അര്‍ദ്ധരാത്രിയിലും ഉറങ്ങാത്ത വീട്

ജി. ഷഹീദ് Posted on: 13 Nov 2014

വി.ആര്‍. കൃഷ്ണയ്യരുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജി. ഷഹീദ് എഴുതുന്നു

എം.ജി. റോഡില്‍ അഡ്വക്കേറ്റ് വി.ആര്‍. കൃഷ്ണയ്യരുടേത് വലിയ വീടായിരുന്നു. കക്ഷികളെ പൂമുഖത്തും മുറ്റത്തും കാണാം. കസേരകള്‍ നിരവധി. തൊഴിലാളികളും സാധാരണക്കാരും ധനാഢ്യരുമാണ് കക്ഷികള്‍. ഫീസ് വാങ്ങാതെ അദ്ദേഹം കേസ് നടത്തിയിട്ടുണ്ട്. മലബാറിലെ ചില ധനാഢ്യര്‍ നല്‍കിയ ഫീസാകട്ടെ, കൃഷ്ണയ്യരെ അത്ഭുതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഇ.എം.എസ്. മന്ത്രിസഭയില്‍ ആഭ്യന്തര വകുപ്പ് ഉള്‍പ്പെടെ ഏഴ് വകുപ്പുകള്‍ കൃഷ്ണയ്യര്‍ കൈകാര്യം ചെയ്തിരുന്നു. മന്ത്രിസഭയെ കേന്ദ്രം പിരിച്ചു വിട്ടപ്പോള്‍ അദ്ദേഹം ഹൈക്കോടതിയില്‍ വക്കീലായി പ്രാക്ടീസ് തുടങ്ങി. തിരക്കേറിയ വക്കീല്‍. അര്‍ദ്ധരാത്രിയിലും വക്കീല്‍ ഓഫീസ് ശബ്ദായമാനമായിരിക്കും.

വെള്ളിയാഴ്ച വൈകീട്ട് കൃഷ്ണയ്യര്‍ സംഗീതവും സുഹൃദ് സംഭാഷണവുമായി വീട്ടിലെ മുറിയിലിരിക്കും. ഭാര്യ ശാരദയ്ക്കും മക്കളായ പരമേഷിനും രമേഷിനും തിരക്കൊഴിഞ്ഞ് കൃഷ്ണയ്യരെ അടുത്ത് കിട്ടും. പക്ഷേ, എട്ട് മണി കഴിഞ്ഞാല്‍ അദ്ദേഹം തന്നെ കാറോടിച്ച് മട്ടാഞ്ചേരി സ്റ്റാര്‍ ടാക്കീസിലേക്ക് പോകും. എത്ര തിരക്കായാലും സെക്കന്‍ഡ് ഷോ സിനിമ ഒഴിവാക്കില്ല. കൂടുതലും ഇംഗ്ലൂഷ് ചിത്രങ്ങള്‍ ആയിരുന്നു.

12 മണിേയാടെ തിരിച്ചെത്തിയാല്‍ ഓഫീസില്‍ കാത്തു നില്‍ക്കുന്ന കക്ഷികളുമായി കുശലം പറയും. ഒരു പക്ഷേ വെളുപ്പിന് മൂന്ന് മണിവരെ, കക്ഷികള്‍ കൃഷ്ണയ്യരുമായി സംസാരിക്കാന്‍ കാത്തുനിന്നിട്ടുണ്ട്.

നിയമഗ്രന്ഥത്തില്‍ സ്ഥാനം പിടിച്ചിട്ടുള്ള നിരവധി വിധികളില്‍ ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായത് വി.ആര്‍. കൃഷ്ണയ്യരായിരുന്നു.
1968 ല്‍ അദ്ദേഹം ഹൈക്കോടതി ജഡ്ജിയായപ്പോള്‍ വീട് ഉറങ്ങി. ചീഫ് ജസ്റ്റിസായിരുന്ന എം.എസ്. മേനോന്‍ നിര്‍ബന്ധിച്ചതിനാലാണ് ജഡ്ജിയായതെന്ന് കൃഷ്ണയ്യര്‍ പറഞ്ഞിട്ടുണ്ട്.

1973 ല്‍ കൃഷ്ണയ്യര്‍ സുപ്രീംകോടതി ജഡ്ജിയായി. 1980 ല്‍ വിരമിച്ചു. എം.ജി.റോഡിലെ വലിയ വീട് അതിനകം വിറ്റിരുന്നു. കൊച്ചിയില്‍ മറ്റൊരു വീടുണ്ടായിരുന്നു. പക്ഷേ, അത് ഇന്‍കം ടാക്‌സ് കോടതിക്ക് വാടകയ്ക്ക് കൊടുത്തിരുന്നു. ഒഴിഞ്ഞു കിട്ടാന്‍ കൃഷ്ണയ്യര്‍ നല്‍കിയ അപേക്ഷ കേന്ദ്രസര്‍ക്കാര്‍ നിരസിച്ചു.

നീതിക്ക് വേണ്ടി പോരാടിയ കൃഷ്ണയ്യര്‍ കൊച്ചിയില്‍ സ്വന്തം വീട്ടില്‍ തല ചായ്ക്കാന്‍ കഴിയാതെ നട്ടം തിരിഞ്ഞു. ഒടുവില്‍ എറണാകുളം മുന്‍സിഫ് കോടതിയില്‍ കേസു കൊടുത്തു. മുന്‍ ജൂനിയര്‍ ടി.വി. രാമകൃഷ്ണനായിരുന്നു വക്കീല്‍. വീട് ഒഴിഞ്ഞു കൊടുക്കാന്‍ മുന്‍സിഫ് ബാലചന്ദ്രന്‍ കേന്ദ്രത്തിന് ഉത്തരവ് നല്‍കി. അങ്ങനെ 1984 ല്‍ വീട് തിരിച്ചു കിട്ടി. അതാണ് 'സത്ഗമയ' എന്ന് പേരിട്ടിട്ടുള്ള വീട്.
നീതിന്യായ ജീവിതത്തിലെ ഏറ്റവും ധന്യമായ നിമിഷം ഏതാണെന്നു ചോദിച്ചാല്‍ ഇംഗ്ലൂണ്ടിലെ ലോകപ്രശസ്തനായ ജഡ്ജി ഡെന്നിങ് പ്രഭുവുമായി നടത്തിയ കൂടിക്കാഴ്ചയെന്നാണ് കൃഷ്ണയ്യര്‍ പറയാറ്. സുപ്രീംകോടതി ജഡ്ജിയായിരുന്നപ്പോഴാണ് കൃഷ്ണയ്യര്‍ അദ്ദേഹത്തെ കണ്ടത്. കോടതിയില്‍ കേസു കേട്ടിരുന്ന ഡെന്നിങ് പ്രഭു, തന്റെ കൂടെ ഒരു മണിക്കൂര്‍ കൃഷ്ണയ്യരെയും ഇരുത്തി. വിശിഷ്ട വ്യക്തികള്‍ക്ക് ബ്രിട്ടന്‍ നല്‍കിയിരുന്ന അത്യപൂര്‍വ്വ അംഗീകാരം അങ്ങനെയായിരുന്നു.




gallery krishna iyer

 

ga