ഹൃദയംകൊണ്ട് വായിച്ച ഒരു പുസ്തകം

എന്‍. അജിത്കുമാര്‍ Posted on: 04 Jun 2013


''അതൊരു മനോഹരമായ ഗ്രാമമായിരുന്നു. പച്ചവിരിച്ച പാടങ്ങളും മലകളും പൂക്കളും പൂമ്പാറ്റകളും പുഴകളും നിറഞ്ഞ ഗ്രാമം. വസന്തകാലമായാല്‍ അവിടം കിളിപ്പാട്ടുകളാലും മറ്റു ജീവികളുടെ ആഹ്ലാദാരവങ്ങളാലും മുഖരിതമാകും. പെട്ടെന്നാണ് എല്ലാം ഇല്ലാതായത്. കിളികള്‍ പാടാതായി. തേനീച്ചകളും വണ്ടുകളും കിളികളും അപ്രത്യക്ഷമായി. മേഞ്ഞുനടന്ന ആടുമാടുകള്‍ പിടഞ്ഞുവീണു ചത്തു. ഗ്രാമീണരെ പല മാരകരോഗങ്ങളും വലച്ചു. അക്കൊല്ലവും വസന്തം വന്നുവെങ്കിലും അത് നിശ്ശബ്ദമായിപ്പോയി.'' ലോക പരിസ്ഥിതിരംഗത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ട, ലോകമമ്പാടുമുള്ള പരിസ്ഥിതി പ്രവര്‍ത്തകരെ ആവേശം കൊള്ളിച്ച, മാരകമായ കീടനാശിനികളുടെ നിരോധനത്തിന് വഴിതുറന്ന, നിശ്ശബ്ദമായിപ്പോയ ആ വസന്തത്തിന്റെ കഥ പറഞ്ഞ, പ്രശസ്ത പുസ്തകം-റേച്ചല്‍ കാര്‍സണിന്റെ 'നിശ്ശബ്ദ വസന്തം' (Silent Spring)

കൂട്ടുകാരിയുടെ കത്തില്‍നിന്ന്

'നിശ്ശബ്ദ വസന്ത'ത്തില്‍ വിവരിക്കുന്ന ഗ്രാമം സാങ്കല്പികമാണ്. പക്ഷേ, നടന്ന ഒരു സംഭവമാണ് ഈ പുസ്തക രചനയ്ക്ക് റേച്ചല്‍ കാര്‍സണ് പ്രചോദനം നല്‍കിയത്. റേച്ചലിന്റെ കൂട്ടുകാരിയായ ഓള്‍ഗ അയച്ച കത്തില്‍ നിന്നാണ് ഡി.ഡി.റ്റി. എന്ന കീടനാശിനിയെക്കുറിച്ച് അവര്‍ അറിയുന്നത്. ജീവശാസ്ത്രജ്ഞയും എഴുത്തുകാരിയുമായ റേച്ചല്‍ കാര്‍സണ്‍ അന്ന് യു.എസ് ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് സര്‍വീസിന്റെ പ്രസിദ്ധീകരണങ്ങളുടെ ചീഫ് എഡിറ്റര്‍ ആയി ജോലി ചെയ്യുകയായിരുന്നു.

തന്റെ വീടിനോടു ചേര്‍ന്ന് ഓള്‍ഗ ഒരു പക്ഷിസങ്കേതം സംരക്ഷിച്ചുപോന്നിരുന്നു. ഇവിടുത്തെ കിളികളെല്ലാം ചത്തുവീഴുന്നതിനെക്കുറിച്ചായിരുന്നു കത്തിലെ പരാമര്‍ശം. കീടങ്ങളെ കൊല്ലാനായി അമേരിക്കന്‍ കൃഷിവകുപ്പ് ഹെലികോപ്റ്ററില്‍ കാടിനു മുകളില്‍ ഡി.ഡി.റ്റി. തളിച്ചതിനു ശേഷമാണ് ഈ സംഭവത്തിന് തുടക്കമായതെന്ന് വോള്‍ഗ കത്തില്‍ സൂചിപ്പിച്ചിരുന്നു. കത്ത് കിട്ടിയ റേച്ചല്‍ കീടനാശിനികളെക്കുറിച്ച് വിശദമായ ഗവേഷണം നടത്തി. വിശദ വിവരങ്ങള്‍ ഉള്‍ക്കൊണ്ട് 1962 സപ്തംബറില്‍ 'നിശ്ശബ്ദ വസന്തം' എന്ന പുസ്തകം പുറത്തിറക്കി. അതേത്തുടര്‍ന്ന് കീടനാശിനിക്കമ്പനികള്‍ റേച്ചലിനെതിരെ രംഗത്തുവന്നു. അവര്‍ റേച്ചലിനെതിരെ നിയമ നടപടികളാരംഭിച്ചു.

ഒറ്റയാള്‍ പോരാട്ടം

അക്കാലത്ത് ഇന്നത്തെപ്പോലെ പരിസ്ഥിതി പ്രശ്‌നങ്ങളെ നേരിടാനായി സംഘടനകളോ പ്രസ്ഥാനങ്ങളോ ഉണ്ടായിരുന്നില്ല. സര്‍ക്കാര്‍ തലത്തില്‍ പരിസ്ഥിതിസംരക്ഷണത്തിനുള്ള ഏജന്‍സികളും ഇല്ലായിരുന്നു. അതിനാല്‍ റേച്ചലിന് തന്റെ യുദ്ധം ഒറ്റയ്ക്കു നയിക്കേണ്ടിവന്നു. അവര്‍ എഴുത്തിലൂടെയും പ്രസംഗത്തിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും തന്റെ ഭാഗം തെളിവുസഹിതം വിശദമാക്കി. അതിന്റെ ഫലമായി അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡി ഡി.ഡി.റ്റിയുടെ ദോഷഫലങ്ങള്‍ പഠിക്കാന്‍ ഒരു ശാസ്‌ത്രോപദേശക സമിതിയെ നിയോഗിച്ചു.

നിശ്ശബ്ദവസന്തം ഡി.ഡി.റ്റിക്കെതിരെ ഉയര്‍ത്തിവിട്ട പ്രതിഷേധക്കൊടുങ്കാറ്റ് ലോകമെങ്ങും വീശിയടിച്ചു. കീടനാശിനികളെക്കുറിച്ചുള്ള ശാസ്ത്രീയമായ കാഴ്ചപ്പാട് രൂപവത്കരിക്കുന്നതില്‍ ഈ പുസ്തകം പ്രധാന പങ്ക് വഹിച്ചു. നിശ്ശബ്ദവസന്തം എഴുതിക്കൊണ്ടിരിക്കെത്തന്നെ അവരെ അര്‍ബുദം ആക്രമിച്ചിരുന്നു. 1964 ഏപ്രില്‍ 14-ന് റേച്ചല്‍ കാര്‍സണ്‍ അന്തരിച്ചു.

റേച്ചലിന്റെ മരണാനന്തരം 1972-ല്‍ അമേരിക്കന്‍ ഗവണ്മെന്റ് ഡി.ഡി.റ്റി. സമ്പൂര്‍ണമായി നിരോധിച്ചു. നിശ്ശബ്ദ വസന്തത്തിനുശേഷം അരനൂറ്റാണ്ടു കടന്നുപോയെങ്കിലും കീടനാശിനി ദുരന്തങ്ങള്‍ ഇന്നും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. കാസര്‍കോട് ജില്ലയിലെ ഏന്‍മകജെ, പത്രെ ഗ്രാമങ്ങള്‍ നിശ്ശബ്ദ വസന്തത്തിന്റെ പുതിയ ഉദാഹരണങ്ങളാണ്.

ഡി.ഡി.റ്റി. എന്ന ജീവനാശിനി

1874-ല്‍ ഒത്മര്‍ സീഡ്‌ലര്‍ (Othmor Zeidler) എന്ന ജര്‍മന്‍ ശാസ്ത്രജ്ഞനാണ് ഡി.ഡി.റ്റി അഥവാ ഡൈ ക്ലോറോ ഡൈഫിനൈല്‍ ട്രൈക്ലോറോ ഇഥേന്‍ ((C6H4C1)2 CH.Ccl3)വികസിപ്പിച്ചെടുത്തത്.

പ്ലേഗും മലമ്പനിയും മലേറിയയുമെല്ലാം പരത്തുന്ന കൊതുകുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ കീടങ്ങളെയും കൊന്നൊടുക്കുന്ന ഡി.ഡി.റ്റിയെ അദ്ഭുത കീടനാശിനിയായി ലോകം വാഴ്ത്തി. ലോകാരോഗ്യ സംഘടനയുടെ പ്രായോജക പരിപാടിയനുസരിച്ച് വീടുകള്‍ തോറും മലിനജലത്തിലും സെപ്റ്റിക് ടാങ്കുകളിലും കാട്ടിലും പുല്‍മേട്ടിലുമെല്ലാം കൊതുകിനെയും കീടങ്ങളെയും കൊല്ലാനായി ഇത് തളിച്ചു.

മലേറിയ ഒരു പരിധിവരെ നിയന്ത്രണവിധേയമാക്കാന്‍ ഡി.ഡി.റ്റി. സഹായിച്ചു. ദീര്‍ഘകാലം നശിക്കാതെ നിലനില്‍ക്കുന്നതിനാല്‍ ശ്വസനത്തിലൂടെയും ത്വക്കിലൂടെയും ഇത് ശരീരത്തില്‍ കടന്ന് കൊഴുപ്പുകളില്‍ സംഭരിക്കപ്പെടുന്നു. കൂടാതെ സസ്യങ്ങളിലും കീടങ്ങളിലും പ്രവേശിക്കുന്ന ഡി.ഡി.റ്റി. ഇവയെ ആഹാരമാക്കുന്ന ജന്തുജാലങ്ങളില്‍ നേരിയ അളവുകളിലായി സാവധാനം വര്‍ധിക്കുന്നു. മനുഷ്യരുള്‍പ്പെടെ സമസ്ത ജീവജാലങ്ങളിലും ഈ മാരകവിഷം അടിഞ്ഞുകൂടുന്നു. നാഡീവ്യൂഹത്തെയും പ്രജനനവ്യൂഹത്തെയുമാണ് ഈ വിഷം ബാധിക്കുന്നത്.

ഡി.ഡി.റ്റി.യുടെ കീടനാശക സ്വഭാവം ആദ്യമായി തിരിച്ചറിഞ്ഞത് പോള്‍ ഹെര്‍മന്‍ മുള്ളര്‍ എന്ന സ്വീഡിഷ് ശാസ്ത്രജ്ഞനാണ്-1939-ല്‍. ഗൈഗി (Geigy) കമ്പനിയിലെ ഗവേഷകനായിരുന്നു മുള്ളര്‍. ഈ കണ്ടുപിടിത്തത്തിന് വൈദ്യശാസ്ത്രത്തിനുള്ള 1948-ലെ നൊബേല്‍ സമ്മാനം മുള്ളര്‍ക്ക് നല്‍കപ്പെട്ടു.

ഇവിടെ തളിച്ചാല്‍ അന്റാര്‍ട്ടിക്കയില്‍ എത്തും!
തിരിച്ചറിഞ്ഞിട്ടുള്ള ഏതാണ്ട് 9 ലക്ഷം കീടയിനങ്ങളില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് ഉപദ്രവകാരികള്‍. ഇവയില്‍ ഏകദേശം 3500-ഓളം കീടങ്ങള്‍ മാത്രമാണ് കാര്‍ഷികവിളകളെ നശിപ്പിച്ചും സാംക്രമികരോഗങ്ങര്‍ പരത്തിയും മനുഷ്യന് ദ്രോഹം ചെയ്യുന്നത്. ബഹുഭൂരിപക്ഷം കീടങ്ങളും മനുഷ്യന്റെ മിത്രങ്ങളാണ്.

പരിസ്ഥിതി സന്തുലനം കാത്തുസൂക്ഷിക്കുന്നതില്‍ അവ പ്രധാന പങ്കുവഹിക്കുന്നു. കീടനാശിനികള്‍ക്ക് ശത്രുകീടങ്ങളെ മാത്രം തിരഞ്ഞുപിടിച്ച് നശിപ്പിക്കാന്‍ കഴിയാത്തതുകൊണ്ട് ബഹുഭൂരിപക്ഷം വരുന്ന മിത്രകീടങ്ങളെയും അവ നശിപ്പിക്കുന്നു. ദീര്‍ഘകാലം നിലനില്‍ക്കുന്ന ഓര്‍ഗാനോ ക്ലോറിന്‍ വിഭാഗത്തില്‍പ്പെട്ട കീടനാശിനികളാകട്ടെ കാട്ടില്‍ തളിച്ചാല്‍ കടല്‍ കടന്ന് ആന്റാര്‍ട്ടിക്കയിലെ ജീവികളില്‍പ്പോലും എത്തിച്ചേരുന്നു.

മഴക്കാലത്ത് മണ്ണിലെത്തി മണ്ണില്‍നിന്ന് കാട്ടരുവിയില്‍ ചേര്‍ന്ന് ഒഴുകി സമുദ്രത്തിലെത്തുന്നു. സമുദ്രത്തിലെ സൂക്ഷ്മ പ്ലവഗങ്ങള്‍ ഇത് വലിച്ചെടുക്കുന്നതിലൂടെ പ്ലവഗ സസ്യങ്ങളെ തിന്നുന്ന കടല്‍ജീവികളിലേക്കും ഇവയെത്തുന്നു. അവിടെനിന്ന് പക്ഷികളിലും സസ്തനികളിലും ചെന്നെത്തുന്നു. അങ്ങനെ കീടനാശിനികള്‍ ഒരിക്കലും ഉയോഗിച്ചിട്ടില്ലാത്ത ധ്രുവപ്രദേശദത്തെ നീര്‍നായയിലും പെന്‍ഗ്വിനിലും വരെ ഡി.ഡി.റ്റി ദുരന്തം വിതയ്ക്കുന്നു.

റേച്ചല്‍ കാര്‍സണ്‍

യു.എസ്സിലെ പെന്‍സില്‍വാനിയയിലെ സ്പ്രിങ്‌ഡെലില്‍ 1907 മെയ് 27-ന് ജനിച്ചു. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയില്‍നിന്ന് ജനിതകശാസ്ത്രത്തിലും കടലിലെ ജൈവശാസ്ത്രത്തിലും ബിരുദാനന്തര ബിരുദം നേടി. തുടര്‍ന്ന് യു.എസ്. ബ്യൂറോ ഓഫ് ഫിഷസില്‍ അക്വാടിക് ബയോളജിസ്റ്റായി നിയമിതനായി. കടലിനെക്കുറിച്ചുള്ള രണ്ടു പുസ്തകങ്ങള്‍ ഇക്കാലങ്ങളില്‍ അവര്‍ എഴുതിയിട്ടുണ്ട്.

നമുക്കു ചുറ്റുമുള്ള കടല്‍ (The Sea Around US) എന്ന പുസ്തകത്തിന് അമേരിക്കയുടെ ദേശീയ പുസ്തക പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. പിന്നീടാണ് ഒരു അദ്ഭുതകീടനാശിനിയായി വാഴ്ത്തപ്പെട്ട ഡി.ഡി.റ്റി. ഉണ്ടാക്കുന്ന വിനയെക്കുറിച്ച് നിശ്ശബ്ദവസന്തത്തിലൂടെ റേച്ചല്‍ ചൂണ്ടിക്കാണിച്ചത്. റേച്ചല്‍ കാര്‍സണിന്റെ വാദങ്ങളെ ജീവശാസ്ത്രജ്ഞര്‍പോലും അക്കാലത്ത് സംശയത്തോടെയാണ് വീക്ഷിച്ചത്. എന്നാല്‍ പില്‍ക്കാലത്ത് പരിസ്ഥിതിപ്രസ്ഥാനത്തിന് നിശ്ശബ്ദവസന്തം ഉത്തേജനമായി. 1964 ഏപ്രില്‍ 14-ന് മേരിലാന്‍ഡിലെ സില്‍വര്‍ ബ്രഡ്ജില്‍വെച്ച് അവര്‍ അന്തരിച്ചു.



1

 

ga