നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക. എന്നാല്‍, നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്. ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല - ഖുര്‍ ആന്‍ (7:31)
ആഹാരം ഒരു ആവശ്യമാണ്. പക്ഷേ, അതിന്മേലുള്ള നിയന്ത്രണം അനിവാര്യമാണ് -ഗാന്ധിജി
അഞ്ചുവയസ്സിന് താഴെയുള്ള 20,000 കുട്ടികള്‍ പ്രതിദിനം വിശന്നുമരിക്കുന്ന ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്. ഏഴുപേരില്‍ ഒരാള്‍ അത്താഴപ്പട്ടിണിക്കാരുമാണ്. ഇതേലോകത്തുതന്നെയാണ് പ്രതിവര്‍ഷം 130 കോടി ടണ്‍ ഭക്ഷണം പാഴാക്കുന്നത്.
ഭക്ഷ്യവസ്തുക്കള്‍ പാഴാക്കുന്നതിനെക്കുറിച്ച് ഒരു പുനര്‍ചിന്തനം ആവശ്യപ്പെടുന്നതാണ് ഇക്കുറി ലോക പരിസ്ഥിതിദിനത്തിന്റെ സന്ദേശം. 'ചിന്തിക്കുക, ഭക്ഷിക്കുക, പാഴാക്കാതെ സംരക്ഷിക്കുക' എന്നതാണ് 2013-ലെ പരിസ്ഥിതിദിനത്തിന്റെ മുദ്രാവാക്യം. ഭക്ഷണം പാഴാക്കുന്നത് തടയുക, അതുവഴി പണം അനാവശ്യമായി ചെലവാക്കാതിരിക്കുക, പരിസ്ഥിതി പ്രത്യാഘാതം തടയുക ഇവയാണ് ഐക്യരാഷ്ട്ര സഭയുടെയും പരിസ്ഥിതി സംഘടനകളുടെയും നിര്‍ദേശങ്ങള്‍.
ഭക്ഷണം പാഴാക്കുമ്പോള്‍, ഭക്ഷണം കഴിക്കുമ്പോള്‍ വിശക്കുന്നവനോട് അനീതിചെയ്യുന്നതോടൊപ്പം പരിസ്ഥിതിക്ക് വിനാശകരമായ പ്രവൃത്തിയിലും നാം പങ്കാളിയാവുന്നു എന്നര്‍ഥം. ജലവും ഊര്‍ജവുമടക്കമുള്ള സ്രോതസ്സുകള്‍ പാഴാക്കുന്നതോടൊപ്പം ജൈവമാലിന്യത്തില്‍നിന്ന് ഉണ്ടാകുന്ന ഹരിതഗൃഹ വാതകങ്ങള്‍ അന്തരീക്ഷത്തിലെത്തിക്കുന്നതിനും കാരണമാകുന്നു.
പോഷകാഹാരക്കുറവുള്ള കുട്ടികളുടെ എണ്ണത്തില്‍ ലോകത്ത് രണ്ടാംസ്ഥാനത്ത് നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. രണ്ടുപേരില്‍ ഒരാള്‍ വയറുനിറയാതെ കിടക്കപ്പായയിലേക്ക് പോകുന്നു. ജനസംഖ്യയില്‍ 47 ശതമാനം പേര്‍ക്ക് പോഷകാഹാരക്കുറവ് അനുഭവപ്പെടുന്ന രാജ്യംകൂടിയാണ് നമ്മുടേത്. എന്നാല്‍, അടുക്കളയില്‍ തുടങ്ങി ആഘോഷങ്ങളിലും ഉത്സവങ്ങളിലുംവരെ പാഴാകുന്ന ഭക്ഷണത്തിന്റെ അളവ് ഞെട്ടിപ്പിക്കുന്നതാണ്. ഇതിനുപുറമേ ഉത്പാദനവേളയിലും സംസ്‌കരണസമയത്തും വിതരണകേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനിടയിലും ഒട്ടേറെ ഭക്ഷ്യധാന്യം പാഴാകുന്നു. ഈ അനാസ്ഥ ഒഴിവാക്കാന്‍ വ്യക്തികളിലും അധികാരികളിലും വീണ്ടുവിചാരം ആവശ്യമാണ്.
ഭക്ഷ്യോത്പാദനത്തിന് പ്രകൃതിയുടെ മൂലധനം
*ഭൂമിയിലെ 70 ശതമാനം ശുദ്ധജലത്തിന്റെ വിനിയോഗം
*80 ശതമാനം വനമേഖലയ്ക്ക് നാശം
*വാസയോഗ്യമായ ഭൂമിയുടെ 25 ശതമാനം മാറ്റിവെക്കുന്നു
*പുറന്തള്ളപ്പെടുന്ന ഹരിതഗൃഹ വാതകങ്ങളില്‍ 25 ശതമാനവും ഭക്ഷ്യോത്പാദനത്തിനിടെ ഉണ്ടാകുന്നു.
പാഴാകുന്നത് ജലവും
ഭക്ഷണം പാഴാക്കുമ്പോള്‍ നഷ്ടമാകുന്നത് അതിന്റെ കേവലമായ മൂല്യമല്ല. അത് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന പ്രകൃതിവിഭവങ്ങള്‍കൂടിയാണ്. ഉദാഹരണത്തിന് ഒരു ഗ്ലാസ് ഓറഞ്ച്ജ്യൂസ് തയ്യാറാക്കുമ്പോഴേക്കും 170 ലിറ്റര്‍ വെള്ളം ചെലവാകുന്നുവെന്നാണ് കണക്ക്. മറ്റുചില ഭക്ഷ്യവസ്തുക്കള്‍ ഉത്പാദിപ്പിക്കാനാവശ്യമായ ജലത്തിന്റെ കണക്ക്:
ആപ്പിള്‍ 1 - 70 ലിറ്റര്‍, നേന്ത്രപ്പഴം 1 -70 ലിറ്റര്‍, പാല്‍ ഒരുഗ്ലാസ്- 200 ലിറ്റര്‍, കോഴിയിറച്ചി 150 ഗ്രാം -615 ലിറ്റര്‍, മുട്ട 1 -70 ലിറ്റര്‍, അരി 100 ഗ്രാം -140 ലിറ്റര്‍ ഓട്‌സ്/ചോളം 40 ഗ്രാം -130 ലിറ്റര്‍.
ഭൂപ്രകൃതിയും കാലാവസ്ഥയുമനുസരിച്ച് ജലോപയോഗത്തില്‍ മാറ്റംവരും
ഭക്ഷണം പാഴാക്കുന്നത് പരിസ്ഥിതിപ്രശ്‌നമാണോ?
അതേ എന്നാണ് ഉത്തരം. ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനഘട്ടത്തിലും ഉപേക്ഷിക്കുമ്പോഴും ഹരിതഗൃഹവാതകങ്ങള്‍ ഉണ്ടാകുന്നതാണ് ഇതിന് കാരണം. ജൈവമാലിന്യങ്ങള്‍ വിഘടിക്കുമ്പോള്‍ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന മീഥേന്‍, കാര്‍ബണ്‍ ഡയോകൈ്‌സഡിനേക്കാള്‍ 25 ഇരട്ടി അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്നു.
*വികസിതരാജ്യങ്ങളില്‍ ഒരുവര്‍ഷം ആളോഹരി പാഴാക്കുന്ന ഭക്ഷണം 95-115 കിലോയാണ്.
ധൂര്‍ത്തിന് പിന്നില്‍
*വേഗമാര്‍ജിക്കുന്ന നഗരവത്കരണവും ജീവിതരീതിയിലെ മാറ്റവും
*ആരോഗ്യകരമെന്ന് പ്രചരിപ്പിക്കുന്ന ഭക്ഷണത്തിനായി കൂടുതല്‍ പണം ചെലവഴിക്കുന്ന രീതി
*അണുകുടുംബങ്ങളുടെയും ജോലിയെടുക്കുന്ന സ്ത്രീകളുടെയും എണ്ണത്തിലുള്ള വര്‍ധന.
*ആഘോഷങ്ങളിലും കുടുംബച്ചടങ്ങുകളിലും ഭക്ഷണത്തിന് നല്‍കുന്ന അമിത പ്രാധാന്യം
*ഉപഭോക്താവ് സ്വയം ഷോപ്പിങ് ബാസ്‌കറ്റ് നിറയ്ക്കുന്ന സൂപ്പര്‍മാര്‍ക്കറ്റുകളുടെ വ്യാപനം
*വ്യക്തികളുടെ വരുമാനത്തില്‍ വന്ന വര്‍ധന
ഭക്ഷണം പാഴാക്കുന്ന വഴികള്‍
ത്രീ കോഴ്‌സ് ഡിന്നറിനെക്കുറിച്ച് കേട്ടിട്ടുണ്ടാവും. എന്നാല്‍, 30 കോഴ്‌സ് ഡിന്നറിനെപ്പറ്റി കേട്ടിട്ടുണ്ടോ? കഴിഞ്ഞവര്‍ഷം ഡല്‍ഹിയിലെ ഒരു വ്യവസായിയുടെ മകളുടെ കല്യാണത്തിനാണ് ഭക്ഷ്യധൂര്‍ത്തിന്റെ ഉദാഹരണമായ ഈ വിരുന്ന് നടന്നത്. 20 തരം ഇറച്ചിയും കബാബ് വിഭവങ്ങളും വിരുന്നിനുണ്ടായിരുന്നു. കുങ്കുമപ്പൂ ചേര്‍ത്ത ചോറും നാനും വേറെയും. ഇതെല്ലാം കഴിക്കാനുണ്ടായിരുന്നത് കേവലം അതിഥികള്‍മാത്രം. വിവാഹപ്പാര്‍ട്ടിക്കുശേഷം എച്ചില്‍ക്കൂനയില്‍ തള്ളിയത് ലക്ഷങ്ങളുടെ ഭക്ഷ്യവസ്തുക്കള്‍.
രാജ്യംഭരിക്കുന്ന പാര്‍ട്ടിയുടെ ഒരു നേതാവിന്റെ മകന്റെ കല്യാണം കുറച്ചുകാലം മുന്‍പ് ഡല്‍ഹിയില്‍ നടന്നപ്പോള്‍ തായ്, ചൈനീസ്, മെഡിറ്ററേനിയന്‍ വിഭവങ്ങളടക്കം 100 ഇനങ്ങളുമായാണ് സദ്യയൊരുക്കിയത്. കഴിക്കാനെത്തിയത് 30,000 പേരും. സദ്യയുടെ 20 ശതമാനത്തോളമെങ്കിലും പാഴായിട്ടുണ്ടാകുമെന്നാണ് കണക്ക്.
ഇന്ത്യയില്‍ പ്രതിദിനം ഒരുലക്ഷം വിവാഹങ്ങള്‍ നടക്കുന്നുണ്ടെന്നാണ് അനുമാനിക്കുന്നത്. ഇതിലെല്ലാമായി പാഴാകുന്ന ഭക്ഷ്യവസ്തുക്കള്‍ അളവറ്റതാണ്. മുന്‍പൊക്കെ കേരളത്തില്‍ സദ്യയ്ക്ക് ഒരു പായസം എന്നായിരുന്നു കണക്ക്. പ്രൗഢിയുടെ പ്രതീകമായി എണ്ണം കൂടി, ഇപ്പോഴത് നാലും അഞ്ചും വരെയായി. സാധാരണക്കാര്‍പോലും രണ്ട് പായസമില്ലാതെ സദ്യയൊരുക്കാറില്ല.
അതുപോലെയാണ് വിവാഹത്തോടനുബന്ധിച്ചുള്ള സായാഹ്നവിരുന്നുകളുടെ അവസ്ഥ. അപ്പവും ഇറച്ചിയും അല്ലെങ്കില്‍ ബിരിയാണി എന്നിവയില്‍ നിന്ന് ചപ്പാത്തി, പൊറോട്ട, കപ്പ, ബ്രഡ്, ബിരിയാണി, രണ്ടോ അതിലധികമോ തരം ഇറച്ചി, പഴങ്ങള്‍, ഐസ്‌ക്രീം, ജ്യൂസ് ഇവയെല്ലാം നിരത്തി ആഡംബരം കാണിക്കുന്ന അവസ്ഥയിലേക്ക് കേരളവുമെത്തിയിരിക്കുന്നു. കാണുന്ന വിഭവങ്ങളെല്ലാം പ്ലേറ്റിലെടുക്കാന്‍ മത്സരിക്കുന്നവര്‍ ഒടുവില്‍ പകുതി ഭക്ഷണം കളയുന്നത് സാധാരണ കാഴ്ച മാത്രം.
ഗസ്റ്റ് കണ്‍ട്രോള്‍ ഓര്‍ഡര്‍
1960-ലെ ഇന്ത്യ-ചൈന യുദ്ധത്തിന്റെ സമയത്ത് ഭക്ഷ്യക്ഷാമമുണ്ടായപ്പോള്‍ വിവാഹത്തില്‍ അതിഥികളെ പരിമിതപ്പെടുത്തണമെന്ന് നിയമമുണ്ടായിരുന്നു. പിന്നീട് ഇത് പിന്‍വലിച്ചു.
അടുത്തിയെ വിവാഹസദ്യയിലെ ധൂര്‍ത്ത് തടയാനുള്ള നിര്‍ദേശങ്ങള്‍ക്കായി കേന്ദ്ര ഭക്ഷ്യമന്ത്രാലയം ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. വിവാഹത്തിന് പങ്കെടുപ്പിക്കുന്ന അതിഥികളുടെ എണ്ണം നിയന്ത്രിക്കുകയെന്നതായിരുന്നു കമ്മിറ്റിയുടെ ഒരു നിര്‍ദേശം. എന്നാല്‍, കടുത്ത എതിര്‍പ്പുകളുടെ പശ്ചാത്തലത്തില്‍ ഇത് നടപ്പായില്ല. പകരം വിവാഹസദ്യയിലെ ധൂര്‍ത്ത് തടയാന്‍ ബോധവത്കരണം നടത്താനായിരുന്നു നിര്‍ദേശം.
സംഭരണത്തിനും സംസ്‌കരണത്തിനും മതിയായ സംവിധാനമില്ല
പാചകം ചെയ്ത ഭക്ഷണം മാത്രമല്ല ഭീമമായ തോതില്‍ പാഴാകുന്നത്. മതിയായ സംഭരണ-സംസ്‌കരണ സംവിധാനമില്ലാതെ പഴങ്ങളും പച്ചക്കറികളും നശിച്ചു പോകുന്നതും ഇന്ത്യയുടെ ശാപമാണ്. കൃഷി-ഭക്ഷ്യ സംസ്‌കരണ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം പ്രതിവര്‍ഷം 50,000 കോടിയുടെ ഭക്ഷ്യവസ്തുക്കള്‍ പാഴാകുന്നുണ്ട്. ലോകബാങ്ക് പുറത്തിറക്കിയ കണക്കുപ്രകാരം ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഗോഡൗണുകളില്‍ നിന്ന് 1.6 കോടി ടണ്‍ ഭക്ഷ്യധാന്യം നശിച്ചുപോകുന്നു.
ലുധിയാനയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പോസ്റ്റ് ഹാര്‍വെസ്റ്റ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി നടത്തിയ പഠനമനുസരിച്ച് രാജ്യത്ത് വിളയുന്ന തക്കാളിയുടെ 12.4 ശതമാനം നശിക്കുന്നതായി കണ്ടെത്തി. കോളിഫ്ലവര്‍ 6.8 ശതമാനം, സപ്പോട്ട അഞ്ച് ശതമാനം, പേരക്ക 18 ശതമാനം എന്നിങ്ങനെയാണ് പാഴാകുന്ന മറ്റുള്ളവയുടെ കണക്കുകള്‍. മതിയായ സംഭരണ സംവിധാനമില്ലാത്തതും ശീതീകരണികള്‍ ഘടിപ്പിച്ച ട്രക്കുകളില്‍ കൊണ്ടുപോകാന്‍ കഴിയാത്തതും പച്ചക്കറികളും പഴങ്ങളും നശിച്ചുപോകാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നു. ഒന്നിച്ച് വിളവെടുക്കുന്ന ഉത്പന്നങ്ങള്‍ വ്യാവസായികമായി സംസ്‌കരിച്ച് സൂക്ഷിക്കാനുള്ള സംവിധാനങ്ങളും ഇന്ത്യയില്‍ പലയിടത്തുമില്ല. ഇത് കര്‍ഷകന് ഭീമമായ നഷ്ടമുണ്ടാക്കുന്നതിന് പുറമേ ഭക്ഷ്യവസ്തുക്കള്‍ പാഴാകാനും കാരണമാകുന്നു.
ബാംഗ്ലൂരില്‍ ഒരു വര്‍ഷം പാഴാക്കിയത് 339 കോടിയുടെ ഭക്ഷണം
ഇന്ത്യയിലെ മെട്രോ നഗരങ്ങളിലൊന്നായ ബാംഗ്ലൂരിലെ വിവാഹപ്പാര്‍ട്ടികളില്‍ മാത്രം ഒരു വര്‍ഷം പാഴാക്കുന്നത് 339 കോടിയുടെ ഭക്ഷണം. ബാംഗ്ലൂരിലെ കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ. നാരായണഗൗഡയുടെ നേതൃത്വത്തില്‍ പത്തോളം പ്രൊഫസര്‍മാര്‍ നടത്തിയ പഠനത്തില്‍ വ്യക്തമായതാണിത്. 2.6 കോടി പേര്‍ക്ക് സാധാരണരീതിയില്‍ ഭക്ഷണം നല്‍കാന്‍ ഈ തുക മതിയെന്ന് പഠനത്തില്‍ പറയുന്നു. 10 മുതല്‍ 20 വരെ വിഭവങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇത്രയും ഭക്ഷണം കുറഞ്ഞത് 1239 കലോറി വരും. ഒരു കുട്ടിക്ക് ഒരു ദിവസത്തേക്ക് ആവശ്യമായ ഊര്‍ജമാണിത്.
അതുപോലെ മുംബൈ നഗരത്തിലെ വിവാഹസത്കാരങ്ങളില്‍ പാഴാക്കുന്ന ഭക്ഷണം നഗരത്തിലെ ചേരി നിവാസികളുടെ ഒരു ദിവസത്തെ വിശപ്പുമാറ്റാന്‍ മതിയാകും.
അന്താരാഷ്ട്ര ഭക്ഷ്യനയഗവേഷണസ്ഥാപനത്തിന്റെ ഗ്ലോബല്‍ ഹങ്കര്‍ ഇന്‍ഡക്‌സ് പ്രകാരം പട്ടികയിലെ 84 രാജ്യങ്ങളില്‍ ഇന്ത്യ 67-ാമതാണ്.
പാഴാക്കുന്നതിനെതിരെ കരുതല്‍
*വീട്ടിലുള്ളവ ഉപയോഗിച്ച് തീര്‍ത്തതിനുശേഷം കടയിലേക്ക് പോവുക
*ബാക്കിയാകുന്ന ഭക്ഷണത്തില്‍ ശീതീകരിച്ച് ഉപയോഗിക്കുന്നവ ഫ്രിഡ്ജില്‍ സൂക്ഷിക്കുക
*ഫ്രിഡ്ജില്‍ കരുതിയവ പിറ്റേന്ന് മറന്നുപോകാതെ ചൂടാക്കി കഴിക്കുക
*ഹോട്ടലില്‍ കയറും മുന്‍പ് വീട്ടില്‍ ഭക്ഷണം ബാക്കിയാകുമോ എന്ന് ചിന്തിക്കുക
*പച്ചക്കറികളും പഴങ്ങളും ഒന്നിച്ച് വാങ്ങി സൂക്ഷിക്കാതിരിക്കുക
*വാങ്ങാനുള്ളവയുടെ പട്ടിക ആദ്യം തയ്യാറാക്കുക
*ഭക്ഷ്യവസ്തുക്കള്‍ കൗതുകത്തിന് വാങ്ങരുത്, ആവശ്യമുള്ളവ മാത്രം വാങ്ങുക
*ലേബലില്‍ കാണിച്ച പരമാവധി തിയ്യതിക്ക് കാത്തുനില്‍ക്കാതെ ഉപയോഗിക്കുക
*ഓരോ ഭക്ഷ്യവിഭവങ്ങള്‍ക്കും പ്രത്യേക പ്ലേറ്റ് ഉപയോഗിക്കുക. അതില്‍നിന്ന് ആവശ്യത്തിന് മാത്രം എടുക്കുക