സംസ്‌കൃതത്തില്‍ ഒരു ശ്ലോകമുണ്ട്:
ഏകഭുക്തം മഹായോഗി
ദ്വി ഭുക്തം മഹാഭോഗി
ത്രി ഭുക്തം മഹാരോഗി
ചതുര്‍ഭുക്തം മഹാപാപി.
ഒരു നേരം ഭക്ഷിക്കുന്നവന്‍ മഹായോഗിയും രണ്ട് നേരം ഭക്ഷിക്കുന്നവന്‍ മഹാഭോഗിയും മൂന്ന് നേരം ഭക്ഷിക്കുന്നവന്‍ മഹാരോഗിയും നാലുനേരം ഭക്ഷിക്കുന്നവന്‍ മഹാപാപിയുമാണെന്നാണ് ശ്ലോകത്തിന്റെ അര്‍ഥം.
അന്നം ബ്രഹ്മമാണെന്ന് തൈത്തിരിയോപനിഷത്തില്‍ പറയുന്നുണ്ട്. ഭക്ഷണം കഴിക്കുമ്പോള്‍ ഇടയ്‌ക്കെങ്കിലും, ആഹാരം കിട്ടാതെ മെലിഞ്ഞുണങ്ങിയ പട്ടിണിക്കോലങ്ങളെ ഓര്‍ക്കുക. ഭക്ഷണം ഉണ്ടാക്കിയതിനു പിന്നിലെ ത്യാഗങ്ങളെ, വെയിലും മഴയും അവഗണിച്ച് അത്യധ്വാനം ചെയ്യുന്ന കര്‍ഷകനെ, പരാഗണം നടത്തുന്ന ചെറുജീവികളെ, വെള്ളവും വളവും പ്രാണവായുവും നല്‍കിയ മണ്ണിനെ, വിണ്ണിനെ, സൂര്യഗോളത്തെ, എല്ലാം ഓര്‍ക്കുക. എങ്കില്‍ ഭക്ഷണം പാഴാക്കാനോ വലിച്ചെറിയാനോ കഴിയില്ല.
ആഹാരകാര്യത്തില്‍ സ്വയം പര്യാപ്തമല്ലാത്ത ഒരു സമൂഹത്തിനും അധികകാലം പിടിച്ചു നില്‍ക്കാനാകില്ല. ജീവിതച്ചെലവു കൂടുകയും കാര്‍ഷിക വിഭവങ്ങള്‍ വിഷമയമാകുകയും പോഷകഘടങ്ങളുടെ അഭാവം ഉണ്ടാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യവും ആയുസ്സും നന്മകളും നിലനിര്‍ത്താനും പരിസ്ഥിതി സംരക്ഷണത്തിനും ആവുന്നത്ര ഭക്ഷ്യവസ്തുക്കള്‍ സ്വയം ഉത്പാദിപ്പിക്കുക മാത്രമാണ് വഴി. അവ ജൈവരീതിയില്‍ ഉണ്ടാക്കിയെടുക്കുന്നത് പ്രകൃതിയോടുള്ള നമ്മുടെ സ്‌നേഹത്തിന്റെ പ്രതിഫലനമാണ്. നാം ഭക്ഷണം കഴിക്കുന്നുണ്ടെങ്കില്‍, നമുക്ക് കൃഷി ചെയ്യാനുള്ള ബാധ്യതയുമുണ്ടെന്നോര്‍ക്കുക!