുന്നത് ഇവിടെ നിന്നാണെന്ന് പഴമക്കാര്‍ പറയുന്നു. എന്നാല്‍ ഇന്ന് ഈ കാനം സാവധാനത്തില്‍ വെളുത്തുതുടങ്ങി. മരങ്ങള്‍ ഒന്നൊന്നായി അപ്രത്യക്ഷമായി. ആസ്പത്രിമാലിന്യവും വ്യവസായ മാലിന്യവും കാനത്തിന്റെ ഓരങ്ങളിലേക്ക് വലിച്ചെറിയപ്പെട്ടു. വന്യജീവികള്‍ അപ്രത്യക്ഷമായി. വനത്തിന്റെ അതിരുകള്‍ കുറഞ്ഞു.

ഹരിതത്തിന്റെ തുടിപ്പുകള്‍ കാനത്തിലിപ്പോഴും ശേഷിക്കുന്നുണ്ട്. ചിറ്റമൃത്, ഗരുഡപ്പച്ച, പ്രമേഹത്തിന് നാട്ടുചികിത്സയില്‍ ഉപയോഗിക്കുന്ന കാശാവുള്‍പ്പെടെയുള്ള ഔഷധസസ്യങ്ങളുടെ നിര. വംശനാശഭീഷണി നേരിടുന്ന ബ്രോണ്‍സ ഇനത്തില്‍പ്പെട്ട പ്രാണിപിടിയന്‍ സസ്യങ്ങളും കരിമുത്തിള്‍ മുതല്‍ ഓര്‍ക്കിഡുകള്‍, പന്നല്‍ വര്‍ഗ ചെടികള്‍, ഈന്ത് ഇനത്തിലെ നിരവധി മരങ്ങള്‍ എന്നിവയും അകത്തളങ്ങളിലുണ്ട്. അപൂര്‍വയിനം പക്ഷികള്‍ ഇപ്പോഴും കാനത്തിലെത്തുന്നു.

വനംവകുപ്പോ റവന്യു അധികൃതരോ കാനത്തിലേക്ക് തിരിഞ്ഞുനോക്കുന്നില്ല. ബേക്കല്‍ പുഴയുടെ പ്രധാന കൈവഴിയാണ് കാനത്തിലൂടെ ഒഴുകിവരുന്ന കോട്ടപ്പാറ തോട്. പെരിയാട്ടടുക്കം, പൊയിനാച്ചി എന്നിവടങ്ങളിലെ ചെറു നീര്‍ച്ചാലുകളാണ് കോട്ടപ്പുറം തോടായി രൂപപ്പെടുന്നത്. കാനത്തിലെത്തുമ്പോള്‍ ഈ തെളിനീര് ചെറുവെള്ളച്ചാട്ടങ്ങളായി കാടിന്റെ താഴ്‌വാരത്തെ അരവത്ത് പാടശേഖരങ്ങളുടെ ജീവല്‍ സ്പന്ദനമാകുന്നു.

കാട് തുടങ്ങുന്നതിനുമുമ്പ് കോട്ടപ്പുറം തോട് തീര്‍ക്കുന്ന ചെറുജലാശയത്തില്‍, കഴുകിവൃത്തിയാക്കാനായി വാഹനങ്ങളുടെ നീണ്ടനിര ദിവസവും കാണാം. ഇത് വലിയ മാലിന്യപ്രശ്‌നമായി മാറുന്നത് നാട്ടുകാര്‍ തിരിച്ചറിഞ്ഞത് വൈകിയാണ്. ഡീസലും പെട്രോളും എണ്ണയും കലര്‍ന്ന വെള്ളം അരവത്തെ 25 ഏക്കറില്‍ അധികം വരുന്ന കൃഷിയെ ബാധിക്കാന്‍ തുടങ്ങി. ജലം മലിനമാവുകയും ലഭ്യത കുറയുകയും ചെയ്തതോടെ മൂന്നുവിള കൃഷിചെയ്തിരുന്ന വയലുകള്‍ ഇപ്പോള്‍ ഒറ്റവിളയായി.

ഇതോടെയാണ് നാടുണര്‍ന്നത്. അവര്‍ വനസംരക്ഷണത്തിനായി സമിതി രൂപവത്കരിച്ചു. പ്രകൃതിയും ജീവനും എന്ന പേരില്‍. ലോക പരിസ്ഥിതി ദിനമായ ബുധനാഴ്ച കാനത്തിന് ചുറ്റും അഞ്ഞൂറോളം നാട്ടുകാര്‍ സംരക്ഷണവലയം തീര്‍ക്കുമെന്ന് കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കുന്ന വാര്‍ഡംഗം കൂടിയായ അജയന്‍ പനയാല്‍ പറഞ്ഞു. വാഹനങ്ങള്‍ ജലാശയത്തിലേക്ക് ഇറക്കാതിരിക്കാന്‍ കല്ലുകള്‍കൊണ്ട് ഭിത്തി തീര്‍ക്കാനാണ് നാട്ടുകൂട്ടായ്മ തീരുമാനിച്ചിരിക്കുന്നത്.

വനം വകുപ്പ് അധികൃതരെയും റവന്യു അധികാരികളെയും സമീപിച്ച് കോട്ടപ്പുറം കാനം അളന്ന് തിട്ടപ്പെടുത്താന്‍ ആവശ്യപ്പെടുമെന്ന് വനസംരക്ഷണ സമിതിയംഗവും കാസര്‍കോട് സ്‌പെഷല്‍ ബ്രാഞ്ച് ഇന്‍സ്‌പെക്ടറുമായ കെ.ബാലകൃഷ്ണന്‍ പറഞ്ഞു.



1

 

ga