നീതിസൂര്യന് 100

ജിജോ സിറിയക്ക്‌ Posted on: 13 Nov 2014

സദ്ഗമയ എന്നാണ് ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരുടെ വാസഗൃഹത്തിനു പേര്. ഒരു നൂറ്റാണ്ടളവില്‍ അദ്ദേഹം നമ്മുടെ പൊതുസമൂഹത്തിന് ജപിച്ചുതന്ന മന്ത്രവും അതു തന്നെ. സത്യത്തിലേക്കുള്ള ഉപനയിക്കലില്‍ നീതിയുടെയും ന്യായത്തിന്റെയും മാലാഖമാര്‍ ഇദ്ദേഹത്തിന്റെ ഇടത്തും വലത്തും നിന്നു. ഇംഗ്ലീഷ് ജനനത്തീയതി പ്രകാരം ഈ വരുന്ന നവംബര്‍ 15ന് (തുലാമാസത്തിലെ പൂയം) നീതിയുടെ ഈ നിറവെളിച്ചം നൂറാം വയസ്സിലേക്ക് പ്രവേശിക്കുകയാണ്.

കണ്ണിന് ലേശം കാഴ്ചക്കുറവുണ്ട്; കാതിന് കേള്‍വിക്കുറവും. പിന്നെ ശരീരത്തിന് പഴയ ബലമില്ല... എല്ലാം ഒന്ന് ശരിയാക്കിയെടുക്കണം. ഒരു നവജീവന്‍ വേണം, ഇനിയും ഒത്തിരിക്കാര്യങ്ങള്‍ ചെയ്യുവാനുണ്ട്.'പറയുന്നത് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍. വരുന്ന നവംബര്‍ 15ന് നൂറാംവയസ്സിലേക്ക് പദമൂന്നുകയാണ് ഭാരതത്തിന്റെ ഈ നീതിസൂര്യന്‍. എറണാകുളം എം.ജി. റോഡില്‍ കെ.പി.സി.സി. ജങ്ഷനുസമീപത്തെ 'സദ്ഗമയ'യില്‍ പ്രസന്നതയുടെ വിദ്യുത്പ്രസരണമായി കൃഷ്ണയ്യര്‍ സ്വാമി ഇരിക്കുന്നു. പ്രായത്തിന്റെ അവശതകളെ ജീവിതചിട്ടകള്‍ക്കൊണ്ട് അദ്ദേഹം ദൂരേക്ക് നീക്കിനിര്‍ത്തുന്നു. വായന, എഴുത്ത്, നാളേക്കുള്ള പ്രസംഗങ്ങളുടെ മുന്നൊരുക്കങ്ങള്‍... സ്വാമി ഇന്നും തിരക്കിലാണ്.

അദ്ദേഹത്തിന്റെ വീട്ടിലേക്ക് പ്രവേശിക്കുമ്പോള്‍ സ്വാഗതം ചെയ്യുക ഏഴുകുതിരകളെ പൂട്ടിയ രഥത്തിലെഴുന്നള്ളുന്ന സൂര്യദേവന്റെ പെയിന്റിങ്ങാണ്. അതിനുതാഴെയുള്ള കുറിപ്പ് ഇപ്രകാരം: 'അസതോമാ സദ്ഗമയ, തമസോമാ ജ്യോതിര്‍ഗമയ' 99 വര്‍ഷം പിന്നിടുന്ന നീതിയുടെ മഹാപുരുഷന്റെ ജീവിതസാരം ഈ ആര്‍ഷസൂക്തത്തിലുണ്ട്.

ശുഭ്രമായ വസ്ത്രത്തിനൊപ്പം ശുഭ്രതയേറിയ മനസ്സും ചേര്‍ന്നാല്‍ കൃഷ്ണയ്യരായി. കട്ടിക്കണ്ണടയും പവര്‍കൂടിയ ലെന്‍സുകളും ലേശം ഗൗരവം പകരുന്നുണ്ടെങ്കിലും മുഖത്ത് മാറിമറിയുന്നത് ശിശുസഹജമായ നിഷ്‌കളങ്കത തന്നെ. സംസാരിച്ച് തുടങ്ങിയാലോ, ആവേശത്തിന്റെ കുത്തൊഴുക്കില്‍ അദ്ദേഹം സ്വയം മറക്കും. ഇനിയുമേറെ പറയാനും കുറിക്കാനും ചെയ്യാനുമുള്ളതാണ് തന്റെ ജീവിതമെന്ന് ഓരോ ചലനത്തിലൂടെയും അദ്ദേഹം നമ്മെ ബോദ്ധ്യപ്പെടുത്തും.

പിന്‍തിരിഞ്ഞ് നോക്കാന്‍ സമയമില്ലെന്നാണ് കൃഷ്ണയ്യരുടെ പ്രമാണം. അവതാരപുരുഷനായ കൃഷ്ണനെപ്പോലെ സംഘര്‍ഷകലുഷിതമായ ലോകത്തിനുമുന്നില്‍ നീതിയുടെ ഗീതാസാരം ചൊല്ലേണ്ട കാലമാണിത്. പക്ഷേ, ഒരു തേരാളിമാത്രമാകാന്‍ ഈ കൃഷ്ണനു കഴിയില്ല. അനീതിയും നെറികേടും അകം പുകയ്ക്കുമ്പോള്‍ നിശിതവിമര്‍ശനത്തിന്റെ ഖഡ്ഗവുമായി സ്വാമി അവതരിക്കും. മൂലമ്പിള്ളിയില്‍ വികസനത്തിന്റെ ഇരകളായി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് സാന്ത്വനമേകാന്‍ ഇദ്ദേഹമുണ്ടായി. അടുത്തയിടെ ലീബ എന്ന യുവതി പോലീസ് പീഡനത്തിനിരയായി എറണാകുളം ജനറാലാസ്പത്രിയില്‍ കിടന്നപ്പോഴും അവശതകള്‍ മറന്ന് ഇദ്ദേഹമെത്തി. കടുത്തഭാഷയില്‍ പോലീസിനെ വിമര്‍ശിക്കാനും അധികാരികളെ ശാസിക്കാനുമുള്ള ചെറുപ്പം ഇദ്ദേഹം പ്രകടിപ്പിച്ചു.

കാമക്രോധലോഭമോഹങ്ങളില്‍ നിന്ന് വിടുതല്‍ നേടിയാല്‍ മാത്രമേ 'അന്യ ജീവനുതകി സ്വജീവിതം ധന്യമാക്കുന്ന'തിന്റെ ആനന്ദം നുകരാനാകൂ എന്നാണ് കൃഷ്ണയ്യരുടെ പ്രമാണം. അധികാരത്തിന്റെയും പദവികളുടെയും ധാരാളിത്തത്തില്‍ സഹജീവികളോടുള്ള കരുതല്‍ കൈമോശം വരരുത്. ആ കരുതലാണ് കമ്യൂണിസ്റ്റായും ഹ്യൂമനിസ്റ്റായും ആത്മീയവാദിയായുമൊക്കെ ഒരേസമയം തന്നെ പരുവപ്പെടുത്തിയതെന്ന് അദ്ദേഹം തിരിച്ചറിയുന്നു.

പാലക്കാട്ടെ ഉള്‍ഗ്രാമത്തില്‍ പട്ടിണിപ്പാവങ്ങള്‍ക്ക് ഭക്ഷണം വിളമ്പി നല്‍കിയിരുന്ന അമ്മയുടെ കാരുണ്യം ജീവിതത്തിലെന്നും വഴിവിളക്കായിരുന്നു. നിയമവഴി അച്ഛനില്‍ നിന്ന് കിട്ടിയതാണ്.

നിയമത്തെ നീതിയോടും നീതിയെ കാരുണ്യത്തോടും കാരുണ്യത്തെ മാനവികതയോടും ചേര്‍ത്തപ്പോഴാണ് കൃഷ്ണയ്യര്‍
വ്യത്യസ്തനായത്. അഭിഭാഷകനായിരുന്നപ്പോഴും 42ാം വയസ്സില്‍ മന്ത്രിയായപ്പോഴും പിന്നീട് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ജഡ്ജിയായിരുന്നപ്പോഴും മനുഷ്യസ്‌നേഹമെന്ന മഹാനിയമം അദ്ദേഹം മുറുകെ പിടിച്ചു. തടവുകാര്‍ മനുഷ്യരാണെന്ന തിരിച്ചറിവ് ജുഡീഷ്യറിക്ക് സമ്മാനിച്ചത് കൃഷ്ണയ്യരാണ്. പൊതുതാത്പര്യ ഹര്‍ജികള്‍ ആശയും പ്രതീക്ഷയും നഷ്ടപ്പെട്ടവന്റെ ആയുധമാക്കിമാറ്റിയതും കൃഷ്ണയ്യര്‍ തന്നെ.

എഴുന്നൂറോളും വിധികളാണ് അദ്ദേഹം പുറപ്പെടുവിച്ചത്. ബുദ്ധികൊണ്ട് നിയമത്തിന്റെ തലനാരിഴ കീറി വ്യാഖ്യാനിക്കുമ്പോള്‍ത്തന്നെ ഹൃദയം കൊണ്ട് അതിലെ മാനവികത തിരിച്ചറിയാനും അദ്ദേഹം മനസ്സിരുത്തി. ആത്മവിശ്വാസത്തിന്റെ തികവില്‍ ലഭിക്കുന്ന തന്റേടം ജീവിതത്തിലെന്ന പോലെ തന്റെ വിധികളിലും കൃഷ്ണയ്യര്‍ എഴുതിച്ചേര്‍ത്തു. ഭാഷയില്‍പ്പോലും ഈ തന്റേടത്തിന്റെ സൗന്ദര്യം അദ്ദേഹം പ്രകടിപ്പിച്ചു. അതാണ് ഇന്ദിരാഗാന്ധിക്കെതിരായ അലഹബാദ് ഹൈക്കോടതിവിധി സ്റ്റേ ചെയ്യാതെ നിയമത്തിന്റെ ഔല്‍കൃഷ്ട്യം കാത്തുസൂക്ഷിക്കാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയത്. പിന്നീട് അടിയന്തരാവസ്ഥയിലേക്ക് രാജ്യത്തെ നയിച്ച വിധിയെക്കുറിച്ച് ചോദിക്കുമ്പോഴും അതൊരു സാധാരണ നിയമ നടപടിയെന്ന മട്ടിലാണ് പ്രതികരണം.
'ഇന്ദിരയാണെന്നെ ജഡ്ജിയായി നിയമിച്ചത്, അതിനുശേഷം ഒരുവര്‍ഷമായപ്പോഴാണ് അവരുടെ താത്പര്യത്തിന്
വിരുദ്ധമായ വിധി പ്രഖ്യാപിച്ചത്. പക്ഷേ, ഒരിക്കല്‍പോലും അവരോ സില്‍ബന്ധികളോ എന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചില്ല. നേതാവെന്ന നിലയില്‍ അവര്‍ കരുത്തയായിരുന്നു.'

1980ല്‍ രത്‌ലം മുനിസിപ്പാലിറ്റിക്കേസില്‍ ഭരണാധികാരികള്‍ക്ക് താക്കീതായ സുപ്രീംകോടതി വിധിയും വിപ്ലവകരമെന്ന് വിശേഷിപ്പിക്കാവുന്നവയാണ്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ നിര്‍ണയിച്ച ആ വിധി ജനവിരുദ്ധ ഭരണകര്‍ത്താക്കള്‍ക്കെതിരെ ഇന്നും എടുത്ത് പ്രയോഗിക്കാവുന്ന ആയുധമാണ്. കൊതുകു നശിപ്പിക്കാനും കാനകള്‍ വൃത്തിയാക്കാനും മാലിന്യം നിര്‍മാര്‍ജനം ചെയ്യാനുമൊക്കെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുന്നോട്ടുവന്നത് ആ വിധിക്ക് ശേഷം.

വീടിന്റെ ഉമ്മറത്തിരുന്ന് ലോകത്തിന്റെ നാഡീസ്പന്ദനങ്ങള്‍ അദ്ദേഹം സൂക്ഷ്മമായി തൊട്ടറിയുന്നു. കാലത്ത് 5.45ന് ഉണര്‍ന്ന് പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞാല്‍ ഒരുകപ്പ് കാപ്പിയുമായി പത്രങ്ങളുടെ തലക്കെട്ടുകളിലൂടെ ഒരോട്ടപ്രദക്ഷിണം. കാഴ്ച കുറവായതിനാല്‍ മാഗ്‌നിഫൈയിങ് ഗ്ലാസ്സുപയോഗിച്ചാണ് വായന. 7.15ന് സമീപത്തുള്ള എറണാകുളത്തപ്പന്റെ സന്നിധിയിലേക്ക്. തൊഴുതുമടങ്ങും വഴി ടി.ഡി.റോഡിനുസമീപത്തെ ഡോ. ഗോപിനാഥന്‍ നായരുടെ പക്കല്‍ പതിവ് ചെക്കപ്പ്. പ്രഷറൊക്കെ നോര്‍മലാണെന്ന് അറിഞ്ഞാല്‍ അന്ന്
ഉന്മേഷം കൂടും. വീട്ടിലെത്തിക്കഴിഞ്ഞാല്‍ ഫിസിയോ തെറാപ്പിസ്റ്റിനൊപ്പം അല്പസമയം. കാലത്ത് ഒന്‍പതിന് ഊണുകഴിക്കും. വെജിറ്റേറിയന്‍ ഭക്ഷണത്തിനൊപ്പം തൈര് നിര്‍ബന്ധം. പുളിയിഞ്ചികൂടിയുണ്ടെങ്കില്‍ കുശാലായി.

തുടര്‍ന്ന് ആരെങ്കിലും പത്രങ്ങള്‍ മുഴുവനും വിശദമായി വായിച്ച് കൊടുക്കും. ലേഖനങ്ങള്‍ ഡിക്‌റ്റേറ്റ് ചെയ്യും. കുറിപ്പുകള്‍ തയ്യാറാക്കും. സഹായിക്കൊപ്പം ഇമെയില്‍ നോക്കി മറുപടി അയക്കും. പുസ്തകങ്ങള്‍ വായിച്ചുകേള്‍ക്കാനും സമയം കണ്ടെത്തും. ഒരുമണിയോടെ ചെറുതായി എന്തെങ്കിലും കഴിച്ച് മയങ്ങാന്‍ കിടക്കും. സന്ദര്‍ശകരുണ്ടെങ്കില്‍ ഇത് വൈകും. 3.15ന് കാപ്പി കുടിക്കും. അന്നത്തെ തപാലുകള്‍ നോക്കി വേണ്ടതിന് മറുപടി എഴുതിപ്പിക്കും. അഞ്ചുമണിയോടെ നടക്കാനിറങ്ങും. രാജേന്ദ്രമൈതാനത്തോ ഗോശ്രീചാത്യാത്ത് പുതിയ റോഡിലോ ദര്‍ബാര്‍ ഹാള്‍ മൈതാനിയിലോ ആണ് നടത്തം. ചിലപ്പോള്‍ വെല്ലിങ്ടണ്‍ ഐലന്‍ഡിലും നടക്കാന്‍ പോവും. പലപ്പോഴും ഒപ്പം സാനുമാഷും ഡോ. സി.കെ. രാമചന്ദ്രനുമുണ്ടാകും. 6.15ഓടെ മടങ്ങിയെത്തുമ്പോള്‍ ക്ഷീണമകറ്റാന്‍ ഒരു കപ്പ് വെജിറ്റബിള്‍ സൂപ്പ്. ഏഴരയ്ക്ക് തക്കാളിച്ചോറോ പുലാവോ. പിന്നെ പിറ്റേന്നത്തെ കാര്യങ്ങള്‍ പ്ലാന്‍ ചെയ്യും. ഒന്‍പതുമണിക്ക് പഴങ്ങളെന്തെങ്കിലും കഴിച്ച് കിടക്കും.

'സദ്ഗമയ' ഇന്ന് കൃഷ്ണയ്യരുടെ വീട് മാത്രമല്ല. പലപ്പോഴും പത്രസമ്മേളന വേദിയായും ബഹുജനപ്രക്ഷോഭങ്ങള്‍ക്ക് നാന്ദികുറിക്കുന്ന ഇടമായുമൊക്കെ അത് മാറുന്നു. രാജ്യാന്തരപ്രമുഖരായ പലരും ഈ അതികായനെ കാണാനെത്തുന്നു. പ്രക്ഷോഭകാരികളും ആത്മീയനേതാക്കളും രാഷ്ട്രീയപ്രവര്‍ത്തകരുമൊക്കെ ഇതുവഴി വന്നുപോകും. അപാരമായ ഓര്‍മശക്തികൊണ്ട് പഴയ കാര്യങ്ങള്‍ വിസ്തരിച്ച് സന്ദര്‍ശകരെ ഇന്നും അദ്ദേഹം അത്ഭുതപ്പെടുത്തും. ആവശ്യം വരുമ്പോള്‍ ഫോണെടുത്ത് തനിക്ക് പറയാനുള്ളത് അദ്ദേഹം പറയും, അപ്പുറത്ത് ചിലപ്പോള്‍ മുഖ്യമന്ത്രിയാകാം, പ്രധാനമന്ത്രിയാകാം, ഉന്നത ന്യായാധിപനാകാം. എന്തായാലും സംസാരിക്കുന്നത് തനിക്കുവേണ്ടിയല്ല, സമൂഹത്തിന്റെ പൊതുനന്മയ്ക്ക്, തീര്‍ച്ച.

നെഹ്രുവും ഇന്ദിരയും ഇ.എം.എസ്സുമടക്കം എത്രയോ മഹദ്വ്യക്തികള്‍ക്കൊപ്പം തലയെടുപ്പോടെനിന്ന് സ്വന്തം നിലപാടുകള്‍ വിശദീകരിച്ച, ഒരുനൂറ്റാണ്ടിന്റെ അനുഭവങ്ങളും ചരിത്രവുമെല്ലാം ജീവിതത്തില്‍ സ്വാംശീകരിച്ച, ലോകപ്രശസ്തരായ അനേകരുടെ ഉറ്റ സുഹൃത്തായ കൃഷ്ണയ്യര്‍ അക്ഷരാര്‍ഥത്തില്‍ ജീവിച്ചിരിക്കുന്ന ഇതിഹാസമാകുന്നു. അമേരിക്കന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന ഏള്‍
വാറനും ലോകപ്രശസ്ത നിയമജ്ഞനായ ഇംഗ്ലണ്ടിലെ ലോര്‍ഡ് ഡെന്നിങ്ങുമൊക്കെ എത്രയോ മുമ്പേ ഇദ്ദേഹത്തിന്റെ
മഹത്ത്വം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.നമ്മുടെ ഭരണഘടനയുടെ ആമുഖത്തില്‍ കുറിക്കപ്പെട്ട വരികള്‍ ഈ ജീവിതത്തിന്റെയും ആമുഖവാക്യമായി പരിണമിക്കുന്നു: സോഷ്യലിസ്റ്റ്, സെക്കുലര്‍, ഡെമോക്രാറ്റിക് റിപ്പബ്‌ളിക്ക്....

എന്താണ് ലോകത്തോട് പറയാനുള്ളത്?, ഇറങ്ങാന്‍ നേരം ചോദിച്ചു. 'ഞങ്ങള്‍ പ്രായം ചെന്നവര്‍ക്ക് അവസരങ്ങള്‍ നിഷേധിക്കരുത്. ടെക്‌നോളജിയുടെ വികാസത്തില്‍ മുതിര്‍ന്ന പൗരന്‍മാരെയും പങ്കാളികളാക്കണം. ഒറ്റപ്പെട്ടുപോകുന്നവരെ പരിപാലിക്കാന്‍ സമൂഹം മുന്നിട്ടിറങ്ങി വയോജന കേന്ദ്രങ്ങള്‍ സ്ഥാപിക്കണം. ഏകാന്തതയില്‍ നിന്നുമുള്ള മോചനമാണ് പ്രായമായവര്‍ ആഗ്രഹിക്കുന്നത്.'
അതെ, മുതിര്‍ന്നവരെ ബഹുമാനിക്കാന്‍, അറിവിനെ ആദരിക്കാന്‍, വെളിച്ചത്തെ നമസ്‌കരിക്കാനുള്ള വൈമുഖ്യമാണ് പുതിയ കാലത്തിന്റെ പ്രധാന പ്രശ്‌നമെന്ന് വിശ്വവന്ദ്യനായ ഒരു മനുഷ്യന്‍ തന്റെ
നൂറാം വയസ്സില്‍ നമ്മെ പേര്‍ത്തും ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്നു.

കൃഷ്ണയ്യര്‍ : ജീവിതരേഖ

വൈദ്യനാഥപുരം രാമയ്യര്‍ കൃഷ്ണയ്യര്‍ എന്ന വി.ആര്‍. കൃഷ്ണയ്യര്‍ 1915 നവംബര്‍ 15ന് പൂയം നാളില്‍ പിറന്നു. പാലക്കാട് വൈദ്യനാഥപുരത്ത് അഭിഭാഷകനായിരുന്ന വി.വി. രാമയ്യരുടെയും നാരായണി അമ്മാളിന്റെയും മകന്‍. പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്ന് ഇന്റര്‍മീഡിയറ്റും അണ്ണാമല യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബി.എ.യും ജയിച്ചു. മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍
നിന്നാണ് നിയമബിരുദം നേടിയത്. 1938 ല്‍ മലബാര്‍, കൂര്‍ഗ് കോടതികളില്‍ അഭിഭാഷകനായി. കര്‍ഷകരെയും തൊഴിലാളികളെയും ചൂഷണമുക്തരാക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കി. കമ്യൂണിസ്റ്റ്കാര്‍ക്ക് നിയമസഹായം നല്‍കിയെന്ന കേസില്‍ 1948 ല്‍ ഒരുമാസത്തോളം ജയിലിലായി.1952 ല്‍ കൂത്തുപറമ്പില്‍ നിന്ന് മദ്രാസ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1957 ല്‍, ഐക്യകേരളത്തില്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ തലശ്ശേരിയില്‍ നിന്ന് ഇടതുസ്വതന്ത്രനായി നിയമസഭയിലെത്തി. ഇ.എം.എസ്.
മന്ത്രിസഭയില്‍ നിയമം, ആഭ്യന്തരം, ജയില്‍, സാമൂഹ്യക്ഷേമം, വൈദ്യുതി, ജലം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തു. വിമോചനസമരത്തെ തുടര്‍ന്ന് മന്ത്രിസഭ പിരിച്ചുവിട്ടപ്പോള്‍ 1959ല്‍ വീണ്ടും അഭിഭാഷകന്റെ
കുപ്പായമിട്ടു.

1968ല്‍ ഹൈക്കോടതി ജഡ്ജിയായി.1970ല്‍ ലോ കമ്മീഷന്‍ ഓഫ് ഇന്ത്യ മെമ്പര്‍. 1973 ല്‍ പാവങ്ങള്‍ക്ക് നിയമസഹായം ലഭ്യമാക്കാനുള്ള രൂപരേഖ തയ്യാറാക്കാനുള്ള കേന്ദ്രസമിതിയുടെ അധ്യക്ഷനും 1973 ജൂലായില്‍ സുപ്രീംകോടതി ജഡ്ജിയുമായി. അദ്ദേഹത്തിന്റെ സുപ്രധാന വിധികള്‍ രാജ്യത്തിന് പുറത്തുപോലും ചര്‍ച്ചയായി. പലതും നിയമപാഠങ്ങളായി. 1980 നവംബര്‍ 14ന് വിരമിച്ചു. 1987ല്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ആര്‍.വെങ്കിട്ടരാമനെതിരെ മത്സരിച്ചു.

എഴുപതിലധികം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഏറെയും നിയമമേഖലയുമായി ബന്ധപ്പെട്ടവ. മൂന്ന് യാത്രാവിവരണങ്ങളും മരണാനന്തരജീവിതത്തെക്കുറിച്ചുള്ള പുസ്തകവും ഇതില്‍ വേറിട്ട് നില്‍ക്കുന്നു. 'വാണ്ടറിങ് ഇന്‍ മെനി വേള്‍ഡ്‌സ്' ആണ് ആത്മകഥ.
1999ല്‍ ലഭിച്ച പത്മവിഭൂഷണടക്കം ഒട്ടേറെ ബഹുമതികള്‍. 'നിയമലോകത്തെ ജീവിക്കുന്ന ഇതിഹാസ'മെന്ന ബഹുമതി നല്‍കി ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സ് ആദരിച്ചു. മൂന്ന് സര്‍വകലാശാലകളുടെ ഡോക്ടറേറ്റടക്കം അസംഖ്യം അംഗീകാരങ്ങളും ഫെലോഷിപ്പുകളും ലഭിച്ചു. സാമൂഹ്യപ്രവര്‍ത്തകയായിരുന്ന ഭാര്യ ശാരദ 1974ല്‍ മരിച്ചു. മൂത്തമകന്‍ രമേശ് യു.എസ്സിലാണ്, ഇളയവന്‍ പരമേശ് ചെന്നൈയിലും.



gallery krishna iyer

 

ga