നീതിപീഠത്തെ ജനപക്ഷത്തെത്തിച്ച ന്യായാധിപന്‍

ജി.ഷഹീദ്‌ Posted on: 13 Nov 2014


ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരുടെ വസതിയിലെ ഓഫീസ് മുറിയില്‍ ഭിത്തിയിലെ ചിത്രം നരേന്ദ്ര മോദി അല്‍പ്പനേരം നോക്കിനിന്നു. അന്നദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു, 2012 ആഗസ്തില്‍ കൃഷ്ണയ്യരെ സന്ദര്‍ശിക്കാന്‍ കൊച്ചിയില്‍ എത്തിയതാണ് മോദി.

1957 ല്‍ എടുത്തതായിരുന്നു മോദിയെ ആകര്‍ഷിച്ച ആ ചിത്രം. കൃഷ്ണയ്യര്‍ അന്ന് ഇഎംഎസ് മന്ത്രിസഭയില്‍ ആഭ്യന്തരം ഉള്‍പ്പെടെ ഏഴ് വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന 43 കാരനായ മന്ത്രി. പ്രധാനമന്ത്രി നെഹ്‌റുവുമായി അദ്ദേഹത്തിന്റെ ഒദ്യോഗിക വസതിയായ തീന്‍മൂര്‍ത്തി ഭവനില്‍നിന്ന് സംസാരിക്കുന്നതായിരുന്നു ചിത്രത്തില്‍.

ഓര്‍മ്മയുണ്ടോ? അന്നെന്തായിരുന്നു ചര്‍ച്ചാവിഷയം? കൗതുകത്തോടെ ഫോട്ടോ നോക്കിയിട്ട് മോദി ഉദ്വേഗത്തോടെ തിരക്കി. അപ്പോള്‍ വയസ്സ് 98 ആയെങ്കിലും കൃഷ്ണയ്യരുടെ ഓര്‍മ്മ അപ്പോഴും തിളങ്ങിയിരുന്നു. അദ്ദേഹം പറഞ്ഞു: 'ജലസേചനവകുപ്പ് കൂടി ഞാന്‍ കൈകാര്യം ചെയ്തിരുന്നു. കേരളത്തിലെ ജലസ്രോതസ്സുകളെക്കുറിച്ച് ഞാന്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് തയ്യാറാക്കിയ ആധുനികരേഖ നെഹ്‌റുവിനെ ആകര്‍ഷിച്ചു. നദികളും വെള്ളച്ചാട്ടങ്ങളും അവയുടെ ഉത്ഭവം മുതല്‍ വിശദമായി പഠിച്ച്, കൃഷിയെ ജലസേചനവുമായി ബന്ധപ്പെടുത്തി തയ്യാറാക്കിയ രേഖ. ഭാരതപ്പുഴയും മുല്ലപ്പെരിയാറും കുട്ടനാടും അതില്‍ പ്രാമുഖ്യം നേടി. ഇലക്ട്രിസിറ്റി ചീഫ് എഞ്ചിനീയറായിരുന്ന വൈദ്യനാഥനായിരുന്നു അതിന്റെ മേല്‍നോട്ടം'.

ഇത്തരത്തിലുള്ള ആധികാരിക രേഖകള്‍ എല്ലാ സംസ്ഥാനത്തും തയ്യാറാക്കണമെന്ന് നെഹ്‌റു പാര്‍ലമെന്റില്‍ പ്രസംഗിച്ചു. അപ്പോള്‍ വിശിഷ്ടാതിഥികള്‍ക്കുള്ള ഗ്യാലറിയിലേക്ക് കൃഷ്ണയ്യെരയും പ്രസംഗം കേള്‍ക്കാന്‍ നെഹ്‌റു ക്ഷണിച്ചു. പിന്നീട് സ്വവസതിയില്‍വെച്ച് കൃഷ്ണയ്യര്‍ക്ക് ചായസല്‍ക്കാരവും നല്‍കി.

അന്ന് തയ്യാറാക്കിയ രേഖ ഇന്നും അമൂല്യമായി കൃഷ്ണയ്യരുടെ പുസ്തകശേഖരത്തില്‍ കാണാം. അത്തരത്തില്‍ പ്രധാനപ്പെട്ട രേഖകളും അത്യപൂര്‍വഗ്രന്ഥങ്ങളും മാത്രമേ ഇപ്പോള്‍ കൃഷ്ണയ്യരുടെ പക്കലുള്ളൂ. ബാക്കി 10,000 ഓളം ഗ്രന്ഥങ്ങള്‍ പല യൂണിവേഴ്‌സിറ്റികള്‍ക്കും ലോ കോളേജുകള്‍ക്കും നല്‍കി. നാലായിരത്തോളം പുസ്തകങ്ങള്‍ കൊച്ചിയിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ് ലീഗല്‍ സ്റ്റഡീസിന് സംഭാവന ചെയ്തു.

2014 നവംബര്‍ 15 ന് കൃഷ്ണയ്യര്‍ നൂറാം പിറന്നാള്‍ ആഘോഷിക്കുന്നു. ഇന്ത്യയിലെ പലഭാഗങ്ങളിലുള്ള കുടുംബാംഗങ്ങള്‍ അന്ന് കൊച്ചിയില്‍ എത്തും. പ്രധാനമന്ത്രി മോദി വരുന്നുണ്ട്. തീയതി നിശ്ചയിച്ചിട്ടില്ല.

എം.എല്‍.എ, മന്ത്രി, അഭിഭാഷകന്‍, ഹൈക്കോടതി, സുപ്രീംകോടതി ജഡ്ജി എന്നീ നിലകളിലും, സാമൂഹിക-മനുഷ്യാവകാശ പ്രവര്‍ത്തകന്‍, ഭരണഘടനാ വ്യാഖ്യാതാവ്, നിയമജ്ഞന്‍ തുടങ്ങിയ നിലകളിലും ആഗോളശ്രദ്ധ നേടിയ വ്യക്തിയാണ് വി.ആര്‍.കൃഷ്ണയ്യര്‍. ഭരണഘടനാ ശില്‍പ്പികളുടെ സങ്കല്‍പത്തിനും വിഭാവനയ്ക്കും അപ്പുറം മൗലീകവകാശങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കാന്‍ സുപ്രീംകോടതി ജഡ്ജിയായിരുന്നപ്പോള്‍ കൃഷ്ണയ്യര്‍ക്ക് കഴിഞ്ഞു. ഇന്ത്യന്‍ പൗരന്റെ രക്ഷാകവചമായി ഭരണഘടനയെ രൂപപ്പെടുത്താന്‍ കൃഷ്ണയ്യര്‍ക്ക് കഴിഞ്ഞതാണ് മഹത്തായ നേട്ടം. ലോകത്തിലെ ശ്രേഷ്ഠനായ മനുഷ്യാവകാശ പ്രവര്‍ത്തകനായി മാറാനും അദ്ദേഹത്തിന് കഴിഞ്ഞു. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള നിയമഗ്രന്ഥങ്ങളില്‍ അദ്ദേഹത്തിന് അദ്വിതീയമായ സ്ഥാനം നേടാനും കഴിഞ്ഞു.

തലശ്ശേരിയില്‍നിന്ന് സ്വതന്ത്രനായി ജയിച്ചാണ് കൃഷ്ണയ്യര്‍ എംഎല്‍എ ആയത്. പാലക്കാട്ട് സ്വദേശിയാണെങ്കിലും പിതാവ് രാമഅയ്യര്‍ പ്രാക്ടീസ് ചെയ്തത് കൊയിലാണ്ടി മുന്‍സിഫ് കോടതിയിലായിരുന്നു. ആത്മസുഹൃത്തുക്കളില്‍ ചിലര്‍ കൊയിലാണ്ടിക്കാരായിരുന്നു. പിന്നീട് തലശ്ശേരിയിലും ഓഫീസ് തുടങ്ങി. അങ്ങനെയാണ് കൃഷ്ണയ്യരും തലശ്ശേരിയില്‍ പ്രാക്ടീസ് തുടങ്ങിയത്. ഇ.എം.എസ് മന്ത്രിസഭയില്‍ അംഗങ്ങളായിരുന്നവരില്‍ രണ്ടുപേര്‍ മാത്രമേ ഇന്ന് ജീവിച്ചിരിപ്പുള്ളൂ. കൃഷ്ണയ്യരും കെ.ആര്‍.ഗൗരിയമ്മയും.

തിരുവനന്തപുരത്ത് അന്ന് മോഷ്ടാക്കളുടെ ശല്യം പെരുകി. ഒരു രാത്രി പോലീസ് ഐ.ജി.യോടൊപ്പം ആഭ്യന്തരമന്ത്രിയും പട്രോളിങ്ങിന് ഇറങ്ങി. പോലീസുകാര്‍ യൂണിഫോം ധരിക്കേണ്ടെന്ന് കൃഷ്ണയ്യര്‍ പറഞ്ഞു. ഒരു ക്ഷേത്രത്തിന് സമീപം പതിയിരുന്ന കള്ളനെ പിടികൂടാന്‍ മന്ത്രിയും ഐ.ജി.യും മതില്‍ ചാടി. കള്ളനെ കിട്ടിയില്ലെങ്കിലും പിറ്റേന്ന് പത്രങ്ങളില്‍ അത് വല്യ വാര്‍ത്തയായി. പോലീസുകാരും ജാഗ്രത പാലിച്ചു, മോഷ്ടാക്കളുടെ ശല്യം കുറഞ്ഞു.

1957 ല്‍ ഇ.എം.എസ്. മന്ത്രിസഭ കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ടപ്പോള്‍ കൃഷ്ണയ്യര്‍ എറണാകുളത്ത് പ്രാക്ടീസ് ആരംഭിച്ചു. സീനിയര്‍ ഇല്ലായിരുന്നു. പകരം നിരവധി ജൂനിയര്‍മാരെ തിരഞ്ഞെടുത്തു. ജൂനിയറായിരുന്ന എം.എം.അബ്ദുല്‍ഖാദര്‍ പിന്നീട് അഡ്വക്കറ്റ് ജനറലും, വി. ശിവരാമന്‍ നായരും ടി.വി. രാമകൃഷ്ണനും ഹൈക്കോടതി ജഡ്ജിമാരുമായി.

എറണാകുളത്ത് തിരക്കുള്ള വക്കീലായിരുന്നു കൃഷ്ണയ്യര്‍. സാധാരണക്കാരും പാവപ്പെട്ടവരും ഉദ്യോഗസ്ഥരും ധനാഢ്യരും കക്ഷികളായി. ഫീസ് ഇല്ലാതെ പലരുടെയും കേസ് നടത്തി. മലബാറിലെ ചില ധനാഢ്യര്‍ നല്‍കിയ ഫീസ് കൃഷ്ണയ്യരെ പലപ്പോഴും അത്ഭുതപ്പെടുത്തി. ചില ദിവസങ്ങളില്‍ അര്‍ദ്ധരാത്രിയിലും കൃഷ്ണയ്യരെ കാണാന്‍ കക്ഷികള്‍ കാത്തുനിന്നിട്ടുണ്ട്. അത്രയ്ക്ക് തിരക്കായിരുന്നു അന്ന്. ഈശ്വര അയ്യര്‍, പി. സുബ്രഹ്മണ്യന്‍ പോറ്റി, കളത്തില്‍ വേലായുധന്‍ നായര്‍, തൈക്കാട് സുബ്രഹ്മണ്യ അയ്യര്‍, സി.കെ.ശിവശങ്കര പണിക്കര്‍ എന്നിവരും അന്ന് പേരെടുത്ത അഭിഭാഷകരായിരുന്നു.

1968 ല്‍ കൃഷ്ണയ്യര്‍ ഹൈക്കോടതി ജഡ്ജിയായി. ചീഫ് ജസ്റ്റിസായിരുന്ന എം.എസ്.മേനോന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ജഡ്ജി സ്ഥാനം സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. 'അദ്ദേഹത്തിന്റെ തീരുമാനം എനിക്ക് നിരസിക്കാന്‍ കഴിഞ്ഞില്ല. അതിന് കാരണമുണ്ട്. പണ്ഡിതനായ ഒരു ന്യായാധിപനായിരുന്നു എം.എസ്. മേനോന്‍. 'പ്രശസ്തനായ ബാരിസ്റ്റര്‍', കൃഷ്ണയ്യര്‍ അത്ഭുതത്തോടെ പറഞ്ഞിട്ടുണ്ട്.

ഒരു കമ്മ്യൂണിസ്റ്റുകാരനെ ജഡ്ജിയാക്കി എന്ന ആരോപണം അന്ന് ശക്തിപ്പെട്ടിരുന്നു. പക്ഷെ പ്രഗത്ഭനായ അഭിഭാഷകന്‍ എന്ന നിലയില്‍ കൃഷ്ണയ്യരുടെ വ്യക്തിത്വം അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എം.എസ്.ബെയ്ഗിനെ ആകര്‍ഷിച്ചിരുന്നു.

1973-ല്‍ കൃഷ്ണയ്യര്‍ സുപ്രീംകോടതി ജഡ്ജിയായി. ചീഫ് ജസ്റ്റിസ് പി.എന്‍.ദളപതിയും ജഡ്ജിമാരായ ചിന്നപ്പ റെഡ്ഡിയും കൃഷ്ണയ്യരും ചേര്‍ന്ന് സാധാരണക്കാര്‍ക്കും അത്യുന്നത നീതിപീഠം പ്രാപ്യമാക്കി. പൊതുതാല്പര്യ വ്യവഹാരങ്ങള്‍ക്ക് തുടക്കം കുറിച്ചു. പരാതിക്കത്തുകള്‍ പരാതിയായി പരിഗണിച്ച് ജനങ്ങള്‍ക്ക് ആശ്വാസവും നീതിയും നല്‍കുന്ന വിപ്ലവകരമായ മാറ്റം സുപ്രീം കോടതി തുടങ്ങിവെച്ചു. ഇന്ത്യയുടെ നീതിന്യായ ചരിത്രം മാറ്റി എഴുതി. ഭരണഘടനയ്ക്കും മനുഷ്യാവകാശങ്ങള്‍ക്കും പുതിയ മൂല്യവും ആഴവും നല്‍കി, സുപ്രീംകോടതി ജനങ്ങളുടെ രക്ഷാകവചമായി രൂപാന്തരപ്പെടുത്തി. ഈ സമ്പ്രദായം സ്വീകരിക്കാന്‍ എല്ലാ സംസ്ഥാന ഹൈക്കോടതികളും താല്‍പര്യമെടുത്തു. ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും രാഷ്ട്രീയ ഭരണാധികാരികളുടെയും അധികാര ദുര്‍വിനിയോഗം നിലക്ക് നിര്‍ത്താന്‍ കഴിഞ്ഞു. സാമൂഹ്യ പരിഷ്‌കരണത്തിനുള്ള നിയമനിര്‍മ്മാണങ്ങള്‍ അതോടെ പിറവിയെടുക്കുകയും ചെയ്തു.

'ദീര്‍ഘവീക്ഷണമുള്ള ന്യായാധിപന്‍, ചലനാത്മകമായ വ്യാഖ്യാതാവ്' - ഇംഗ്ലണ്ടിലെ പ്രശസ്തനായ ജഡ്ജി ഡെന്നിങ് പ്രഭു അങ്ങനെയാണ് വി.ആര്‍.കൃഷ്ണയ്യരെ വിശേഷിപ്പിച്ചത്. ഡെന്നിങ് പ്രഭു നീതിയുടെ അവസാന വാക്കായിരുന്നു. അസാധാരണമായ വ്യക്തിപ്രഭാവവും പാണ്ഡിത്യവുമുള്ള ന്യായാധിപന്‍. ഒരിക്കല്‍ തന്നോടൊപ്പം കോടതിയിലിരുന്ന് കേസുകള്‍ കേള്‍ക്കാന്‍ കൃഷ്ണയ്യരെ ഡെന്നിസ് പ്രഭു ക്ഷണിച്ചു. ഇംഗ്ലണ്ടില്‍ അത്യപൂര്‍വ അവസരങ്ങളില്‍ അങ്ങനെ ഉന്നതവ്യക്തികളെ ആദരിച്ചിട്ടുണ്ട്. 'തന്റെ ജീവിതത്തിലെ ധന്യമായ നിമിഷ'മായി അത് കൃഷ്ണയ്യര്‍ ചിത്രീകരിച്ചിട്ടുണ്ട്.

1980 ല്‍ സുപ്രീംകോടതി ജഡ്ജി സ്ഥാനത്തുനിന്ന് കൃഷ്ണയ്യര്‍ വിരമിച്ചു. എഴുത്തും വായനയും പ്രഭാഷണവുമായി ഇനി കഴിയാം എന്ന് കൃഷ്ണയ്യര്‍ തീരുമാനിച്ചു. എന്നാല്‍ ഡല്‍ഹിയിലെ ചില സുഹൃത്തുക്കള്‍ അദ്ദേഹത്തെ രാഷ്ട്രീയത്തിലിറങ്ങാന്‍ പ്രേരിപ്പിച്ചു. പക്ഷെ കൃഷ്ണയ്യര്‍ അതിന് സമ്മതിച്ചില്ല. അദ്ദേഹം താമസം അല്‍പ്പകാലം മദ്രാസിലും, 1984 മുതല്‍ കൊച്ചിയിലേക്കും മാറ്റി.

പക്ഷെ കൊച്ചിയിലെ വീട് ഇന്‍കംടാക്‌സ് കോടതിക്ക് വാടകയ്ക്ക് നല്‍കിയിരുന്നു. ഒഴിയാന്‍ കേന്ദ്രസര്‍ക്കാര്‍ കൂട്ടാക്കിയില്ല. ഒടുവില്‍ സ്വന്തം വീട് വീണ്ടെടുക്കാന്‍ കൃഷ്ണയ്യര്‍ എറണാകുളം മുന്‍സിഫ് കോടതിയില്‍ കേസുകൊടുത്തു. മുന്‍സിഫ് ബാലചന്ദ്രന്റെ വിധി അനുസരിച്ച് കെട്ടിടം ഒഴിഞ്ഞു കിട്ടി. ജൂനിയര്‍ ആയിരുന്ന അഡ്വ.ടി.വി.രാധാകൃഷ്ണനായിരുന്നു കൃഷ്ണയ്യരുടെ വക്കീല്‍. ബാലചന്ദ്രനും രാധാകൃഷ്ണനും പിന്നീട് ഹൈക്കോടതി ജഡ്ജിമാരായി റിട്ടയര്‍ചെയ്തു. ജഡ്ജിയായ രാധാകൃഷ്ണന്‍ നിയമരംഗത്ത് ഇപ്പോള്‍ അരനൂറ്റാണ്ട് പിന്നിട്ടു.

കൊച്ചിയില്‍ താമസിച്ചപ്പോഴും കൃഷ്ണയ്യര്‍ തിരക്കിട്ട യാത്രകള്‍ നടത്തി. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും പ്രഭാഷണങ്ങള്‍ക്ക് പോയി. പത്തുവര്‍ഷം മുമ്പുവരെ അത് മുടങ്ങാതെ നടന്നു. പിന്നീടാണ് അല്‍പ്പം ക്ഷീണിതനായത്, കാഴ്ചയും കുറഞ്ഞു. വലിയ ലെന്‍സ് വെച്ച് വായിച്ചിരുന്നത് ഇപ്പോള്‍ നിലച്ചു.

നാല് മാസങ്ങള്‍ക്ക് മുമ്പ് സുപ്രീംകോടതിയിലെ സീനിയര്‍ അഡ്വക്കേറ്റ് എഫ്.എസ്.നരിമാന്‍ കൃഷ്ണയ്യരെ കൊച്ചിയില്‍ സന്ദര്‍ശിക്കാന്‍ എത്തി. ശബ്ദം കേട്ടപ്പോഴാണ് നരിമാനെ തിരിച്ചറിഞ്ഞത്. കൃഷ്ണയ്യരെ അദ്ദേഹം ആലിംഗനം ചെയ്തു. പാഴ്‌സിയാണ് നരിമാന്‍. വിശിഷ്ടവ്യക്തികളെ പാഴ്‌സികള്‍ പട്ടിന്റെ ഷാള്‍ അണിയിച്ച് ആദരിക്കും. വീട്ടില്‍നിന്ന് കൊണ്ടുവന്ന മിന്നുന്ന ഷാള്‍ കൃഷ്ണയ്യരെ അണിയിച്ച് നരിമാന്‍ കൈകൂപ്പി വണങ്ങി.

10 വര്‍ഷംമുമ്പ് ചണ്ഡീഗഢില്‍ നടന്ന നിയമ സെമിനാറില്‍ കൃഷ്ണയ്യര്‍ നടത്തിയ പ്രഭാഷണം നരിമാന്‍ ഓര്‍മ്മിച്ചു. ഒന്നര മണിക്കൂര്‍ പ്രസംഗിച്ചു സദസ്സ് തുള്ളിച്ചാടി കരഘോഷം മുഴക്കി. ഉത്സവലഹരിയിലായിരുന്നു ജനങ്ങള്‍. 200 ഓളം നിയമവിദ്യാര്‍ത്ഥികളുടെ ഓട്ടോഗ്രാഫില്‍ അന്ന് കൃഷ്ണയ്യര്‍ ഒപ്പിട്ടു.

സംസാരത്തിനിടെ കൃഷ്ണയ്യര്‍ പറഞ്ഞു. 'തനിക്ക് ഡല്‍ഹിയില്‍ വരാന്‍ മോഹം. ജഡ്ജിയായിരുന്നപ്പോള്‍ താമസിച്ചിരുന്ന വീട്ടില്‍, മോട്ടിലാല്‍ നെഹ്‌റു മാര്‍ഗില്‍ വീണ്ടും കാലുകുത്തണം'.

എപ്പോള്‍ വേണമെങ്കിലും വരാം. നമുക്കൊന്നിച്ച് പോകാം. അവിടെ ഇപ്പോള്‍ താമസിക്കുന്നത് ആരാണെന്ന് അറിയില്ലെന്ന് നരിമാന്‍ പറഞ്ഞു. പക്ഷെ ഡല്‍ഹിയില്‍ വന്നാല്‍ എന്റെ വീട്ടില്‍ താമസിച്ചേ പറ്റൂ - നരിമാന്‍ സന്തോഷത്തോടെ പറഞ്ഞു.

60 ഓളം ഗ്രന്ഥങ്ങള്‍ കൃഷ്ണയ്യര്‍ രചിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലത്തേതാണ് 'Wanderings in Many Worlds'. ആത്മകഥ. 'അല്‍പ്പം തിരക്കിട്ട് എഴുതിയതാണ്. ചില കാര്യങ്ങള്‍ വിട്ടുപോയി. അത് കൂടി ചേര്‍ക്കണം', കൃഷ്ണയ്യര്‍ പലപ്പോഴും പറയാറുണ്ട്. 1984 ല്‍ കൊച്ചിയില്‍ താമസമാക്കിയശേഷമാണ് 40 ഓളം ഗ്രന്ഥങ്ങള്‍ എഴുതിയത്. രചന കൃഷ്ണയ്യര്‍ക്ക് അനായാസമാണ്. സമീപകാലത്താണ് ഓര്‍മ്മ അല്‍പ്പം മങ്ങിയത്. സ്റ്റെനോഗ്രാഫറെ വിളിച്ച് പറഞ്ഞുകൊടുക്കും. ഒരാഴ്ചക്കുള്ളില്‍ ഗ്രന്ഥം പൂര്‍ത്തിയാകും. പ്രസാധകര്‍ പ്രൂഫ് അയച്ചുകൊടുത്താല്‍ കൃഷ്ണയ്യര്‍ വീണ്ടും ചില മാറ്റങ്ങള്‍ വരുത്തിയേക്കും,

പ്ലാച്ചിമട സംഭവത്തോടനുബന്ധിച്ച് പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോകജലസമ്മേളനത്തിന് ഒരു ലേഖനം ആവശ്യപ്പെട്ടപ്പോള്‍ അരമണിക്കൂറിനുള്ളില്‍ അദ്ദേഹം അത് തയ്യാറാക്കി. ലോകമെങ്ങും ജലത്തിനായി നടത്തുന്ന പോരാട്ടങ്ങളെക്കുറിച്ച് വിലപ്പെട്ട ലേഖനം 'മാതൃഭൂമി'ക്ക് നല്‍കി. കൃഷ്ണയ്യരുടെ വാക്കുകള്‍ ഗംഗാപ്രവാഹം പോലെയാണ്.

ആരോഗ്യസ്ഥിതി ഇപ്പോള്‍ മോശമാണ്. എഴുന്നേറ്റ് നടക്കാന്‍ രണ്ട് പേരുടെ സഹായം വേണം. വിശ്രമിക്കാന്‍ ഡോക്ടര്‍ കല്പിച്ചുവെങ്കിലും അടുത്ത സുഹൃത്തുക്കള്‍ എത്തിയാല്‍ അദ്ദേഹം ശബ്ദിച്ചു തുടങ്ങും.

ഭാര്യ ശാരദ വിദേശത്ത് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്. കൃഷ്ണയ്യരുടെ ജീവിതത്തിലെ താങ്ങാനാവാത്ത ദുഃഖം അതാണ്. ഇന്നും അതോര്‍ക്കുമ്പോള്‍ മനസ്സ് വേദനിക്കും.

ഒരു ദുഃഖം കൂടി ഉണ്ട്. സുപ്രീംകോടതി ജഡ്ജിയായിരുന്നപ്പോള്‍ സെക്രട്ടറിയായിരുന്ന ചന്ദ്രനായിഡു കൊച്ചിയില്‍ വച്ചാണ് ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്യാന്‍സര്‍ ബാധിച്ച് മരിച്ചത്. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എം.ജയിച്ച നായിഡു അധ്യാപകനാകാതെ സുപ്രീം കോടതിയില്‍ ജോലിക്ക് ചേര്‍ന്നു. ഏഴ് വര്‍ഷം കൃഷ്ണയ്യരുടെ സെക്രട്ടറിയായിരുന്നു കിങ്‌സ് ഇംഗ്ലീഷിന്റെ വക്താവായിരുന്നു നായിഡു. ഇംഗ്ലീഷില്‍ തനിക്കുള്ള പാണ്ഡിത്യത്തിന് ആഴവും പരപ്പും കൂട്ടിയത് നായിഡു വഴിയായിരുന്നുവെന്ന് കൃഷ്ണയ്യര്‍ ചാരിതാര്‍ത്ഥ്യത്തോടെ പറഞ്ഞിരുന്നു.

പക്ഷെ നായിഡുവിന്റെ മൃതദേഹം ഒരു നോക്കുപോലും കാണാന്‍ കഴിഞ്ഞില്ല. അന്ന് കൃഷ്ണയ്യര്‍ പനി പിടിച്ച് വിറങ്ങലിച്ച് കിടക്കുകയായിരുന്നു. അന്ന് അദ്ദേഹം പൊട്ടിക്കരഞ്ഞു. കൊച്ചി മുന്‍ മേയര്‍ എ.കെ.ശേഷാദ്രിയാണ് നായിഡുവിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിച്ചത്.

കൊച്ചിയില്‍ കൃഷ്ണയ്യര്‍ താമസിക്കുന്ന വീടിന്റെ പേരാണ് സത്ഗമയ. സമൂഹത്തില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ച വ്യക്തിത്വങ്ങള്‍ ഈ വീട്ടിലെത്തിയിട്ടുണ്ട്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ ആവശ്യപ്രകാരം നിയമപരിഷ്‌കരണ കമ്മീഷന്റെ അധ്യക്ഷനായി അദ്ദേഹം ഒന്നര വര്‍ഷം പ്രവര്‍ത്തിച്ചു. കമ്മിഷനിലെ അംഗങ്ങളും കൃഷ്ണയ്യരെപ്പോലെ പ്രതിഫലം പറ്റിയില്ല. 104 ബില്ലുകള്‍ തയ്യാറാക്കി സര്‍ക്കാരിന് നല്‍കി. നിയമങ്ങള്‍ സമൂലം പരിഷ്‌കരിച്ച് ജനക്ഷേമം ഉറപ്പാക്കി. ഹര്‍ത്താലും ബന്ദും നിരോധിക്കാനുള്ള ബില്ലുകളും അതില്‍ ഉണ്ടായിരുന്നു.

പക്ഷെ അച്യുതാനന്ദന്‍ സര്‍ക്കാര്‍ എല്ലാ ബില്ലുകളും ചവറ്റുകുട്ടയില്‍ എറിഞ്ഞതില്‍ കൃഷ്ണയ്യര്‍ ഇപ്പോഴും കണ്ണീര്‍ പൊഴിക്കുന്നു. ഉമ്മന്‍ചാണ്ടിയോട് ഇക്കാര്യം ഒരിക്കല്‍ പറഞ്ഞു. പക്ഷെ അദ്ദേഹവും പ്രതികരിക്കുന്നില്ല.



gallery krishna iyer

 

ga