വി.ആര്‍.കൃഷ്ണയ്യര്‍ : എന്നും നീതിയുടെ തേരാളി

Posted on: 13 Nov 2014

13.11.2014-ലെ മാതൃഭൂമി ദിനപ്പത്രത്തിന്റെ മുഖപ്രസംഗം

നീതിയുടെ ശാരദചന്ദ്രികയായി, വഴികാട്ടിയായി നൂറാം വയസ്സിലും ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ ശബ്ദമുയരു ന്നു. പൊതുപ്രശ്‌നങ്ങളില്‍ അദ്ദേഹം പറയുന്ന അഭിപ്രായത്തിന് ഇന്നും രാജ്യം കാതോര്‍ക്കുന്നു. അഭിഭാഷകനായും മന്ത്രിയായും ന്യായാധിപനായും പിന്നീട് സാധാരണക്കാരിലൊരാളായും നീതിയുടെ കാവലാളായി നമ്മോടൊപ്പം അദ്ദേഹം നില്‍ക്കുന്നു. ന്യായാധിപനെന്ന നിലയില്‍ അദ്ദേഹത്തിന്റെ വിധിന്യായങ്ങള്‍ ലോകശ്രദ്ധ പിടിച്ചുപറ്റി. സാമൂഹികപ്രശ്‌നങ്ങളില്‍ പൊതുതാത്പര്യ ഹര്‍ജികളിലൂടെയുള്ള ഇടപെടലായിരുന്നു ജഡ്ജി എന്ന നിലയില്‍ അദ്ദേഹത്തിന്റെ സവിശേഷത. വിഷമമനുഭവിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ക്ക് നിയമത്തിന്റെ വഴി അദ്ദേഹം വെട്ടിത്തുറന്നു. കീഴ്‌വഴക്കങ്ങളില്‍ നിന്നു മാറിച്ചിന്തിക്കുന്ന വിധിന്യായങ്ങളുമായി അദ്ദേഹം ഇംഗ്ലണ്ടിലെ വിഖ്യാത ന്യായാധിപനായ ലോഡ് ഡെന്നിങ്ങിനും അമേരിക്കയിലെ ചീഫ് ജസ്റ്റിസ് ആയിരുന്ന ഏള്‍ വാറനും ഒപ്പം നില്‍ക്കുന്നു. ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പു കേസില്‍ അദ്ദേഹത്തിന്റെ വിധിയെഴുത്ത് ജുഡീഷ്യറിയുടെ സ്വതന്ത്രസ്വഭാവത്തിന്റെ നാഴികക്കല്ലായി. നൂറാം വയസ്സിലേക്ക് കടക്കവേ കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞു: 'ഇനിയുമേറെ ചെയ്യാനുണ്ട്, എഴുതാനുണ്ട്'. നീതിബോധത്തിന്റെ വെളിച്ചം അണയാതെ സൂക്ഷിക്കുന്ന ഈ ദീപസ്തംഭം എന്നും മലയാളിയുടെ അഭിമാനമാണ്.

1915ല്‍ പാലക്കാട്ട് ശേഖരീപുരത്ത് വൈദ്യനാഥപുരം ഗ്രാമത്തിലെ രാമയ്യരുടെ മകനായി ജനിച്ച വി.ആര്‍.കൃഷ്ണയ്യര്‍ക്ക് നീതിയുടെ വെളിച്ചം പകര്‍ന്നു നല്‍കിയത് അച്ഛനമ്മമാരാണ്. സിവില്‍, ക്രിമിനല്‍ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച അഭിഭാഷകനായിരിക്കേയാണ് 1952ല്‍ മദിരാശി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സാമാജികനെന്ന നിലയില്‍ ആ അനുഭവം 1957ല്‍ കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ മന്ത്രിയായപ്പോള്‍ ഏറെ ഗുണം ചെയ്തു. ജയില്‍ പരിഷ്‌കരണ നിയമം അദ്ദേഹത്തില്‍ നിന്ന് നാടിന് ലഭിച്ച മികച്ച നേട്ടമാണ്. രണ്ടര വര്‍ഷം മാത്രമേ മന്ത്രിയായിരുന്നുള്ളൂ എങ്കിലും ജയില്‍, നിയമം, ജലസേചനം തുടങ്ങി കൈകാര്യം ചെയ്ത ഏഴ് വകുപ്പുകളില്‍ അദ്ദേഹം സമഗ്രമാറ്റങ്ങള്‍ക്ക് വഴിതെളിച്ചു. 1968ല്‍ ന്യായാധിപനായി നിയമിതനായ കൃഷ്ണയ്യര്‍ നീതിനിര്‍വഹണത്തില്‍ പുതിയ അധ്യായം തുറക്കുകയായിരുന്നു. തിഹാര്‍ ജയിലിലെ തടവുകാരന്‍ പീഡനത്തെക്കുറിച്ചെഴുതിയ കത്ത് പൊതുതാത്പര്യ ഹര്‍ജിയായി സ്വീകരിച്ച് സാധാരണക്കാര്‍ക്ക് നീതിയുടെ വാതില്‍ തുറന്നുനല്‍കി. ഭരണഘടനയും നിയമവും ജനങ്ങള്‍ക്കു വേണ്ടി നിലകൊള്ളേണ്ടത് എങ്ങനെ എന്ന വ്യാഖ്യാനങ്ങള്‍ അദ്ദേഹത്തെ വ്യത്യസ്തനാക്കി. കസ്റ്റഡിയിലുള്ള പ്രതിക്ക് സര്‍ക്കാര്‍ സൗജന്യനിയമസഹായം നല്‍കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിചാരണത്തടവുകാരുടെ ജാമ്യം, കുറ്റവാളിയെ ജയില്‍വാസത്തിനിടെ നല്ലവനാക്കാനുള്ള നിര്‍ദേശങ്ങള്‍ എന്നിവയിലൂടെ, ആരും വാദിക്കാനില്ലാത്ത തടവുകാര്‍ക്കുവേണ്ടി അദ്ദേഹം നിലകൊണ്ടു. വധശിക്ഷ അപൂര്‍വമായി മാത്രമേ നല്‍കാവൂ എന്ന അദ്ദേഹത്തിന്റെ വിധിന്യായം ലോകശ്രദ്ധ നേടി. അഹിംസയുടെ പാഠമോതിയ ബുദ്ധന്റെയും ഗാന്ധിജിയുടെയും നാട്ടില്‍ വധശിക്ഷ സ്വീകാര്യമാകുന്നതെങ്ങനെയെന്നായിരുന്നു അദ്ദേഹം ചോദിച്ചത്.

ന്യായാധിപനായി വിരമിച്ച ശേഷം സര്‍ക്കാറില്‍ പദവികളൊന്നും ഏറ്റെടുക്കാതെ സാധാരണക്കാര്‍ക്കൊപ്പം നിന്ന് അനീതിക്കെതിരായ പോരാട്ടം അദ്ദേഹം 34 വര്‍ഷമായി തുടരുന്നു. ഒപ്പം ലേഖനങ്ങളിലൂടെയും ഗ്രന്ഥരചനയിലൂടെയും പ്രസംഗങ്ങളിലൂടെയും ജനങ്ങളെ ചിന്തിപ്പിക്കുകയും ചെയ്തു. മനുഷ്യാവകാശത്തെക്കുറിച്ച് കൃഷ്ണയ്യര്‍ എഴുതിയ പുസ്തകത്തെ അഭിനന്ദിച്ച് ലോഡ് ഡെന്നിങ്ങ് വരെ കത്തെഴുതി. കാലാനുസൃതമായ നിയമ നിര്‍മാണത്തിനായി ദേശീയ, സംസ്ഥാന നിയമ കമ്മീഷനുകളിലെ പ്രവര്‍ത്തനവും ശ്രദ്ധേയമാണ്. സ്ത്രീകളും കുട്ടികളും കീഴാളവിഭാഗവും തൊഴിലാളികളും തടവുകാരുമൊക്കെ നേരിടുന്ന സാമൂഹിക പ്രശ്‌നങ്ങള്‍ എന്നും കൃഷ്ണയ്യരുടെ മനസ്സില്‍ കനലായെരിഞ്ഞു. ആ ഉലയിലെ ചൂടില്‍ ശുദ്ധീകരിക്കപ്പെട്ടതാണ് അദ്ദേഹത്തിന്റെ വിധിന്യായങ്ങളും വേറിട്ട ചിന്തകളും. മൂര്‍ച്ചയേറിയ അഭിപ്രായങ്ങള്‍ നിര്‍ഭയം പറയുകയും പ്രവൃത്തി പഥത്തില്‍ കൊണ്ടുവരികയും ചെയ്ത അദ്ദേഹം ഒരു നൂറ്റാണ്ട് നീണ്ട ജീവിതത്തിലൂടെ നാടിന് നല്‍കിയ സംഭാവന നിസ്തുലമാണ്. ഗാന്ധിയന്‍ ലാളിത്യത്തി ലൂന്നിയ തെളിവാര്‍ന്ന ആ ചിന്തയും, കര്‍മകുശലതയും ഇനിയും ഏറെ നാള്‍ നമ്മോടൊപ്പം ഉണ്ടാകട്ടെ.



gallery krishna iyer

 

ga