ചെങ്കല്‍സൗധത്തിലെ മുഴക്കം

എഫ്.എസ്. നരിമാന്‍ Posted on: 13 Nov 2014

നീതിയുടെ ചെങ്കല്‍സൗധം. സുപ്രീംകോടതിയെ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ അങ്ങനെയാണ് വിശേഷിപ്പിക്കുന്നത്. ഈ സൗധത്തിന്റെ ഇടനാഴികളിലൂടെ നടക്കുമ്പോള്‍ അദ്ദേഹത്തിന്റെ ശബ്ദം ഇപ്പോഴും മുഴങ്ങുന്നതായി എനിക്ക് തോന്നുന്നു. സുപ്രീംകോടതിയില്‍ നിന്ന് 34 വര്‍ഷം മുന്‍പാണ് അദ്ദേഹം വിരമിച്ചത്. പക്ഷെ, അത് ഇന്നലെയെന്നപോലെയാണ് എനിക്ക്.

വി.ആര്‍. കൃഷ്ണയ്യരുടെ വ്യക്തിത്വത്തിന്റെ സവിശേഷത എന്താണ്?. ഭരണഘടനയ്ക്കും നിയമത്തിനും അസാധാരണമായ വ്യാഖ്യാനങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെ നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. മൗലികാവകാശങ്ങള്‍ക്ക് ഭരണഘടനാശില്പികളുടെ ചിന്തയ്ക്കപ്പുറം കൃഷ്ണയ്യര്‍ക്ക് എത്താന്‍ കഴിഞ്ഞു. അദ്ദേഹം സര്‍വീസില്‍ നിന്ന് വിരമിച്ചിട്ടും പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ അഭിഭാഷകരും ജഡ്ജിമാരും അണിനിരന്നു. ഒരിക്കല്‍ ചണ്ഡീഗഡില്‍ നടന്ന സമ്മേളനം ഞാന്‍ ഓര്‍ക്കുന്നു. അതൊരു ഉത്സവ പ്രതീതിയായിരുന്നു.
വ്യാഖ്യാനങ്ങള്‍ ചലനാത്മകമായിരുന്നു. ഇരുപത്തിഒന്നാം നൂറ്റാണ്ടുകൂടി മുന്നില്‍ക്കണ്ടുകൊണ്ടായിരുന്നു പല വിധികളും. മനുഷ്യസ്‌നേഹിയായ ഒരു ന്യായാധിപന് മാത്രമേ ഇങ്ങനെ എഴുതാനും വ്യാഖ്യാനിക്കാനും കഴിയൂ.

'നിയമങ്ങള്‍ വികസിക്കുന്ന കാലമാണ് ഇപ്പോള്‍. പൊതുശല്യം ജനങ്ങള്‍ അനുഭവിക്കേണ്ടിവരുമ്പോള്‍ അവ ഉന്മൂലനം ചെയ്യാനുള്ള ഉത്തരവാദിത്വം കാണിക്കാതെ മുടന്തന്‍ ന്യായങ്ങള്‍ ഉന്നയിച്ച് കാനയോ കനാലോ നിര്‍മിച്ച്, മാലിന്യങ്ങള്‍ അകറ്റി സമൂഹത്തെ സംരക്ഷിക്കുകയാണ് മുനിസിപ്പാലിറ്റിയുടെ ചുമതല.' വിധിയില്‍ അന്ന് സുപ്രീം കോടതി ജഡ്ജിയായിരുന്ന വി.ആര്‍. കൃഷ്ണയ്യര്‍ രേഖപ്പെടുത്തി. 1980ലാണിത്. ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ സുവര്‍ണ ലിപികളില്‍ രേഖപ്പെടുത്തിയിട്ടുള്ള വിധിയാണിത്.
മുനിസിപ്പാലിറ്റിയെപ്പോലുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ അര്‍പ്പിതമായ ചുമതല പൊതുജന ക്ഷേമത്തിന് വേണ്ടിയാണ് വിനിയോഗിക്കേണ്ടത്. അതില്‍ വീഴ്ചവരുത്തിയാല്‍ ജനാധിപത്യ മൂല്യങ്ങള്‍ മിഥ്യയായിപ്പോകും. കാരണം, ജനക്ഷേമത്തിനായി ജനങ്ങള്‍ തിരഞ്ഞെടുത്ത് അധികാരത്തിലേറ്റിയിരിക്കുന്ന മഹത്തായ ഒരു സ്ഥാപനമാണ് മുനിസിപ്പാലിറ്റി.

വെള്ളം ഒഴുകിപ്പോകാന്‍ കാനകള്‍ നിര്‍മിക്കാനുള്ള ചുമതല അടിസ്ഥാന സൗകര്യത്തില്‍പ്പെട്ടതാണ്. മുനിസിപ്പാലിറ്റിയുടെ ൈകയില്‍ പണമില്ലെന്ന് പറഞ്ഞ് കാന നിര്‍മിക്കാതെ കൈയുംകെട്ടി ഇരുന്നാല്‍ അത് ജനവിശ്വാസത്തെ തകിടം മറിക്കുന്നതിന് തുല്യമാണ്. അത് വെറും ജനവഞ്ചനയാണ്.

ഇതോടെയാണ്, ഇന്ത്യയിലെങ്ങുമുള്ള തദ്ദേശ സ്ഥാപനങ്ങള്‍ ചലിച്ചുതുടങ്ങിയത്. അവയുമായി ജനക്ഷേമത്തിന് കൈകോര്‍ക്കേണ്ട ചുമതലയും ഓരോ സംസ്ഥാന സര്‍ക്കാറുകളിലും നിക്ഷിപ്തമായത്. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഈ വിധി സൃഷ്ടിക്കുകയും ചെയ്തു.

കാന നിര്‍മാണത്തിന് മുനിസിപ്പാലിറ്റിയുടെ ൈകയില്‍ പണമില്ലെന്ന് പറഞ്ഞതുകൊണ്ട് മലിനജല ശല്യം അകറ്റാന്‍ ഉത്തരവിടാതിരിക്കാന്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേട്ടിന് കഴിയിെല്ലന്ന് വിധിയില്‍ ജസ്റ്റിസ് കൃഷ്ണയ്യര്‍ ഓര്‍മിപ്പിച്ചിരുന്നു. സാമൂഹിക ശല്യം അകറ്റുന്നതിനായി ഉത്തരവിടാന്‍ ക്രിമിനല്‍ നടപടിക്രമം അനുസരിച്ച് സബ്ഡിവിഷണല്‍ മജിസ്‌ട്രേട്ടിന് ബാധ്യതയുണ്ട്. ഈ ബാധ്യത നിറവേറ്റിയില്ലെങ്കില്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേട്ട് നിയമ ലംഘകനായിത്തീരും.

'മുനിസിപ്പാലിറ്റിയുടെ ൈകയില്‍ കാന നിര്‍മിക്കാന്‍ പണമുണ്ടോ ഇല്ലയോ എന്ന് ക്രിമിനല്‍ നടപടിക്രമത്തിന് നോക്കേണ്ടതില്ല. ബജറ്റ് തുക കണക്കാക്കാതെ തന്നെ മനുഷ്യാവകാശങ്ങള്‍ മുനിസിപ്പാലിറ്റി സംരക്ഷിക്കണം. പണമില്ലാ എന്ന വാദം സ്വീകരിച്ചു കഴിഞ്ഞാല്‍ നിയമപരമായി മുനിസിപ്പാലിറ്റി ചെയ്തുതീര്‍ക്കേണ്ട ചുമതലകള്‍ ലംഘിക്കാനേ കഴിയൂ. അത് ജനങ്ങള്‍ സഹിക്കേണ്ടതില്ല. മുനിസിപ്പാലിറ്റിയുടെ ബജറ്റ് കണ്ടിട്ടല്ല, ക്രിമിനല്‍ നടപടിക്രമം രൂപപ്പെടുത്തിയിട്ടുള്ളത്. പ്രസ്തുത നിയമത്തിലെ 133ാം വകുപ്പ് അനുസരിച്ച് ജനക്ഷേമ പ്രവര്‍ത്തനമാണ് ഒരു സബ് ഡിവിഷണല്‍ മജിസ്‌ട്രേട്ട് ചെയ്യേണ്ടത്.

പൊതുജനാരോഗ്യ സംരക്ഷണത്തിന് അധികൃതര്‍ പ്രാമുഖ്യം നല്‍കണമെന്നുള്ളതാണ് ഭരണഘടനയിലെ മാര്‍ഗനിര്‍ദേശക തത്ത്വങ്ങള്‍ അനുശാസിക്കുന്നത്. പണമില്ലെങ്കില്‍ പണം ഉണ്ടാക്കാനുള്ള പദ്ധതി മുനിസിപ്പാലിറ്റി ആവിഷ്‌കരിക്കണം. സര്‍ക്കാര്‍സഹായത്തോടെ വായ്പകള്‍ നേടിെയടുക്കാനുള്ള സംരംഭങ്ങള്‍ മുനിസിപ്പാലിറ്റി തുടങ്ങിവച്ചുകൊണ്ട് ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും വിധിയില്‍ സുപ്രീംകോടതി മുനിസിപ്പാലിറ്റിെയ ഓര്‍മിപ്പിച്ചു.

ഇന്ത്യയില്‍ തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായതിന് പിറവികുറിച്ച് വിപ്ലവകരമായ വിധിയാണ് ജസ്റ്റിസ് കൃഷ്ണയ്യര്‍ എഴുതിയത്. അതുകൊണ്ടാണ് ചരിത്രപ്രസിദ്ധമായ വിധിയായി അതിനെ വാഴ്ത്തുന്നത്. ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി പദ്ധതികള്‍ രൂപവത്കരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളെ പ്രേരിപ്പിച്ചതാണ് വിധി.

ജനക്ഷേമത്തിനായി, പ്രാവര്‍ത്തികമായ നടപടികള്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനോടുതന്നെ രൂപപ്പെടുത്താന്‍ സുപ്രീംകോടതി ഉത്തവിട്ടു. അത് കോടതി നിരീക്ഷിക്കുകയും ചെയ്തു. ഈ ചരിത്രപ്രസിദ്ധമായ വിധിയാണ് ഇന്ത്യയില്‍ പൊതുതാത്പര്യ വ്യവഹാരങ്ങള്‍ക്ക് തുടക്കം കുറിച്ചത്. അതില്‍ സംശയമില്ല. തദ്ദേശസ്ഥാപനങ്ങളും സര്‍ക്കാറും ജനക്ഷേമപ്രവര്‍ത്തനങ്ങളില്‍ അലക്ഷ്യമായ സമീപനം കാണിച്ചാല്‍ അത് തിരുത്തി അവരെ നേര്‍വഴിക്ക് നടത്താനുള്ള അധികാരങ്ങള്‍ കോടതികള്‍ക്കുണ്ടെന്ന് പ്രഖ്യാപിച്ച വിധിയാണത്. ഇന്ത്യന്‍ നീതിന്യായചരിത്രത്തില്‍ ഈ വിധി അതുകൊണ്ടുതന്നെ വഴിത്തിരിവായി.

മഹത്തായ ഈ വിധി ഉദ്ധരിച്ചുകൊണ്ടാണ് ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളിലെ ഹൈക്കോടതികളില്‍ പൊതുതാത്പര്യ വ്യവഹാരങ്ങള്‍ തുടങ്ങിയത്. അതിനുശേഷം ഇത്തരം വിധികളുടെ പ്രവാഹങ്ങള്‍ സുപ്രീംകോടതിയില്‍നിന്നുണ്ടായത് നമുക്ക് സാക്ഷ്യംവഹിക്കാന്‍ കഴിഞ്ഞു.

ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി മുനിസിപ്പാലിറ്റികള്‍ക്ക് പണമില്ലാത്ത അവസ്ഥയുണ്ടായാല്‍ വായ്പകള്‍ നല്‍കാന്‍ സര്‍ക്കാറിന് പ്രസ്തുത വിധിയില്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കി. അങ്ങനെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് വികസനതന്ത്രത്തിന്റെ സന്ദേശംകൂടി നല്‍കാന്‍ കൃഷ്ണയ്യര്‍ക്ക് കഴിഞ്ഞത് ജനാധിപത്യമൂല്യങ്ങള്‍ക്ക് അത് തിളക്കം കൂട്ടി. രാഷ്ട്രീയനേതാവും മന്ത്രിയുമായി സേവനമനുഷ്ഠിച്ചിട്ടുള്ള കൃഷ്ണയ്യരുടെ വ്യക്തിപ്രഭാവത്തിന് അങ്ങനെയൊരു സവിശേഷതകൂടി നമുക്ക് കാണാന്‍ കഴിയും.ഒരു ന്യായാധിപന്, ശ്രേഷ്ഠനായ ഒരു ന്യായാധിപന് ഉണ്ടായിരിക്കേണ്ട ഉന്നതമായ കാഴ്ചപ്പാട് കൃഷ്ണയ്യര്‍ക്ക് ഉണ്ടായിരുന്നു. നിര്‍ഭയനും നിക്ഷ്പക്ഷനും സ്വതന്ത്രചിന്തകനുമായിരുന്നു അദ്ദേഹം.

കൃഷ്ണയ്യരുടെ വ്യക്തിപ്രഭാവവും ഉന്നതമായ നീതിബോധവും ഭരണഘടനാവിദഗ്ധനായ എച്ച്.എം. ശീര്‍വായ് മുക്തകണ്ഠം പ്രശംസിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ് കേസാണ് അതില്‍ പ്രധാനം. ഗൗരവപ്പെട്ട തിരഞ്ഞെടുപ്പ് അഴിമതികള്‍ക്ക് കുറ്റക്കാരിയായതുകൊണ്ടാണ് അലഹബാദില്‍നിന്നുള്ള ഇന്ദിരയുടെ ലോക്‌സഭയിലേക്കുള്ള വിജയം 1975ല്‍ അലഹബാദ് ഹൈക്കോടതി റദ്ദാക്കിയത്. അതിനെതിരെ സുപ്രീംകോടതിയില്‍ ഇന്ദിര അപ്പീല്‍ നല്‍കി. പ്രശസ്തനായ അഭിഭാഷകന്‍ എന്‍.എ. പല്‍ക്കിവാലയാണ് ഇന്ദിരക്കുവേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത്. ഹൈക്കോടതിവിധി തിരുപാധികമായി സ്‌റ്റേ ചെയ്യണമെന്നുള്ളതായിരുന്നു ഇന്ദിരയുടെ ആവശ്യം. അതില്‍ പല്‍ക്കിവാലയുെട നീണ്ട വാദങ്ങള്‍കേട്ടത് ജസ്റ്റിസ് കൃഷ്ണയ്യരാണ്.

'രാജ്യംമുഴുവന്‍ ഇന്ദിരാഗാന്ധിയുടെ പിന്നില്‍ ഉറച്ചുനില്‍ക്കുന്നു. നിരുപാധികമായ സ്‌റ്റേ നല്‍കിയില്ലെങ്കില്‍ അത് രാഷ്ട്രത്തില്‍ത്തന്നെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നായിരുന്നു' പല്‍ക്കിവാലയുടെ വാദം. പക്ഷേ, കൃഷ്ണയ്യര്‍ നിരുപാധിക സ്‌റ്റേ നല്‍കിയില്ല. സോപാധിക സ്‌റ്റേ മാത്രം നല്‍കി.

നീതിന്യായ തത്ത്വങ്ങളില്‍ അടിയുറച്ചുനിന്നുകൊണ്ട്, പല്‍ക്കിവാല ഉന്നയിച്ച ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ കണക്കിെലടുക്കാതെ സോപാധിക സ്‌റ്റേ മാത്രംനല്‍കിയത് കൃഷ്ണയ്യര്‍ നിര്‍ഭയനും സ്വതന്ത്രചിന്തകനുമായിരുന്നതിനാലാണെന്നായിരുന്നു ശീര്‍വായിയുെട നിഗമനം.

സുപ്രീംകോടതിയുടെ ചരിത്രത്തില്‍ മഹത്തായ ഒരു ദിനമാണ് പ്രസ്തുത ഉത്തരവ് പുറപ്പെടുവിച്ച ദിവസം കുറിച്ചത് 1975 ജൂണ്‍ 24ന്. രണ്ട് ദിവസംകഴിഞ്ഞപ്പോള്‍ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു.സുപ്രീംകോടതി ജഡ്ജിയായി ഏഴ്വര്‍ഷം സേവനമനുഷ്ഠിച്ചപ്പോള്‍ ഏതാണ്ട് 700ഓളം വിധികള്‍ കൃഷ്ണയ്യര്‍ എഴുതിയിട്ടുണ്ട്. ഇന്ത്യന്‍ നീതിന്യായശാസ്ത്രത്തില്‍ പുതിയ ചലനങ്ങള്‍ സൃഷ്ടിക്കുകയും പരമ്പരാഗത ചിന്താരീതികളെ കീഴ്‌മേല്‍മറിക്കുകയും ചെയ്തിട്ടുള്ളതാണ് പ്രസ്തുത വിധികള്‍. 1980ന്‌ശേഷമുള്ള ന്യായാധിപന്മാരുെട തലമുറകളെ സ്വാധീനിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കൃഷ്ണയ്യരുടെ വിധികള്‍ ഇന്നും ചെങ്കല്‍സൗധത്തില്‍ മുഴങ്ങുന്നു.

(സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനാണ് എഫ്.എസ്. നരിമാന്‍)



gallery krishna iyer

 

ga