സുഹൃത്തും സായാഹ്ന സഞ്ചാരങ്ങളിലെ കൂട്ടുമായ പ്രമുഖ ഭിഷഗ്വരന്‍ ഡോ. സി.കെ. രാമചന്ദ്രന്‍

ചിലപ്പോള്‍ പെട്ടെന്നാകും കൃഷ്ണയ്യര്‍ സ്വാമികളുടെ വിളി വരുക. സുഖമില്ലായ്മ തോന്നുമ്പോഴാകും അത്. ചെന്ന് സ്റ്റെതസ്‌കോപ്പൊക്കെ വെച്ച് പരിശോധിച്ചാല്‍ മുഖത്തെ മ്ലൂനത മാറും. ഒന്നു തലോടി 'ആള്‍ റൈറ്റ്' എന്നു പറഞ്ഞാല്‍ പിന്നെ ചിരി തെളിയും.
നൂറിലെത്തിയ വി.ആര്‍. കൃഷ്ണയ്യര്‍ ആരോഗ്യകാര്യത്തില്‍ നമുക്കൊരു മാതൃകയാണ്. ചിട്ടയായ ഭക്ഷണം, വെജിറ്റേറിയന്‍, അലസതയില്ലാത്ത ജീവിതം, ആവുന്നത്ര വ്യായാമം. എല്ലാറ്റിനുമുപരി അലിവും കാരുണ്യവും സൂക്ഷിക്കുന്ന ഹൃദയം - ഇതൊക്കെ പോരേ ആരോഗ്യത്തിന്.
ഇപ്പോഴും ബുദ്ധി നല്ല ഷാര്‍പ്പാണ്. ലോ പോയിന്റുകളൊക്കെ കൃത്യമായി പറയും. പഴയ കാര്യങ്ങള്‍, ആണ്ടും തീയതിയും വെച്ച് പറയും. ഉച്ചാരണത്തിനും കുഴപ്പമില്ല, കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ അല്പ സമയമെടുക്കുന്നു എന്നു മാത്രം. മനസ്സിലെ നന്മയും, കാര്യങ്ങളില്‍ കാണിക്കുന്ന ഉത്സാഹവും എല്ലാവര്‍ക്കും മാതൃകയാണ്.
ഞാന്‍ കോഴിക്കോടായിരുന്നപ്പോ ള്‍ മുതലുള്ള ചങ്ങാത്തമാണ്. വാചസ്പതി വി. പനോളിയും കൃഷ്ണയ്യരും അടുത്ത ചങ്ങാതിമാരായിരുന്നു. സഹോദരിമാരെ കാണാന്‍ കൃഷ്ണയ്യര്‍ കോഴിക്കോട്ടെത്തുമ്പോള്‍ പനോളിയും ഞാനും സ്വാമിയെ പോയി കാണും.
ഞാന്‍ വിരമിച്ച് കൊച്ചിയിലെത്തിയപ്പോള്‍ സൗഹൃദം കൂടുതല്‍ ദൃഢമായി. വൈകുന്നേരങ്ങളില്‍ കൃഷ്ണയ്യര്‍ക്കൊപ്പമുള്ള നടത്തം ശരീരത്തിനു മാത്രമല്ല, മനസ്സിനും ഉന്മേഷം നല്‍കും. സാനു മാഷും ഞാനും ബാരിസ്റ്റര്‍ അപ്പു നായരുമായിരുന്നു ഒപ്പം നടന്നിരുന്നത്. സുഖമില്ലാതായതോടെ അപ്പു നായര്‍ നടപ്പ് വീട്ടിലാക്കി. കൃഷ്ണയ്യര്‍ക്കും ഇപ്പോള്‍ നടക്കാന്‍ പരസഹായം വേണം. പിറന്നാളാഘോഷമൊക്കെ കഴിഞ്ഞ് വീണ്ടും നടപ്പ് ഉഷാറാക്കണമെന്ന് സ്വാമി പറഞ്ഞിട്ടുണ്ട്. അതിനുള്ള കാത്തിരിപ്പിലാണ് ഞങ്ങള്‍.