ശ്രേഷ്ഠജീവിതത്തിന്റെ 100 വര്‍ഷങ്ങള്‍

Posted on: 13 Nov 2014


കൊച്ചി: സദാ കണ്ണുതുറന്ന് പിടിക്കുന്ന ഒരു നിയമപുസ്തകത്തിന്റെ നൂറാമത്തെ താള്‍ മറിയുകയാണ് ഇന്ന്. സത്യത്തിലേക്ക് മാത്രമുള്ള യാത്രയുടെ നിര്‍ണായക നിമിഷം. സാഗരം പുതിയൊരു തിരയായി കരയെ തൊടുന്നപോലെയും ആകാശം മറ്റൊരു നക്ഷത്രത്തെ കൊളുത്തിവെയ്ക്കുന്ന കണക്കെയും ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ എന്ന ശുഭ്രവിസ്മയം വ്യാഴാഴ്ച നൂറാം വയസ്സിലേക്ക് പ്രവേശിക്കുന്നു.
വന്‍മരത്തിന്റെ ശാഖയില്‍ പുതിയൊരു തളിര് നാമ്പിടുന്ന അത്രയും ലളിതവുമാണ് ഈ ചരിത്രമുഹൂര്‍ത്തം. പക്ഷേ നാളെ, തെറ്റുകളെ കഴുകിക്കളയുകയും ശരിയുടെ പ്രകാശം പരത്തുകയും പൊള്ളുന്ന യാഥാര്‍ഥ്യങ്ങള്‍ക്കു മേല്‍ തണല്‍ വിരിക്കുകയും ചെയ്യുകയെന്ന നിയോഗമുണ്ടതിന്. തുലാ മാസത്തിലെ പൂയം എന്ന ജന്മനക്ഷത്രക്കണക്കിലാണ് കൃഷ്ണയ്യര്‍ വ്യാഴാഴ്ച നൂറ്റാണ്ട് താണ്ടുന്നത്. ജനനത്തീയതി അനുസരിച്ച് ഈ മാസം 15നും.

സത്യം എന്ന വാക്കും അതിനു വേണ്ടിയുള്ള പൊരുതലും ജീവിതവ്രതമാക്കിയ ഒരാള്‍ക്കു മുന്നില്‍ കാലവും തോറ്റു മടങ്ങുന്നുവെന്നതിന്റെ അടയാളം കൂടിയാണ് ജസ്റ്റിസ് കൃഷ്ണയ്യര്‍. വെറ്റിലയില്‍ നൂറുതേക്കാന്‍പോലും അശക്തനാകുന്ന പ്രായത്തെ സ്വന്തം സമരവീര്യംകൊണ്ട് നിത്യയൗവനമാക്കി മാറ്റുകയാണ് ഈ മനുഷ്യന്‍. 'സദ്ഗമയ'യില്‍ ഓരോ ദിനവും പുലരുന്നത് ഒരു പുതിയ വെളിച്ചത്തെ സമ്മാനിച്ചുകൊണ്ടാണ്. അവിടെ ഒരിക്കലും സൂര്യന്‍ അസ്തമിക്കാറുമില്ല....

എപ്പോഴും ഉദിച്ചുനില്‍ക്കുന്ന ജ്യോതിസ്സിന്, ന്യായത്തിന്റെ മാത്രം അധിപന്, നീതിസാരത്തിന്... 'മാതൃഭൂമി'യുടെ പിറന്നാള്‍ പ്രണാമം.



gallery krishna iyer

 

ga