ചിന്തിക്കുക, ഭക്ഷിക്കുക, സംരക്ഷിക്കുക

വിനോദ് അഴിഞ്ഞിലം Posted on: 04 Jun 2013


ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും ജൂണ്‍ 5 പരിസ്ഥിതിദിനമായി ആചരിച്ചു വരുന്നുണ്ടല്ലോ. 1972 ജൂണ്‍ 5-ന് സ്വീഡനിലെ സ്റ്റോക്ക്‌ഹോമില്‍ അനേകം രാഷ്ട്രത്തലവന്മാര്‍ ഒത്തുചേര്‍ന്ന് ആദ്യമായി പരിസ്ഥിതി വിഷയം ഒരു മുഖ്യ അജന്‍ഡയായെടുത്ത് ചര്‍ച്ച ചെയ്യുകയും പരിസ്ഥിതി സംരക്ഷണത്തിനായി ഒരു നിയമാവലി തയ്യാറാക്കുകയും ചെയ്തു. ഈ ആദ്യ പരിസ്ഥിതി ഉച്ചകോടിയുടെ ഓര്‍മയ്ക്കായാണ് വര്‍ഷം തോറും ജൂണ്‍ 5 പരിസ്ഥിതി ദിനമായി ആചരിച്ചുവരുന്നത്.

യു.എന്‍.ഒ.യുടെ പരിസ്ഥിതി സമിതിയായ യു.എന്‍. ഇ.പി. (യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റ് പ്രോഗ്രാം) ഓരോ പരിസ്ഥിതിദിനത്തിലും ഓരോ പ്രധാന വിഷയങ്ങള്‍ പ്രമേയമായെടുത്ത് പ്രചാരണം നല്‍കാറുണ്ട്. ഈ വര്‍ഷത്തെ പരിസ്ഥിതിദിന സന്ദേശം ചിന്തിക്കുക. ഭക്ഷിക്കുക, സംരക്ഷിക്കുക എന്നതാണ്.

അന്താരാഷ്ട്ര ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ കണക്കുകള്‍ പ്രകാരം എല്ലാവര്‍ഷവും 1.3 ബില്ല്യണ്‍ (ഒരു ബില്ല്യണ്‍ ആയിരം കോടി) ടണ്‍ ആഹാര പദാര്‍ഥങ്ങള്‍ ലോകത്ത് പാഴാക്കിക്കളയുന്നുണ്ട്. ഇത് ഏകദേശം, ദക്ഷിണാഫ്രിക്കയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ആകെ ഭക്ഷ്യപദാര്‍ഥത്തിന്റെ അളവിന് തുല്യമാണ്. ഭക്ഷ്യസുരക്ഷയെപ്പറ്റി നാം ഗൗരവത്തോടെ ചിന്തിക്കുകയും വലിയൊരു ഭക്ഷ്യ പ്രതിസന്ധിയെ മുന്നില്‍ കാണുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ പോലും എന്തുമാത്രം ഭക്ഷ്യവിഭവങ്ങളാണ് നമ്മള്‍ ദിവസേന എന്നോണം നഷ്ടപ്പെടുത്തിക്കളയുന്നത്! വിവാഹം, ഉത്സവം തുടങ്ങിയ ആഘോഷവേളകളിലും വലിയ സത്കാര പരിപാടികളിലും ടണ്‍ കണക്കിന് ആഹാര സാമഗ്രികളാണ് പാഴാക്കിക്കളയുന്നത്!

കുറഞ്ഞ അംഗങ്ങളുള്ള ചെറിയ വീടുകളില്‍ പോലും വലിയ അളവില്‍ ഭക്ഷണസാധനങ്ങള്‍ നശിപ്പിക്കപ്പെടുന്നുണ്ട്.

/എഛയുടെ കണക്കുകള്‍ പ്രകാരം ലോകത്ത് 7-ല്‍ 1 ഭാഗം ജനങ്ങള്‍ പട്ടിണി അനുഭവിക്കുന്നു. 5 വയസ്സില്‍താഴെയുള്ള 20000ത്തോളം കുട്ടികള്‍ പട്ടിണി മൂലം മരിക്കുന്നു. ഓരോ നാല് മിനുട്ടിലും ഒരാള്‍ വീതം പോഷകാഹാരക്കുറവ് കാരണം മരിക്കുന്നു. 82 രാജ്യങ്ങള്‍ ഇന്ന് കടുത്തഭക്ഷ്യ പ്രതിസന്ധിയിലാണ്. 81.5 കോടി ആളുകളാണ് ദാരിദ്ര്യത്തിലും പട്ടിണിയിലും കഴിയുന്നത്.

ലോകഭക്ഷ്യധാന്യ ഉത്പാദനം വന്‍തോതില്‍ കുറഞ്ഞ് വരികയാണ്. ഭക്ഷണത്തിന്റെ ആളോഹരി ഉപഭോഗം 1980ല്‍ 326 കിലോഗ്രാം എന്നത് 2011-ല്‍ 307 കിലോഗ്രാമായി കുറഞ്ഞു. ദരിദ്ര രാജ്യങ്ങളില്‍ ഈ ഉപയോഗം 125 കിലോഗ്രാം മാത്രമാണ്. എന്നാല്‍ അമേരിക്ക, കാനഡ തുടങ്ങിയ വികസിത രാഷ്ട്രങ്ങളില്‍ ഇത് 1046 കിലോഗ്രാമാണ്. ഭക്ഷ്യക്ഷാമം മൂലം 40 രാജ്യങ്ങളില്‍ ലഹള പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. അന്താരാഷ്ട്ര നെല്ല് ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്ന ഫിലിപ്പീന്‍സ്, ഇന്‍ഡൊനീഷ്യ, കംബോഡിയ, മെക്‌സിക്കോ, മൊറോക്കോ, യെമന്‍, ബംഗ്ലാദേശ് തുടങ്ങിയവ പ്രധാന കലാപരാജ്യങ്ങളാണ്.



1

 

ga