വീട്ടിലെ പാചകച്ചുമതല വഹിക്കുന്ന തൃശ്ശൂര്‍ സ്വദേശി രാജേന്ദ്രന്‍ എഴുതുന്നു

ഭക്ഷണ പ്രിയനാണ് സ്വാമി. വെജിറ്റേറിയനും. എല്ലാറ്റിനും ഒരു ചിട്ടയുണ്ട്. ഇഷ്ട ഭക്ഷണമാണെങ്കില്‍ മുഖം തെളിയും. വൈകുന്നേരം കഴിക്കുന്ന റൈസിലാണ് രുചിപരീക്ഷണം അധികവും. മെക്‌സിക്കന്‍ റൈസ്, ടുമാറ്റോ റൈസ്, മിന്റ് റൈസ്, ജീരാറൈസ്, കൊറിയാന്തര്‍ റൈസ് - ഇങ്ങനെ വിവിധ രുചികളില്‍ മാറി മാറി നല്‍കണം.
ഊണ് കാലത്ത് ഒന്‍പതു മണിക്കാണ്. തൈര്, പുളിയിഞ്ചി, പപ്പടം - ഇവ നിര്‍ബന്ധമാണ്. രാത്രി റൈസിനൊപ്പവും ഇതു നല്‍കിയാല്‍ കുശാലായി. പലതരം ദോശകളും ഇഷ്ടമാണ്. ഊത്തപ്പം, റവ ഇഡ്ഡലി, കാഞ്ചീപുരം ഇഡ്ഡലി...ഒക്കെ പ്രിയമാണ്. ഇടയ്ക്ക് പുലാവും പിസയുമൊക്കെ ആവശ്യപ്പെടും.
ബ്രഡ് പിസയാണ് കൂടുതല്‍ ഇഷ്ടം. ചെറു കടികളെല്ലാം കഴിക്കുമെങ്കിലും പഴംറോസ്റ്റിനോടും പഴംപൊരിയോടും ലേശം ഇഷ്ടക്കൂടുതലുണ്ട്.
മധുരവും ഇഷ്ടമാണ്. ഷുഗറില്ലാത്തതിനാല്‍ മധുരം കഴിക്കുകയുംചെയ്യാം. ഉച്ചയ്ക്ക് 11 മണിക്ക് ജ്യൂസ് നിര്‍ബന്ധമാണ്.
ഭക്ഷണം ഇഷ്ടപ്പെട്ടാല്‍, നന്നായിട്ടുണ്ട് എന്നു പറയും. മോശമായി എന്ന് ഇതുവരെ പറഞ്ഞിട്ടുമില്ല. ഭക്ഷണകാര്യത്തിലെ സമയനിഷ്്ഠ പ്രധാനമാണ്.