ഹരിത സംരക്ഷണ നായകന്‍

Posted on: 04 Jun 2013



'ഞാന്‍ ആരെന്ന് അറിഞ്ഞാല്‍ ഒരുപക്ഷെ താങ്കള്‍ തന്നെ കാറില്‍ നിന്ന് പുറത്തിറക്കും', ഇലക്ട്രിസിറ്റി ബോര്‍ഡ് ചെയര്‍മാനായിരുന്ന കൊച്ചുകോശിയോട് പ്രൊഫ. എം.കെ. പ്രസാദ് ചിരിച്ചുകൊണ്ട് പറഞ്ഞു.

ന്യൂഡല്‍ഹിയിലെ കേരളാ ഹൗസില്‍ നിന്ന് ഇരുവരും എയര്‍പോര്‍ട്ടിലേക്കാണ് യാത്ര ചെയ്തത്. വര്‍ഷങ്ങള്‍ക്കുമുമ്പുള്ള സംഭവമാണിത്. സൈലന്റ്‌വാലി ഹരിതവനങ്ങള്‍ സംരക്ഷിക്കാന്‍ നടത്തിയ ബഹുജനപ്രക്ഷോഭത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു പ്രൊഫ. പ്രസാദ്. കോഴിക്കോട് ആര്‍ട്‌സ് കോളേജില്‍ ലക്ചററായിരുന്നു ആ കാലത്ത് അദ്ദേഹം.

കാറില്‍ അദ്ദേഹത്തിന് എയര്‍പോര്‍ട്ട് വരെ കൊച്ചുകോശി ലിഫ്റ്റ് കൊടുത്തതാണ്. അപരിചിതന്‍. പേരുവിവരങ്ങള്‍ ചോദിച്ചപ്പോഴാണ് കൊച്ചുകോശിയോട് പ്രസാദ് സൈലന്റ്‌വാലി പ്രസ്ഥാനത്തെക്കുറിച്ച് പറഞ്ഞത്. ഇരുവരും പൊട്ടിച്ചിരിച്ചു. കൊച്ചുകോശി സൗഹൃദം ആസ്വദിച്ചുകൊണ്ട് പറഞ്ഞു. 'മാഷേ, ഞങ്ങള്‍ സര്‍ക്കാറിന്റെ നയപരിപാടികള്‍ നടപ്പിലാക്കേണ്ട ഉദ്യോഗസ്ഥര്‍. ജനകീയ സമരങ്ങള്‍ നടക്കുമ്പോള്‍ സര്‍ക്കാറിനുവേണ്ടി ഞങ്ങള്‍ ശബ്ദിക്കുന്നു. സൗഹൃദം തട്ടിയകറ്റാന്‍ അതൊരു വന്‍മതില്‍ ആകുന്നില്ല'. കണ്ണുകളില്‍ തിളക്കത്തോടെ കൊച്ചുകോശിയുടെ വാക്കുകള്‍ പ്രസാദ് ഇന്നും ഓര്‍മിക്കുന്നു.

കൊച്ചി ഗിരിനഗറിലെ 62-ാം നമ്പര്‍ വീട്ടിലിരുന്ന് പോരാട്ടത്തിന്റെ അമൂല്യശേഖരം തുറന്ന് രേഖകള്‍ ഒന്നൊന്നായി അദ്ദേഹം പുറത്തെടുത്തു. ഒരു കാലഘട്ടത്തിന്റെ സുവര്‍ണരേഖകളായി അവ അവശേഷിക്കുന്നു. നീണ്ട 40 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ആയിരക്കണക്കിന് ശിഷ്യന്‍മാരുള്ള ശ്രേഷ്ഠനായ അധ്യാപകന് വയസ്സ് 80 ആയി. എന്നാല്‍ വാക്കിലും പ്രവൃത്തിയിലും ഇപ്പോഴും യുവത്വത്തിന്റെ ഹരിതഭൂവിന്റെ പ്രതിഫലനം കാണാം. പ്രകൃതിയെ സംരക്ഷിക്കാന്‍ ഇന്നും മുന്‍നിരയിലുള്ള അദ്ദേഹത്തിന് ഉറച്ച പിന്തുണ നല്‍കുന്നത് പത്‌നിയായ പ്രൊഫ. ഷേര്‍ളിയാണ്. ഇരുവരും മഹാരാജാസ് കോളേജിലെ അധ്യാപകരും പ്രിന്‍സിപ്പല്‍മാരുമായിരുന്നു.

ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രസിഡന്റായിരുന്നപ്പോള്‍ സൈലന്റ്‌വാലി ഉള്‍പ്പെട്ട പ്രകൃതിസംരക്ഷണ പ്രക്ഷോഭങ്ങള്‍ക്ക് അദ്ദേഹം നല്‍കിയ സമഗ്ര സംഭാവനകള്‍ മാനിച്ചുകൊണ്ട് ജൂണ്‍ 5ന് കൊച്ചി മറൈന്‍ഡ്രൈവ് ഗേറ്റ്‌വേ (ടാജ്) ഹോട്ടലില്‍ സ്വീകരണം നല്‍കും. രാവിലെ 10 മുതല്‍ വൈകിട്ട് വരെ പരിപാടികളുണ്ട്. മാധവ് ഗാഡ്ഗില്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ടാറ്റാ ടിയും കണ്ണന്‍ദേവന്‍ കമ്പനിയും മുന്‍കൈ എടുത്താണ് പരിപാടി സംഘടിപ്പിക്കുന്നത്. ശാസ്ത്രജ്ഞനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ആനന്ദ് പാര്‍ഥസാരഥി ചടങ്ങിനോടനുബന്ധിച്ച് പരിസ്ഥിതി പ്രശ്‌നങ്ങളെ അധികരിച്ചുള്ള വിവിധ ലേഖനങ്ങള്‍ അടങ്ങിയ ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നുണ്ട്. ചടങ്ങില്‍ സുനിതാ നാരായണന്‍, ബിട്ടു സെഗാള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ചരിത്രസംഭവങ്ങളുടെ രജതരേഖ
24 പേജുകളുള്ള ഒരുലഘുലേഖ. പ്രസിദ്ധീകരിച്ചത് ശാസ്ത്രസാഹിത്യപരിഷത്ത്. വില 50 പൈസ. സൈലന്റ്‌വാലി പദ്ധതി വന്നാല്‍ അത്യപൂര്‍വവും ജൈവപ്രാധാന്യവുമുള്ള സൈലന്റ്‌വാലിയിലെ നിത്യഹരിതവനങ്ങള്‍ മുങ്ങും. പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ കനത്തതായിരിക്കും. പദ്ധതി ഇല്ലാതെ തന്നെ കേരളത്തില്‍ വൈദ്യുതി ശക്തിപ്പെടുത്താന്‍ കഴിയുമെന്ന് സമര്‍ഥിച്ചതാണ് ഈ രേഖ. തന്റെ ഫയലില്‍ നിന്ന് ലഘുലേഖ എടുത്ത് കാണിച്ചുകൊണ്ട് പ്രൊഫ. പ്രസാദ് പറഞ്ഞു. പരിസ്ഥിതിയെക്കുറിച്ച് ജനങ്ങള്‍ക്ക് അവബോധം ഇല്ലാത്ത കാലം. പ്രകടനത്തിനും പ്രക്ഷോഭത്തിനും ആളുകളെ കിട്ടാനില്ല. 1978-80 കാലഘട്ടം. പരിസ്ഥിതി എന്ന് കേട്ടാല്‍ ഒന്നും മനസ്സിലാക്കാന്‍ കഴിയാത്ത ഭാവത്തില്‍ ജനങ്ങള്‍ പ്രതികരിക്കുന്ന കാലം. അതിന് പരിഹാരം കണ്ടവഴി അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട്ടെ തിയേറ്ററുകളില്‍ സിനിമ കഴിഞ്ഞ് ജനങ്ങള്‍ വന്നിറങ്ങുമ്പോള്‍ പരിസ്ഥിതി പ്രവര്‍ത്തകരെ പ്ലക്കാര്‍ഡുമായി അണിനിരത്തി. 'സൈലന്റ്‌വാലി ഹരിതവനങ്ങളെ സംരക്ഷിക്കുക' എന്നതായിരുന്നു മുദ്രാവാക്യം. ജനങ്ങള്‍ക്ക് ഒന്നും മനസ്സിലായില്ല. പത്രങ്ങളില്‍ വാര്‍ത്തയും കുറവ്. പ്രസാദും കൂട്ടരും നിരാശരായില്ല. ചെറിയ പ്രകടനങ്ങള്‍ തുടര്‍ന്നു. ആയിരത്തോളം ക്ലാസുകള്‍ സൈലന്റ് വാലിയെ മുന്‍നിര്‍ത്തി പരിഷത്ത് സംഘടിപ്പിച്ചു. അങ്ങനെ ക്രമേണ ജനങ്ങളെ ബോധവാന്‍മാരാക്കി. 1979 ഫിബ്രവരിയില്‍ പരിഷത്ത് പ്രസിദ്ധീകരിച്ച ലഘുലേഖ കേരളത്തില്‍ എങ്ങും വിതരണം ചെയ്തു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും അത് പലതവണ അച്ചടിച്ചു. 1979 ജൂണ്‍ മാസത്തിലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ സൈലന്റ് വാലിയെക്കുറിച്ച് അദ്ദേഹത്തിന്റെ ലേഖനം പ്രസിദ്ധീകരിച്ചതോടെയാണ് പരിസ്ഥിതിസംരക്ഷണത്തിന് പ്രാമുഖ്യം കിട്ടിയത്. ലേഖനത്തിനുള്ള ചിത്രങ്ങള്‍ നല്‍കിയത് പ്രമുഖ പരിസ്ഥതി പ്രവര്‍ത്തകരായ റോമുലസ് വിറ്റാക്കറും ഇ.ആര്‍.സി. ദവിദാറുമായിരുന്നു. ആ ലേഖനത്തിന്റെ കോപ്പിയും ഫോട്ടോ കോപ്പികളും ഒരുനിധിപോലെ പ്രൊഫ. പ്രസാദ് തന്റെ ശേഖരത്തില്‍ ഇന്നും സൂക്ഷിക്കുന്നു. പരിസ്ഥിതി പ്രവര്‍ത്തകരായ ജോണ്‍ സി. ജേക്കബ്, വി.കെ. ദാമോദരന്‍, യു.കെ. ഗോപാലന്‍, ഡോ. അച്യുതന്‍, എം.പി. പരമേശ്വരന്‍, പ്രൊഫ. കെ.പി. കണ്ണന്‍ തുടങ്ങി നിരവധിപേര്‍ അണിനിരന്നതോടെ പരിസ്ഥിതി സംരക്ഷണ പ്രക്ഷോഭത്തിന് ശക്തികൂടി.

പരിസ്ഥിതിക്കായി പ്രസംഗിച്ചതിന് നടപടി
1988ല്‍ കൊല്‍ക്കത്തയില്‍ ദേശീയ സയന്‍സ് കോണ്‍ഗ്രസ് നടന്നപ്പോള്‍ സൈലന്റ് വാലി നിത്യഹരിത വനങ്ങളെ സംരക്ഷിക്കാനുള്ള പ്രൊഫ. പ്രസാദിന്റെ പ്രസംഗം അന്നത്തെ സംസ്ഥാന സര്‍ക്കാറിന് രുചിച്ചില്ല. സര്‍ക്കാറിന്റെ നയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചത് സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിന് എതിരാണെന്ന ആക്ഷേപം ഉയര്‍ന്നു. അച്ചടക്ക നടപടികള്‍ക്ക് അദ്ദേഹത്തിന് നോട്ടീസ് നല്‍കി. കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ അനുമതി നേടിയശേഷമാണ് പ്രബന്ധം അവതരിപ്പിച്ചതെന്ന് അദ്ദേഹം മറുപടി നല്‍കി. പ്രബന്ധത്തിന്റെ കോപ്പി ഉടന്‍ നല്‍കാന്‍ സര്‍ക്കാര്‍ സെക്രട്ടറി കല്‍പിച്ചു. പ്രബന്ധം കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ ഫയലില്‍ കാണും. താങ്കള്‍ അവിടെനിന്ന് എടുത്തുവായിക്കൂ എന്ന മറുപടി അദ്ദേഹം സെക്രട്ടറിക്ക് നല്‍കി. ഏതായാലും പ്രശ്‌നം കുത്തിപ്പൊക്കാന്‍ സെക്രട്ടറിക്ക് കഴിഞ്ഞില്ല. പ്രസാദിന്റെ സുഹൃത്തുക്കളും ഉന്നത ഉദ്യോഗസ്ഥരുമായ ചിലര്‍ പ്രത്യേകിച്ച് പ്ലാനിങ് ബോര്‍ഡ് അംഗം പി.കെ. ഗോപാലകൃഷ്ണന്‍ ഇടപെട്ട് സര്‍ക്കാറിന്റെ തലതിരിഞ്ഞ നടപടിയെ വിമര്‍ശിച്ചു. അതോടെ വിവാദം കെട്ടടങ്ങി. അതിന് മുമ്പാണ് ഒറ്റപ്പാലത്ത് വിശ്രമജീവിതം നയിച്ചിരുന്ന നയതന്ത്രവിദഗ്ദ്ധനായ കെ.പി.എസ്. മേനോനുമായി പ്രസാദ് പരിചയപ്പെട്ടത്. ഇനി ഒരു ജന്മമുണ്ടെങ്കില്‍ താന്‍ ജീവിതകാലം മുഴുവനും വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തുമെന്ന് അദ്ദേഹം ഒരു ലേഖനത്തില്‍ എഴുതിയിരുന്നു. അഭിനന്ദിച്ചുകൊണ്ട് പ്രസാദ് അദ്ദേഹത്തിന് കത്തയച്ചു. മറുപടി കിട്ടി. പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനവുമായി കെ.പി.എസ്. മേനോന്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ അഭ്യര്‍ഥന മാനിച്ച് പ്രസിദ്ധ നര്‍ത്തകിയും മലയാളിയുമായ മൃണാളിനി സാരാഭായ് സൈലന്റ് വാലി നൃത്തരൂപത്തില്‍ അവതരിപ്പിച്ചത് ലോകശ്രദ്ധയാകര്‍ഷിച്ചു. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെയും കെ.പി.എസ്. മേനോന്റെ കത്തുകള്‍ സ്വാധീനിച്ചു. ശാസ്ത്രജ്ഞനായ പ്രൊഫ. എം.കെ.ജി. മേനോനും ഡോ. സലിംഅലിയും രംഗത്തുവന്നതോടെ സൈലന്റ് വാലി മഴക്കാടുകള്‍ അന്തര്‍ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. പ്രൊഫ. എം.കെ.ജി. മേനോന്റെ റിപ്പോര്‍ട്ടിലെ ശുപാര്‍ശയെതുടര്‍ന്നാണ് സൈലന്റ് വാലി ജലവൈദ്യുത പദ്ധതി ഉപേക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. പദ്ധതി പ്രദേശം വിട്ടുപോയപ്പോള്‍ ഇലക്ട്രിസിറ്റി ജീവനക്കാരും ഉദ്യോഗസ്ഥരും രോഷാകുലരായി വനത്തിലെ ചില ഭാഗങ്ങള്‍ക്ക് തീയിട്ടു. ഉണങ്ങാത്ത മുറിപ്പാടുകളായി അത് വര്‍ഷങ്ങളോളം കാണാമായിരുന്നു.

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ലേഖനം എഴുതുന്നതിനായി തന്റെ സുഹൃത്തും കോളേജ് അധ്യാപകനുമായ രാമകൃഷ്ണന്‍ പാലാട്ടിനോടൊപ്പമാണ് പ്രസാദ് സൈലന്റ് വാലി ആദ്യമായി സന്ദര്‍ശിച്ചത്. വനംവകുപ്പ് ഗാര്‍ഡ് ശങ്കരനും കൂടെ ഉണ്ടായിരുന്നു.

സൈലന്റ് വാലി സംരക്ഷിച്ചതിന് ഡോ. സലിംഅലിയുടെയും പ്രൊഫ. പ്രസാദിന്റെയും പേരുകള്‍ വനത്തിന്റെ കവാടത്തില്‍ തന്നെ എഴുതിവെക്കണമെന്ന് കെ.പി.എസ്. മേനോന്‍ അഭിപ്രായപ്പെട്ടിരുന്നു. നിരവധി വിദേശ പരിസ്ഥിതി പ്രവര്‍ത്തകരെയും സൈലന്റ് വാലിയിലേക്ക് ആകര്‍ഷിക്കാന്‍ കെ.പി.എസ്. മേനോന് കഴിഞ്ഞു.

സൈലന്റ്‌വാലി നിത്യഹരിതവനം സംരക്ഷിക്കപ്പെട്ടു. പരിസ്ഥിതി അവബോധം ജനങ്ങള്‍ക്കും സര്‍ക്കാറിനും കൂടി. നിരവധി നിയമനിര്‍മാണങ്ങള്‍ വെളിച്ചംകണ്ടു. അത്യുന്നത നീതിപീഠമായ സുപ്രീംകോടതിയും പ്രകൃതിസംരക്ഷണത്തിന് ചരിത്രപ്രസിദ്ധമായ വിധികള്‍ സംഭാവന ചെയ്തു. പ്രകൃതിസംരക്ഷണവുമായി ബന്ധപ്പെട്ട നിരവധി പ്രസ്ഥാനങ്ങളില്‍ പ്രൊഫ. പ്രസാദ് തന്റെ സംഭാവനകള്‍ തുടര്‍ന്നു. അത് ഇപ്പോഴും നിര്‍ബാധം തുടരുന്നു.



1

 

ga