കൃഷ്ണയ്യര്‍ ദി ഗ്രേറ്റ്‌

എം.കെ.സാനു Posted on: 13 Nov 2014


മലയാളിയുടെ സ്വകാര്യ അഭിമാനമായ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ നൂറാം പിറന്നാളാണിന്ന്. തുലാമാസത്തിലെ പൂയംനാളിലാണ് വൈദ്യനാഥപുരം രാമയ്യര്‍ കൃഷ്ണയ്യര്‍ എന്ന വി.ആര്‍. കൃഷ്ണയ്യരുടെ പിറവി. ഇംഗ്ലൂഷ് കാലഗണന പ്രകാരം 1915 നവംബര്‍ 15 ആണ് ജന്മദിനം. അഭിഭാഷകന്‍, ജനപ്രതിനിധി, മന്ത്രി, ന്യായാധിപന്‍, ഗ്രന്ഥകാരന്‍, വാഗ്മി, സാമൂഹിക പ്രവര്‍ത്തകന്‍... വിശേഷണങ്ങളെത്ര ചേര്‍ന്നാലും മതിയാകില്ല കൃഷ്ണയ്യര്‍ക്ക്. നൂറാം വയസ്സിലും സമൂഹത്തെക്കുറിച്ച് ജാഗ്രതയോടെ ചിന്തിക്കുന്ന മനസ്സ്. അനീതികളെ തുറന്നെതിര്‍ക്കാനുള്ള ചങ്കുറപ്പ്, അതോടൊപ്പം അലിവാര്‍ന്നൊരു ഹൃദയവും ചേരുമ്പോള്‍ കൃഷ്ണയ്യരായി. സത്യങ്ങള്‍ പറയാനുള്ളതാണെന്നും ചോദ്യങ്ങള്‍ ചോദിക്കാനുള്ളതാണെന്നും ചൂണ്ടുവിരല്‍ ചൂണ്ടാനുള്ളതാണെന്നും ആ മഹാജീവിതം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
ജവഹര്‍ലാല്‍ നെഹ്റുവിന് ഏറെ പ്രിയപ്പെട്ട റോബര്‍ട്ട് ഫ്രോസ്റ്റിന്റെ വരികള്‍ കൃഷ്ണയ്യര്‍ക്കും
ഏറെ പ്രിയമാണ്.
The woods are lovely
dark and deep, but I have
promises to keep and
miles to go before I sleep

അതെ... ഒരു നൂറ്റാണ്ടിന്റെ ചരിത്രവും അനുഭവങ്ങളും ഓര്‍മ്മകളും തിരിച്ചറിവുകളുമൊക്കെ ചേര്‍ന്ന ഈ മഹാപുരുഷന്‍ നമ്മോടു പറയുന്നതും അതു തന്നെ - നിദ്ര പുല്‍കുംമുമ്പ് ഇനിയും അനേക കാതങ്ങള്‍ താണ്ടണം, വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കണം.

അലിവു നിറഞ്ഞ മനസ്സിന്റെ ഉടമ

(സായാഹ്ന യാത്രകളില്‍ ഒപ്പമുള്ള ദീര്‍ഘകാല സുഹൃത്തും, എഴുത്തുകാരനുമായ എം.കെ.സാനു എഴുതുന്നു)
കൃഷ്ണയ്യരെ പരിചയപ്പെടുന്നത് 1958 ല്‍ അദ്ദേഹം മന്ത്രിയായിരുന്ന കാലത്താണ്. ഒരു പ്രസംഗവേദിയില്‍ എനിക്കു മുമ്പു സംസാരിച്ച കൃഷ്ണയ്യരുടെ നിലപാടുകളെ വിമര്‍ശിച്ചാണ് ഞാന്‍ സംസാരിച്ചത്. പിന്നീട് ചെങ്ങന്നൂരില്‍ ഒരു വേദിയില്‍ ഞാന്‍ വധശിക്ഷയ്‌ക്കെതിരെ സംസാരിച്ചത് അദ്ദേഹത്തിന് ഇഷ്ടമായി. സൗഹൃദം ദൃഢമാകുന്നത് അദ്ദേഹം എറണാകുളത്ത് എത്തിയപ്പോഴാണ്.

ചെറിയ കാര്യങ്ങളിലും ചെറിയവരുടെ കാര്യങ്ങളിലും അദ്ദേഹം കാട്ടുന്ന വലിയ താല്പര്യം എന്നെ സ്പര്‍ശിച്ചിട്ടുണ്ട്. ഇരുപതു വര്‍ഷത്തോളം മുമ്പാണ്, പള്ളുരുത്തി അഗതി മന്ദിരത്തില്‍ ഒരു പെണ്‍കുട്ടി വന്നുപെട്ടു. 12 വയസ്സു തോന്നിക്കുന്ന അവളുടെ ദീനമായ മുഖം ആരുടെയും മനസ്സിനെ സ്പര്‍ശിക്കും. പക്ഷേ, അവളുടെ ഭാഷ ആര്‍ക്കും മനസ്സിലാകുന്നില്ല. ചിലര്‍ ഇക്കാര്യം എന്നെ അറിയിച്ചു. ആ കുഞ്ഞിന്റെ സങ്കടം കലര്‍ന്ന മുഖം കണ്ട് എനിക്കും നൊമ്പരമായി. - ഞാന്‍ കൃഷ്ണയ്യരോട് കാര്യം പറഞ്ഞു.

പിന്നെ കാര്യങ്ങള്‍ പെട്ടെന്നാണ് നടന്നത്. അദ്ദേഹം നേവിയില്‍ വിളിച്ച് വിവിധ ഭാഷകള്‍ സംസാരിക്കുന്ന ഒരു സംഘത്തെ പള്ളുരുത്തിക്കയച്ചു. സംസാരിച്ചപ്പോള്‍ പഞ്ചാബി പെണ്‍കുട്ടിയാണെന്നു മനസ്സിലായി. തീവണ്ടിയില്‍ വെച്ച് ഉറ്റവരെ പിരിഞ്ഞതാണ്. കൃഷ്ണയ്യര്‍ പഞ്ചാബിലെ ചീഫ് ജസ്റ്റിസിനെയും മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനെയും ബന്ധപ്പെട്ടു. മാതാപിതാക്കളെ കണ്ടെത്തി. ആ കുട്ടിയെ അവരുടെ പക്കല്‍ ഏല്പിച്ചപ്പോഴാണ് കൃഷ്ണയ്യര്‍ക്ക് സമാധാനമായത്.

മറ്റൊരു സംഭവം ഓര്‍ക്കുന്നത് പത്തനംതിട്ട ജില്ലയിലെ മലയോര ഭാഗത്തെ ഒരു പെണ്‍കുട്ടിയെക്കുറിച്ചാണ്. അവളെ ഭര്‍ത്താവ് നിരന്തരം തല്ലുന്നു. പോലീസില്‍ പരാതിപ്പെട്ടിട്ടും നടപടിയില്ല. അവളുടെ അമ്മ ശാരദ എന്റെ പക്കല്‍ പരാതിയുമായി വന്നു. ഞാനെന്തു ചെയ്യാന്‍? കൃഷ്ണയ്യരോടു പറഞ്ഞു. അപ്പോള്‍ത്തന്നെ അവരുടെ പോലീസ് സ്റ്റേഷന്റെ നമ്പരും എസ്ഐയുടെ പേരും വാങ്ങി. ഫോണെടുത്ത് ഒരു വിളിയാണ്. 'ഞാന്‍ കൃഷ്ണയ്യരാണ്, ഒരു പഴയ പോലീസ് മന്ത്രി.' എന്തായാലും കൃഷ്ണയ്യര്‍ പറഞ്ഞതോടെ നടപടിയായി. പിന്നെ കെട്ടിയോന്‍ അവരെ ഉപദ്രവിച്ചിട്ടില്ല.

മറ്റൊരിക്കല്‍ ഒരു സ്ത്രീ കാന്‍സര്‍ ബാധിച്ച ഭര്‍ത്താവും പറക്കമുറ്റാത്ത രണ്ട് മക്കളുമായി കൃഷ്ണയ്യരെ കാണാനെത്തി. കൃഷ്ണയ്യര്‍ നേതൃത്വം നല്‍കുന്ന കാന്‍സര്‍ സര്‍വീസ് സൊസൈറ്റിയില്‍ നിന്നും സഹായം കിട്ടുമോ എന്നറിയാന്‍ വന്നതാണ്. 10,000 രൂപ രണ്ട് ഗഡുവായാണ് സൊസൈറ്റി നല്‍കുന്നത്. എന്നാല്‍ അവരുടെ ദൈന്യത കണ്ട് കൃഷ്ണയ്യര്‍ പറഞ്ഞു - ഇവര്‍ക്ക് 20,000 രൂപ കൊടുത്തേക്കൂ. ഒരുമിച്ച് ഇപ്പോള്‍ തന്നെ...' ഇതു പറഞ്ഞ് അദ്ദേഹം പൈട്ടന്ന് അകത്തേക്ക് പോയി. പിന്നാലെ ചെന്ന ഞാന്‍ കണ്ടത്, രണ്ട് കണ്ണും നിറഞ്ഞു നില്‍ക്കുന്ന കൃഷ്ണയ്യരെയാണ്.

ഇപ്പോഴും ഞങ്ങള്‍ ആത്മമിത്രങ്ങളാണ്. കഴിഞ്ഞ ദിവസം ആസ്പത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തു വന്നപ്പോള്‍ കാണാന്‍ ചെന്നു. കണ്ടയുടനെ ഒരു കൊച്ചു കുട്ടിയെപ്പോലെ കരഞ്ഞു. പിന്നെ എനിക്ക്, ഡോ. സി.കെ. രാമചന്ദ്രനുമൊപ്പം പതിവുപോലെ നടക്കാനിറങ്ങണമെന്നായി. ഡോക്ടര്‍ വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുന്നതിനാല്‍ ഞങ്ങള്‍ പ്രോത്സാഹിപ്പിച്ചില്ല. പിറന്നാള്‍ ആഘോഷമൊക്കെ കഴിഞ്ഞ് നടപ്പ് പുനരാരംഭിക്കാമെന്ന ഉറപ്പിലാണ് കൃഷ്ണയ്യര്‍ തെളിഞ്ഞത്.



gallery krishna iyer

 

ga