ജസ്റ്റിസ് കൃഷ്ണയ്യരെ ഒരു ന്യായാധിപനോ നിയമജ്ഞനോ ആയി മാത്രം കണ്ടാല്‍ മതിയാവുകയില്ല. അദ്ദേഹം ഒരു ഹുമുഖപ്രതിഭയാണ്. ഇന്ത്യയിലെ ജനജീവിതത്തെയാകെ ബാധിച്ച പല വിധിന്യായങ്ങളും അദ്ദേഹം പുറപ്പെടുവിച്ചു. നിയമങ്ങള്‍് തയ്യാറാക്കി. പല നിലകളില്
അദ്ദേഹം ഒരു മാതൃകാ വ്യക്തിത്വമാണ്. തലമുറകളിലേക്കുള്ള ഒരു റോള് മോഡല്‍.
ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യരുമായി എനിക്ക് പ്രത്യേകിച്ചൊരടുപ്പം ഉണ്ടാകുന്നത് 1970കളുടെ തുടക്കത്തിലാണ് . ദരിദ്രജനവിഭാഗങ്ങള്ക്ക് നിയമസഹായം നല്കുന്നതിനായി ഇന്ദിരാഗാന്ധി സര്ക്കാര് രൂപവത്കരിച്ച് ഒരു വിദഗ്ധസമിതിയില് ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യര് അധ്യക്ഷനായിരുന്നു. ഞാന് അതിലെ ഒരംഗവും. അന്നൊക്കെ, ദരിദ്രര്ക്ക് നിയമ സഹായം എന്നാല്, സര്ക്കാര് ചെലവില് ഒരു വക്കീലിനെ കേസ് നടത്താനായി ഏര്പ്പാടാക്കി കൊടുക്കുക എന്നു മാത്രമേ അര്ഥമാക്കിയിരുന്നുള്ളൂ. ആ ധാരണകളെയാകെ മാറ്റിമറിച്ചു ജസ്റ്റീസ് കൃഷ്ണയ്യരുടെ നേതൃത്വത്തില് വന്ന സമിതി. കോടതിക്ക് അകത്തും പുറത്തും സാമൂഹിക നീതി ഉറപ്പു വരുത്തുന്നതിനുള്ള ഒരു സംവിധാനമായി ആ നിയമസഹായത്തെ മാറ്റിയെടുക്കാന് അദ്ദേഹത്തിനു കഴിഞ്ഞു. ഇന്ത്യയുടെ ഭരണഘടനയെക്കുറിച്ച് അദ്ദേഹത്തിനുള്ള കാഴ്ചപ്പാട് ഒന്നു വേറേ ആയിരുന്നു. നീതിയെക്കുറിച്ചും സാമൂഹിക സാമ്പത്തിക രാഷ്ട്രീയ കാര്യങ്ങളെക്കുറിച്ചും ഭരണഘടന പുലര്ത്തുന്ന കാഴ്ചപ്പാടുകള് സാക്ഷാത്കരിക്കാന് കഴിയുന്ന ഭാവനാത്മകമായ വ്യാഖ്യാനങ്ങളാണ് ജസ്റ്റിസ് കൃഷ്ണയ്യര് നടത്തിയിരുന്നത്.
ഉന്നതനീതിപീഠങ്ങളിലെ ന്യായാധിപന് എന്ന നിലയില് അനേക വര്ഷം നീണ്ട മഹിത സേവനങ്ങളിലൂടെ നീതീപാലനരംഗത്ത് ഒരു 'കൃഷ്ണയ്യര് സ്‌കൂളി'നു തന്നെ വഴിയൊരുക്കിയിട്ടുണ്ട് അദ്ദേഹത്തിന്റെ ഇടപെടലുകള്.
തൊഴില് നിയമങ്ങള്, പോലീസിന്റെ അധികാരവുമായി ബന്ധപ്പെട്ട കാര്യങ്ങള്, ജയില് നിയമങ്ങള്, ഭരണഘടനാപരമായ കാര്യനിര്വഹണം, നിയമവാഴ്ച, വൈവാഹിക നിയമങ്ങള് തുടങ്ങി സമസ്ത മേഖലകളിലും.
നീതി നിര്വഹണ രംഗത്ത് ജസ്റ്റിസ് കൃഷ്ണയ്യര് കൊണ്ടു വന്ന വഴക്കങ്ങള്, വിവിധ തലമുറകളിലും വിവിധ മേഖലകളിലുമുള്ള ന്യായാധിപര്ക്ക് സ്വീകരിക്കുകയും പിന്തുടരുകയും ചെയ്യേണ്ടി വരുന്നു.
അദ്ദേഹം തയ്യാറാക്കിയ വിധിന്യായങ്ങളിലെ ദൃഢമായ നിയമയുക്തിയും നീതിയുക്തതയും കൊണ്ടു മാത്രമല്ല അവ മൂല്യമേറിയ വിധിന്യായങ്ങളായി മാറിയത്. മറിച്ച്, തുല്യതയിലും മികച്ച മനുഷ്യബന്ധങ്ങളിലും അവ നല്കിയ ഊന്നല് കൊണ്ടു കൂടിയാണ്. അദ്ദേഹത്തെപ്പോലെ മറ്റൊരു ന്യായാധിപന് എപ്പോഴെങ്കിലും സുപ്രീം കോടതിയില് ഉണ്ടായിട്ടുണ്ടോ എന്ന് സംശയമുണ്ട്.
ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യരെ ഒരു ന്യായാധിപനോ നിയമജ്ഞനോ മാത്രമായി കണ്ടാല് മതിയാവുകയില്ല. അദ്ദേഹം ഒരു ബഹുമുഖപ്രതിഭയാണ്. പല ദളിത് വിഭാഗങ്ങളും അദ്ദേഹത്തെ ഒരു മഹാത്മാവായാണ് കാണുന്നത്. ന്യൂനപക്ഷങ്ങള്ക്കാകട്ടെ, സാമൂഹ്യനീതിക്കു വേണ്ടി കുരിശുയുദ്ധം നടത്തിയ പോരാളിയാണ് അദ്ദേഹം. സ്ത്രീവാദപ്രവര്ത്തകര്ക്കാകട്ടെ അദ്ദേഹം ലിംഗനീതിക്കു വേണ്ടി നിലകൊള്ളുകയും മുന്നിട്ടു പ്രവര്ത്തിക്കുകയും ചെയ്തയാളാണ്. കുട്ടികളെ സംബന്ധിച്ചാണെങ്കില് ബാലനീതി നിയമങ്ങളുടെ ശില്പിയാണ് ജസ്റ്റിസ് കൃഷ്ണയ്യര്. അതേ സമയം അദ്ദേഹം വിനീതനും ഏകാകിയുമായ ഒരു സാധാരണക്കാരനുമാണ്. തന്റെ സഹജീവികള് അനുഭവിക്കുന്ന ദുരിതങ്ങളും ദാരിദ്ര്യവും പങ്കുവെക്കുക കൂടി ചെയ്യുന്ന ഒരാള്. മൂല്യങ്ങളില് അദ്ദേഹം ഒരു ഗാന്ധിയനാണ്. രാഷ്ട്രീയ ധാരണകളിലാകട്ടെ തികഞ്ഞ സോഷ്യലിസ്റ്റും. പൊതു ജീവിതത്തില് മാനവികവാദി. പരിഷ്‌കരണപ്രവര്ത്തനങ്ങളില് ഇടപെടുമ്പോഴാകട്ടെ ജസ്റ്റിസ് കൃഷ്ണയ്യര് ഒരു വിഗ്രഹഭഞ്ജകനാണ്.
കര്മരംഗത്ത് അദ്ദേഹം ദേശീയ തലത്തിലേക്ക് കടന്നെത്തിയത് വൈകി മാത്രമായിരുന്നു. അല്ലെങ്കില്, നമ്മുടെ ഭരണഘടന ലക്ഷ്യം വെക്കുന്ന സാമൂഹ്യ സാമ്പത്തിക പരിണതികള് സാക്ഷാത്കരിക്കുന്നതില് കൂടുതല് പങ്കുവഹിക്കാന് അദ്ദേഹത്തിനു കഴിയുമായിരുന്നു.
സാമൂഹ്യ മാറ്റങ്ങള്ക്കായുള്ള അദ്ദേഹത്തിന്റെ അജണ്ട ഇനിയും പൂര്ത്തിയായിട്ടില്ല. അഭിഭാഷകനും ന്യായാധിപനും ജനപ്രതിനിധിയും മന്ത്രിയും സാമൂഹ്യപ്രവര്ത്തകനും നിയമപരിഷ്‌കര്കത്താവുമൊക്കെയായി പ്രവര്ത്തിക്കുന്ന വേളയില് അദ്ദേഹം തയ്യാറാക്കിയ നിരവധി ഗ്രന്ഥങ്ങളിലും റിപ്പോര്ട്ടുകളിലും ലേഖനങ്ങളിലും ഒക്കെയായി അവ അതിവിപുലമായി കിടക്കുകയാണ്.
അഭിഭാഷകരും ന്യായാധിപരും എന്നെപ്പോലുള്ള നിയമാധ്യാപകരും ഉള്‌പ്പെടെ ഉള്ള വലിയൊരു വിഭാഗം പേര്ക്ക് പല നിലകളില് അദ്ദേഹം ഒരു മാതൃകാ വ്യക്തിത്വമാണ്. തലമുറകളിലേക്കുള്ള ഒരു റോള് മോഡല്. അദ്ദേഹം ഒരുക്കിയ പാതയിലൂടെ മുന്നേറാനും കര്മ നിരതരാകാനും പ്രചോദനമേകുന്ന വ്യക്തിത്വം. എന്റെ അഭിപ്രായത്തില്, ജസ്റ്റിസ് കൃഷ്ണയ്യര് നമ്മുടെ രാഷ്്ട്രത്തിനും മനുഷ്യനന്മയ്ക്കുമായി നല്കിയ മഹദ് സംഭാവനകള്ക്കുള്ള വലിയ സാക്ഷ്യം ഇതാണ്. രാജ്യമെമ്പാടുമുള്ള ആയിരക്കണക്കിന് അനുയായികളും ആരാധകരും അദ്ദേഹത്തിന്റെ ജന്മശതാബ്ദി ആഘോഷിക്കുന്ന ഈ വേളയില് എന്റെ വിനയാന്വിതമായ സ്‌നേഹാദരങ്ങള് അര്പ്പിക്കുകയാണ്. ഈ രാജ്യത്തിനും ഇവിടത്തെ ജനങ്ങള്ക്കും അദ്ദേഹത്തിന്റെ മഹിത സേവനങ്ങള് ഇനിയും അനവധികാലം തുടര്ന്നു ലഭിക്കാന് ഇടയാകട്ടെ എന്ന് പ്രാര്ഥിക്കുകയും ചെയ്യുന്നു.
(നാഷനല് ലോ സ്‌കൂള് ഓഫ് ഇന്ത്യാ യൂണിവേഴ്‌സിറ്റി െബംഗളൂരു, നാഷനല് യൂണിവേഴ്‌സിറ്റി ഓഫ് ജുറിഡിക്കല് സയന്‌സസ് കൊല്ക്കത്ത എന്നിവിടങ്ങളില് വൈസ് ചാന്‌സലറും ഭോപാലിലെ നാഷനല് ജുഡീഷ്യല് അക്കാദമി ഡയറക്ടറും ആയിരുന്ന പ്രൊഫ. എന്.ആര്.മാധവമേനോന് ഇപ്പോള് ഛത്തീസ്ഗഢിലെ ഗുരു ഘസിദാസ് കേന്ദ്ര സര്‍വകലാശാലാ ചാന്‌സലറുമാണ്).